അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌തു; പൊലീസ് ഉദ്യോഗസ്ഥനെ എന്‍ ഐ എ അറസ്റ്റ് ചെയ്തു

മുംബയ്: റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിൽ അസി. പൊലീസ് ഇൻസ്‌പെക്ടർ സച്ചിൻ വസെയെ എൻഐഎ അറസ്റ്റ് ചെയ്തു. 12 മണിക്കൂർ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ്.

സച്ചിൻ വസെയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കേസ് ആദ്യം അന്വേഷിച്ചത് സച്ചിൻ വസെയായിരുന്നു. പിന്നീട് ഇയാളെ നീക്കി. അംബാനിയുടെ വീടിന് സമീപം കാറിൽ സ്‌ഫോടക വസ്തു കണ്ടെത്തിയ സംഭവത്തിലെ പങ്കിനെ തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിൻ വസെയെ അറസ്റ്റ് ചെയ്യുന്നതെന്ന് എൻ ഐ എ അറിയിച്ചു.

സച്ചിന്റെ അറസ്റ്റ് ഒഴിവാക്കണമെന്ന ആവശ്യം നേരത്തെ കോടതി തള്ളിയിരുന്നു. തനിക്ക് കേസിൽ പങ്കില്ലെന്നും, കുടുക്കുകയാണെന്നും വസെ ആരോപിച്ചിരുന്നു. കാറിന്റെ ഉടമസ്ഥനായ മാൻസുഖ് ഹിരൺ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. കഴിഞ്ഞ മാസം 25നാണ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടക വസ്‌തുക്കളുമായി സ്‌കോർപിയോ കാർ കണ്ടെത്തിയത്. ഇരുപത് ജലാറ്റിൻ സ്റ്റിക്കുകളാണ് കാറിൽ ഉണ്ടായിരുന്നത്..