ലേഡി സൂപ്പര്‍താരം പാര്‍വ്വതി; പ്രതിഫലം ഒരുകോടി

എന്ന് നിന്റെ മൊയ്തീന്റെയും ചാര്‍ളിയുടെയും ടേക്ക് ഓഫിന്റെയും വിജയത്തോടെ മലയാളത്തിലെ ലേഡി സൂപ്പര്‍താരമായി മാറിയിരിക്കുകയാണ് പാര്‍വ്വതി. മഞ്ജു വാര്യര്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് പാര്‍വ്വതി ഉയര്‍ന്നു വരുന്നത്.

ടേക്ക് ഓഫ് എന്ന ചിത്രവും ഗംഭീര വിജയമായതോടെ പാര്‍വ്വതി തന്റെ പ്രതിഫലം ഉയര്‍ത്തിയതായാണ് വാര്‍ത്തകള്‍. വാര്‍ത്തകള്‍ സത്യമാണെങ്കില്‍ മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടി പാര്‍വ്വതിയാണ്.

മുപ്പത് ലക്ഷം രൂപ മുതല്‍ 35 ലക്ഷം വരെയായിരുന്നു ഇതുവരെ പാര്‍വ്വതിയുടെ പ്രതിഫലം. എന്നാല്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടുന്നതോടെ പാര്‍വ്വതി പ്രതിഫലം ഉയര്‍ത്തുകയായിരുന്നു. ഇപ്പോള്‍ ഒരു കോടി രൂപയാണത്രെ പാര്‍വ്വതിയുടെ പ്രതിഫലം.

50 ലക്ഷം പ്രതിഫലം വാങ്ങുന്ന മഞ്ജു വാര്യരായിരുന്നു ഇതുവരെ മലയാളത്തില്‍ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന നായിക. തമിഴില്‍ രണ്ട് രണ്ടര കോടി വരെ വാങ്ങുന്ന നയന്‍താര പോലും മലയാളത്തില്ഡ മുപ്പത് മുതല്‍ 35 ലക്ഷം വരെ മാത്രമേ പ്രതിഫലം വാങ്ങാറുള്ളൂ. ഇപ്പോള്‍ മലയാളത്തില്‍ ഏറ്റവും മുന്നിലാണ് പാര്‍വ്വതിയുടെ സ്ഥാനം
മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ടേക്ക് ഓഫ് എന്ന ചിത്രത്തിന്റെ ഗംഭീര വിജയമാണത്രെ ഇപ്പോള്‍ പ്രതിഫലം ഉയര്‍ത്താന്‍ പാര്‍വ്വതിയ്ക്ക് പ്രേരണയായത്. പാര്‍വ്വതിയുടെ ഗംഭീര പ്രകടനം തന്നെയാണ് സിനിമയുടെ വിജയത്തിന് പ്രധാന കാരണം.

മലയാളത്തില്‍ നിലവിലുള്ളവരില്‍ ഏറ്റവും താരമൂല്യമുള്ള നടിയാണ് പാര്‍വ്വതി. വളരെ സെലക്ടീവായ പാര്‍വ്വതി ചെയ്യുന്ന സിനിമകളെല്ലാം ഇപ്പോള്‍ വിജയമാണ്. ബാംഗ്ലൂര്‍ ഡെയ്സില്‍ തുടങ്ങി, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളെല്ലാം സാമ്പത്തിക വിജയവും പ്രേക്ഷക പ്രീതിയും നേടി.