രാഷ്ട്രീയക്കാര്‍ മതകാര്യത്തില്‍ ഇടപെടണ്ട: കാന്തപുരം

മതവിധികളില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയേണ്ട കാര്യമില്ലെന്നു കാന്തപുരം എപി അബുബക്കര്‍ മുസല്യാര്‍. മതവിധികളില്‍ തീുരുമാനമെടുക്കേണ്ടതും അഭിപ്രായങ്ങള്‍ പറയേണ്ടതും അതതു മതത്തിലെ പണ്ഡിതരാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ സൗന്ദര്യം പ്രകടമാകുന്നത് ഓരോ മതവിശ്വാസികളും അവരുടെ ആചാരവും മതവിശ്വാസവും കാത്തുസൂക്ഷിക്കുമ്പോഴാണെന്നും അദ്ദേഹം പറഞ്ഞു. അതിനു തടയിടുന്ന നീക്കങ്ങള്‍ ഒരു ഭരണാധികാരികളില്‍ നിന്നും ണ്ടാകാന്‍ പാടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മതവിധികള്‍ ആധുനികമാണോ, യുക്തിസഹമാണോ എന്നൊക്കെ തീരുമാനിക്കേണ്ടത് അതത് മതത്തിലെ പണ്ഡിതരാണ്. ഒരു മതത്തെപ്പറ്റി മറ്റുള്ളവര്‍ അഭിപ്രായം പറയുന്നത് അവരുടെ മതവി്വാസത്തിലേക്കുള്ള കടന്നു കയറ്റമാണ്. രാഷ്ട്രീയക്കാര്‍ സംസാരിക്കേണ്ടതും പ്രവര്‍ത്തിക്കേണ്ടതും രാഷ്ട്രീയമാണ്. രാഷ്ട്രീയക്കാരും ഭരണാധികാരികളും മതത്തില്‍ അഭിപ്രായം പറയാന്‍ പാടില്ല- കാന്തുപുരം പറഞ്ഞു.

രാജ്യത്തിന്റെ ഭരണഘന എല്ലാ പൗരന്‍മാര്‍ക്കും മതങ്ങള്‍ക്കും സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. ഈ സ്വാതന്ത്ര്യത്തില്‍ ആരും കൈയിടരുതെന്നും അദ്ദേഹം പറഞ്ഞു. മതവിധികളെ ഒന്നൊന്നായി ഭേദഗതി ചെയ്യുക വഴി ഏക സിവില്‍കോഡ് അടിച്ചേല്‍പ്പിക്കാനുളള ശ്രമമാണ് ചിലര്‍ നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ശ്രദ്ധേയമാക്കുന്ന ഘടകം നാനാത്വത്തില്‍ ഏകത്വമാണെന്നു കാര്യം ഓര്‍ക്കണമെന്നും കാന്തപുരം പറഞ്ഞു.