സോളാര്‍ പീഡനക്കേസ്: ഉമ്മന്‍ ചാണ്ടിക്കെതിരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

    സോളാര്‍ പീഡനക്കേസില്‍ ഉമ്മന്‍ ചാണ്ടിക്കെതിരെ ഇതുവരെ തെളിവില്ലെന്ന് ക്രൈംബ്രാഞ്ച്. കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് മുന്‍ മുഖ്യമന്ത്രിക്ക് ക്രൈംബ്രാഞ്ച് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 2012 ഓഗസറ്റ് 19ന് ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ ചാണ്ടി പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാല്‍ പരാതിക്കാരി പറയുന്ന സമയത്ത് ഉമ്മന്‍ ചാണ്ടി ക്ലിഫ് ഹൗസില്‍ ഇല്ലായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.

    പരാതി ഉന്നയിക്കുന്ന സ്ത്രീ ആ സമയത്ത് ക്ലിഫ് ഹൗസില്‍ എത്തിയതിന് തെളിവില്ലെന്നും സാക്ഷി മൊഴികളും ഇല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴു വര്‍ഷം പിന്നിട്ട സംഭവമായതിനാല്‍ ഫോണ്‍ കോള്‍ രേഖകള്‍ ലഭിക്കില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു

    2018ലാണ് സോളാര്‍ പീഡന കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. മുന്‍ മുഖ്യമന്ത്രി ആയിരുന്ന ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരെ പ്രതി ചേര്‍ത്തായിരുന്നു അന്വേഷണം. എന്നാല്‍ അന്വേഷണം രണ്ട് വര്‍ഷം പിന്നിട്ടപ്പോള്‍ പരാതിക്കാരിയുടെ തന്നെ ആവശ്യപ്രകാരം സര്‍ക്കാര്‍ കേസ് സിബിഐക്ക് വിട്ടു. ഇതിനിടയിലാണ് ആഭ്യന്തര വകുപ്പ് സെക്രട്ടറി ടി.കെ.ജോസ് കേന്ദ്രസര്‍ക്കാരിന് അയച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തു വന്നത്. ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തലുകള്‍ തന്നെയായിരുന്നു ഈ റിപ്പോര്‍ട്ടിലും ഉള്‍പ്പെട്ടിട്ടുള്ളത്.