തദ്ദേശ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് കെ ടി ജലീൽ

സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അടുത്തമാസം ഒന്നു മുതൽ പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ. ജനന-മരണ-വിവാഹ സർട്ടിഫിക്കറ്റുകളുടെ അപേക്ഷകൾ തീർപ്പാക്കാൻ തിരുവനന്തപുരത്ത് നടന്ന മെഗാ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ മുഴുവൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ഒരേ സമയമാണ് അദാലത്ത് നടക്കുന്നത്. കഴിഞ്ഞ മാർച്ച് 31 വരെ ലഭിച്ച 23309 അപേക്ഷകളിൽ അദാലത്തുകളിൽ തീർപ്പ് കൽപ്പിക്കും. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനം സുഗമമാക്കാനും ജനങ്ങളുടെ പരാതികൾ വേഗം മനസിലാക്കാനുമായി അടുത്തമാസം ഒന്നുമുതൽ മുഴുവൻ സ്ഥാപനങ്ങളിലും പരാതിപ്പെട്ടികൾ സ്ഥാപിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ തിരുവനന്തപുരത്ത് നടന്ന മെഗാ അദാലത്തിൽ പറഞ്ഞു.

സർട്ടിഫിക്കറ്റുകൾ യഥാസമയം ലഭിക്കാതെ പൊതുജനങ്ങൾ ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ഇന്നും നാളെയുമായി മെഗാ അദാലത്ത് സംഘടിപ്പിക്കുന്നത്. തിരുവനന്തപുരം കോർപ്പറേഷനിലെ അദാലത്ത് മേയർ വി.കെ പ്രശാന്ത് ഉദ്ഘാടനം ചെയ്തു.