‘ഇനി പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ല’; മുഖ്യമന്ത്രി മഹാ മനുഷ്യനെന്നും ഇ.പി ജയരാജന്‍

കണ്ണൂര്‍: ഇപ്പോള്‍ മാത്രമല്ല ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഇ പി ജയരാജന്‍. നിലപാട് പാര്‍ട്ടി അംഗീകരിക്കുമെന്നാണ് കരുതുന്നതെന്നും ഇനി പാര്‍ട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും ഇ പി ജയരാജന്‍ കണ്ണൂരില്‍ വച്ച് വ്യക്തമാക്കി. ബുദ്ധിമുട്ട് പാര്‍ട്ടിയെ ബോധ്യപ്പെടുത്തുമെന്ന് പറഞ്ഞ ഇ പി ജയരാജന്‍ ഇത്തവണ മത്സരിക്കാന്‍ പറ്റാത്ത നിരാശയിലാണ് ഈ പറയുന്നതെന്ന് മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചാല്‍ അതില്‍ പരാതിയില്ലെന്നും പറഞ്ഞ് വച്ചു.

ഞാന്‍ ആരെയും ഭയപ്പെടാതെ എന്റെ കാര്യം പറയുകയാണ്, മട്ടന്നൂരും കല്യാശ്ശേരിയിലും മത്സരിക്കണമെന്ന് ആളുകള്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ടേം എംഎല്‍എ ആയി ഒരിക്കല്‍ മന്ത്രി ആയി. ഇനി ഈ രംഗത്ത് ഇല്ല. – ഇ പി ജയരാജന്‍ നിലപാട് വ്യക്തമാക്കി.

മുഖ്യമന്ത്രി പിണറായിയുടെ അടുത്തെത്താനൊന്നും ഞങ്ങള്‍ക്ക് കഴിയില്ലെന്നും അദ്ദേഹം പ്രത്യേക കഴിവും ഊര്‍ജവും ഉള്ള ഒരു മഹാ മനുഷ്യനാണെന്നും  അദ്ദേഹത്തിന് അടുത്തെത്താന്‍ സാധിച്ചാല്‍ ഞാന്‍ പുണ്യവാനായി തീരുമെന്നു അതിന് കഴിയുന്നില്ലല്ലോ എന്നതാണ് ദുഖമെന്നും പറഞ്ഞു.