കുട്ടിക്കാലം അച്ഛന്റെ അവഗണനയും വെറുപ്പും കൊണ്ട് സങ്കടകരമായിരുന്നെന്ന് കെബി ഗണേഷ് കുമാര്‍

ബാലകൃഷ്ണപിള്ളയും ഗണേഷ്‌കുമാറും

തന്റെ കുട്ടിക്കാലം അച്ഛന്റെ അവഗണനയും വെറുപ്പും കൊണ്ട് സങ്കടകരമായിരുന്നെന്ന് മുന്‍ മന്ത്രി കെബി ഗണേഷ് കുമാര്‍. വാഴമുട്ടം എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച കുട്ടികള്‍ക്കു വേണ്ടിയുള്ള അവധിക്കാല ക്യാമ്പ് മാമ്പഴക്കാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.

ബാല്യത്തിലെ വിദ്യാഭ്യാസമാരംഭിക്കുന്നത് വീട്ടില്‍ നിന്നാണ്. അച്ഛന്റെയുമമ്മയുടെയും സ്വാധീനമാണ് പലപ്പോഴും കുട്ടികളുടെ വ്യക്തിത്വം രൂപപ്പെടുത്തുന്നതില്‍ നിര്‍ണ്ണായകമാകുന്നത്. എന്റെ കുട്ടിക്കാലം ദുരിത പൂര്‍ണ്ണമായിരുന്നു.

തന്റെ വീട്ടിലെത്തുന്ന അതിഥികളോടൊക്കെ അച്ഛന്‍ ബാലകൃഷ്ണപിള്ള ഗണേഷ് കഴിവില്ലാത്തവനാണെന്നും ഒന്നിനും കൊള്ളാത്തവനാണെന്നും വിളിച്ചു പറയും. ഐഎഎസുകാരായ മരുമക്കളുടെ പെട്ടിയെടുത്ത് ഭാവിയില്‍ ജീവിക്കേണ്ടി വരുമെന്നു അച്ഛന്‍ പറയും. ഇത്തരം സമീപനം കൊണ്ട് എന്റെ ഉള്ളില്‍ ഒരു തരം വാശി വളര്‍ന്നു. ഇതിനെ അതിജീവിക്കാനായി പിന്നീടുള്ള ശ്രമം.

സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ അച്ഛന്റെ സഹോദരി പുച്ഛിക്കുകയും ആക്ഷേപിക്കുകയുമൊക്കെ ചെയ്തു. ഇതെന്നെ ഏറെ വിഷമിപ്പിച്ചു. സഹോദരിയുടെ പരിഹാസത്തോടൊപ്പം അച്ഛനും ചേര്‍ന്നു
സിനിമാ രംഗത്ത് പ്രശസ്തി നേടിയപ്പോള്‍ കൊച്ചു മക്കളോടൊപ്പം നിന്ന് ഫോട്ടോ എടുക്കാന്‍ അപ്പച്ചി പില്‍ക്കാലത്ത് ആവശ്യപ്പെടുകയുണ്ടായി. രാഷ്ട്രീയത്തിലിറങ്ങി മന്ത്രിയായപ്പോള്‍ പ്രോട്ടോക്കോള്‍ പ്രകാരം ഐഎഎസുകാരായ എന്റെ സഹോദരി ഭര്‍ത്താക്കന്മാരെക്കാള്‍ ഞാന്‍ മുകളിലായി.
അച്ഛന്‍ ബാലകൃഷ്ണപിള്ളയുടെ അവഗണനകളൊന്നൊന്നായി എണ്ണി പറഞ്ഞു ഗണേഷ്‌കുമാര്‍ ഉള്ളിലുള്ള വാശിയും വിദ്വേഷവും ഒട്ടും മറച്ചു വയ്ക്കാന്‍ ശ്രമിച്ചതുമില്ല. സംഘാടകരും ക്യാമ്പംഗങ്ങളും ഈ തുറന്നു പറച്ചില്‍ അത്ഭുതത്തോടെ കേട്ടിരുന്നു.