ഇന്നസെന്റ് എം.പി സത്യഗ്രഹ സമരം നടത്തും; ചാലക്കുടി റെയില്‍വേ വികസനം സാധ്യമാക്കണമെന്ന് ആവശ്യം

തൃശൂര്‍: ഇന്നസെന്റ് എം.പി ചാലക്കുടി റെയില്‍വേ സ്റ്റേഷന് മുന്നില്‍ സത്യഗ്രഹസമരം നടത്തും. മെയ് 13ന് രാവിലെ പത്തുമുതലാണ് സമരം. പാലരുവി എക്സ്പ്രസിന് അങ്കമാലി, ചാലക്കുടി റെയില്‍വെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കുന്നതുള്‍പ്പെടെ ചാലക്കുടി ലോക്സഭാ മണ്ഡലത്തിലെ റെയില്‍വെ വികസന പദ്ധതികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കണമെന്നാണ് ഇന്നസെന്റ് എംപിയുടെ സമരാവശ്യം.

2014 ലോക്സഭാ തെരഞ്ഞെടുപ്പിനു ശേഷം ചാലക്കുടി മണ്ഡലത്തിലെ റെയില്‍വെ വികസനത്തിനായി സമഗ്ര നിര്‍ദ്ദേശം തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിനും റെയില്‍വെ മന്ത്രാലയത്തിനും സമര്‍പ്പിച്ചിരുന്നതാണെന്ന് എംപി പറഞ്ഞു. എന്നാല്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കേണ്ട ആവശ്യങ്ങള്‍ പോലും റെയില്‍വെ അവഗണിക്കുകയാണെന്നും ഈ സാഹചര്യത്തിലാണ് സത്യാഗ്രഹ സമരം നടത്താന്‍ നിര്‍ബന്ധിതനായതെന്നും ഇന്നസെന്റ് പറഞ്ഞു.

പുനലൂരില്‍ നിന്നും പാലക്കാട്ടേക്ക് പുതുതായി സര്‍വ്വീസ് ആരംഭിച്ച പാലരുവി എക്സ്പ്രസിന് മണ്ഡലത്തിലെ ആലുവ, അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി റെയില്‍വെ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുമാസം മുമ്പ് തന്നെ റെയില്‍വെ മന്ത്രിയുമായും ബോര്‍ഡുമായും ചര്‍ച്ച നടത്തിയിരുന്നെങ്കിലും ഷെഡ്യൂള്‍ പ്രഖ്യാപിച്ചപ്പോള്‍ ആലുവയില്‍ മാത്രമാണ് സ്റ്റോപ്പ് അനുവദിച്ചതെന്ന് ഇന്നസെന്റ് പറഞ്ഞു. അടുത്തിടെ സര്‍വ്വീസ് തുടങ്ങിയ രണ്ട് അന്ത്യോദയ ട്രെയിനുകള്‍ക്ക് ആലുവയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ദിര്‍ഘദുര ട്രെയിനുകള്‍ക്കും പാസഞ്ചര്‍ ട്രെയിനുകള്‍ക്കും സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും പരിഗണിക്കപ്പെടുന്നില്ല. ധന്‍ബാദ്-ആലപ്പി, നേത്രാവതി, ജനശതാബ്ദി, വേണാട് എക്സ്പ്രസ്സ്, കണ്ണൂര്‍-ആലപ്പുഴ, തിരുവനന്തപുരം എക്സ്പ്രസ്സ്, ജനശതാബ്ദി ട്രെയിനുകള്‍ക്ക് മണ്ഡലത്തിലെ വിവിധ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു വരികയാണ്. എറണാകുളം ആലുവ ഡമു ചാലക്കുടിയിലേക്ക് നീട്ടേണ്ടതും അത്യാവശ്യമാണ്. ഈ ആവശ്യങ്ങള്‍ നടപ്പാക്കുന്നതില്‍ റെയില്‍വെ അലംഭാവമാണ് പുലര്‍ത്തുന്നതെന്ന് എംപി അഭിപ്രായപ്പെട്ടു.

മണ്ഡലത്തിലെ റെയില്‍വെ സ്റ്റേഷനുകളുടെ ആധുനീകരണവും വികസനവും സാധ്യമാക്കുന്നതിന് അടിയന്തിര നടപടി വേണമെന്നും ഇന്നസെന്റ് ആവശ്യപ്പെട്ടു. ആലുവ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക, സ്റ്റേഷന് രണ്ടാം കവാടം തുറക്കുക, പാര്‍ക്കിംഗ് സൗകര്യങ്ങള്‍ വികസിപ്പിക്കുക, അങ്കമാലി, കൊരട്ടി അങ്ങാടി, ചാലക്കുടി എന്നീ സ്റ്റേഷനുകളിലെ സൗകര്യങ്ങളും മെച്ചപ്പെടുത്തുക എന്നീ ആവശ്യങ്ങളും ഇന്നസെന്റ് ഉന്നയിച്ചിട്ടുണ്ട്. കേന്ദ്ര റെയില്‍വെ മന്ത്രി, റെയില്‍വെ ബോര്‍ഡ് എന്നീ തലങ്ങളില്‍ പല വട്ടം ഈ ആവശ്യങ്ങള്‍ക്കായി ചര്‍ച്ച നടത്തിയെങ്കിലും ഇവ നടപ്പാക്കുന്നതില്‍ റെയില്‍വെ മന്ത്രാലയം അലംഭാവം പുലര്‍ത്തുകയാണെന്ന് ഇന്നസെന്റ് ആരോപിച്ചു.