സംസ്ഥാന പോലീസിൽ വലിയവനാര്? ഐ.ജിയോ ഡി.വൈ.എസ്.പിയോ?

റേഞ്ച് ഐ.ജി എസ്. ശ്രീജിത്ത് അന്വേഷിച്ച കേസ് തള്ളി ഡി.വൈ.എസ്.പിയെ കൊണ്ട് അന്വേഷിപ്പിക്കാന്‍ റേഞ്ച് ഐ.ജി മനോജ് എബ്രഹാമിന്റെ ഉത്തരവ്

-പി.ബി. കുമാര്‍-

സംസ്ഥാന പോലീസിൽ ഐ.ജിയാണോ ഡി.വൈ.എസ്.പിയാണോ ഏറ്റവും വലിയ ഉദ്യോഗസ്ഥൻ?

പോലീസ് മാനുവൽ പ്രകാരം ഐ.ജിയാണെന്നാണ് വിവരം.എന്നാൽ, തിരുവനന്തപുരം റേഞ്ച് ഐ.ജിയെ സംബന്ധിച്ചടത്തോളം ഐ.ജിയെക്കാൾ വലിയ ഉദ്യോഗസ്ഥൻ സിവൈഎസ്പിയാണ്.

ഇപ്പോഴത്തെ കൊച്ചി റേഞ്ച് ഐ.ജി എസ്.ശ്രീജിത്ത് അന്വേഷണം നടത്തി സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുമ്പാകെ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടാണ് തിരുവനന്തപുരം റേഞ്ച് ഐ.ജി.മനോജ് എബ്രഹാം പാടേ തള്ളിയ ശേഷം ഡി വൈ എസ് പി യെ കൊണ്ട് പുനരന്വേഷിച്ചത്.

കവടിയാർ സ്വദേശി ബിനു വിശ്വംഭരൻ എന്നയാളുടെ പരാതിയിലാണ് പോലീസില്‍ വിചിത്രമായ കാര്യങ്ങള്‍ അരങ്ങേറിയത്.  തിരുവനന്തപുരത്തെ പേയാട്ടിൽ ബിസിനസുകൾ നടത്തിവരികയായിരുന്നു ബിനു വിശ്വംഭന്‍, ഭാര്യയും ബിസിനസ് പങ്കാളിയായിരുന്നു. ബിനുവുമായി പ്രദേശത്തെ ചില ബ്ലേഡുകാർക്ക് സാമ്പത്തിക ഇടപാടുണ്ടായിരുന്നു. 2012 ഏപ്രിൽ 18 ന് പരാതിക്കാരന്റെ ഭാര്യ മാത്രം സ്ഥാപനത്തിൽ ഉണ്ടായിരുന്നപ്പോൾ പലിശക്കാരെത്തി ബഹളമുണ്ടാക്കിയെന്നായിരുന്നു പരാതി. ഒരപകടത്തെ തുടർന്നാണ്  ബിനു വിശ്വംഭരന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായത്. 60 ലക്ഷത്തോളം രൂപ ബ്ലേഡ് മാഫിയക്ക് നൽകിയ ശേഷമായിരുന്നു ബാക്കി തുകക്ക് വേണ്ടിയുള്ള ഉപദ്രവം.

police-letter

എന്നാല്‍ ബ്ലേഡ് മാഫിയകള്‍ നല്‍കിയ പരാതിയില്‍ ബിനുവിനെതിരെ പോലീസ് നടപടിയുണ്ടായി. മലയിൻകീഴ് എസ്.ഐ ബ്ലേഡുകാരു‍ടെ ആളായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ബിനുവിനെ വിലങ്ങണിയിച്ച് പരസൃമായി നടത്തിച്ചു. എൽഐസി കോടിപതിയെയാണ് ഇങ്ങനെ  നടത്തിച്ചതെന്ന് മനസിലാക്കണം. മഹിമ ഡിസ്ട്രിബ്യൂഷൻ എന്ന പേരിൽ ഈ സ്ഥാപനവും ബിനു തുടങ്ങിയിരുന്നു. പലിശക്കാർക്ക് ബിനുവിന്റെ പേരിലുണ്ടായിരുന്ന ഇലിപ്പോട്ടെ ആറര സെന്റ് സ്ഥലവും പാങ്ങോടുള്ള മൂന്നര സെന്റ് സ്ഥലവും കൊറോള കാറും വിറ്റ് പലിശ കൊടുത്തു. ബിനുവിന്റെ ചെക്ക് ലീഫ് തട്ടിയെടുത്ത മറ്റൊരു ബ്ലേഡുകാരൻ ശിവകുമാർ ബിനുവിനെതിരെ കേസുണ്ടാക്കി.

ഭാര്യയെ അപമാനിച്ചതിന്  ബിനു മലയിൻകീഴ് പോലീസിൽ പരാതി നൽകിയെങ്കിലും നടപടിയെടുത്തില്ല. തുടർന്ന് വനിതാ കമ്മീഷനിൽ പരാതി നൽകി. മാസങ്ങൾക്ക് ശേഷമാണ് പോലീസ് എഫ് ഐ ആർ ഇടാൻ തയ്യാറായത്.

മലയിൻകീഴ് പോലീസ് അമിത പലിശക്കാരായ പ്രതികളുമായി അവിഹിത ബന്ധം  സൂക്ഷിക്കുന്നതായി ഐ.ജി ശ്രീജിത്ത് കണ്ടെത്തി. ഓപ്പറേഷൻ കുബേരയുടെ നോഡൽ ഓഫീസർ ഇക്കാര്യം അന്വേഷിക്കണമെന്നും പരാതിക്കാരന് നീതി ഉറപ്പാക്കണമെന്നും ഐ.ജി തന്റെ റിപ്പോർട്ടിൽ പറയുന്നു 2012 മുതൽ 2014 വരെ പരാതികൾ ലഭിച്ചിട്ടും എഫ്.ഐ ആർ ഇടാത്ത ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്നും ഐ ജി. നിർദ്ദേശിച്ചു.

ഐ.ജിയുടെ ശുപാർശ തിരുവനന്തപുരം റേഞ്ച് ഐ..ജിക്ക് ലഭിച്ചയുടനെ ഐ.ജി പറഞ്ഞതൊക്കെ ശരിയാണോ എന്നറിയാൻ അദ്ദേഹം ജില്ലാ ക്രൈംബ്രാഞ്ച് ഡപ്യൂട്ടി പോലീസ് സൂപ്രണ്ട് വി.എസ്.അജിയെ ഉപയോഗിച്ച് മറ്റൊരു അന്വേഷണം നടത്തി.

ഐ.ജി.ശ്രീജിത്തിനു തെറ്റുപറ്റിയെന്നും ബിനു വിശ്വംഭരൻ തട്ടിപ്പുകാരനാണെന്നുമാണ് ഡി.വൈ.എസ്.പി കണ്ടെത്തിയത്. തനിക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളിൽ നിന്നും രക്ഷപ്പെടാനാണത്രേ ബിനു പരാതി നൽകുന്നതെന്നും ഡി.വൈ.എസ്.പി റിപ്പോര്‍ട്ടില്‍ പറയുന്നു. 26 പേരെ വിസ്തരിച്ച് ഐ.ജി. 2015 ജൂലൈ ഒന്നിന് കണ്ടെത്തിയ കാര്യങ്ങളെല്ലാം തെറ്റാണെന്നാണ്  2016 ഒക്ടോബർ 31 ന് ഡി വൈ എസ് പി കണ്ടെത്തിയത്.

കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന ഐ.ജിയുടെ ആവശ്യവും ഡി.വൈ.എസ്.പി തളളി. അവർക്കെതിരെ നടപടി എടുക്കണമോ വേണ്ടയോ എന്ന കാര്യം അന്വേഷണത്തിലാണെന്നാണ് പോലീസ് ഭാഷ്യം. എന്തായാലും ഇതുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തിലാണ് പോലീസിലെ മൂപ്പിളമ തര്‍ക്കം മുന്നോട്ടുപോകുന്നത്. തര്‍ക്കത്തിനിടെയിലും ആരാണ് തട്ടിപ്പുകാരന്‍ എന്ന അന്വേഷണമൊക്കെ വഴിയിലാകുമോ എന്നാണ് നാട്ടുകാരുടെ ഭയം.