മദാമ്മയുടെ 32 കോടി അടിച്ചുമാറ്റിയ കഥ – എവിടെ ജോൺ (7)

കൊച്ചി രൂപതയിലെ നോർത്ത് മുണ്ടംവേലി പ്രദേശത്ത് ഒരു പ്രാർത്ഥനാലയമുണ്ടായിരുന്നു. ചില ദിവസങ്ങളിൽ രൂപതയിലെ അച്ചൻമാരെത്തി പ്രത്യേക പ്രാർത്ഥന ശുശ്രൂഷ നടത്തിയിരുന്ന സ്ഥലം. മുണ്ടംവേലി ഇടവകയിലെ ജനബാഹുല്യം നിമിത്തം ഒരു പുതിയ ഇടവക വേണമെന്ന വിശ്വാസികളുടെ ആവശ്യം ഉയർന്നതോടെ ഈ പ്രാർത്ഥനാലയത്തിന് സമീപം ഒരു ദേവാലയം പണി തീർത്ത് സന്തോം ഇടവക എന്ന പേരിൽ ഒരിടവകയും രൂപം കൊണ്ടു.
ഇതിനു ശേഷം പഴയ പ്രാർത്ഥനാലയം അനാഥമായി കിടന്നു.

ഇവിടെയാണ് ആന്റണി എന്നു പേരുള്ള ഇടക്കൊച്ചിക്കാരനായ ഒരു കരിസ്മാറ്റിക് ബ്രദർ എത്തുന്നത് അനാഥാലയം നടത്തിപ്പ് നല്ല സ്കോപ്പുള്ള ബിസിനസ്സാണെന്ന് തിരിച്ചറിഞ്ഞ ആൻറണി ബ്രദർ രൂപതയിലെ ചില വൈദീകരെ സ്വാധീനിച്ച് ഈ സ്ഥലത്ത് ഒരു ബോയ്സ് ഹോം ആരംഭിക്കാനുള്ള അനുവാദം വാങ്ങി ഇവിടെ പ്രവർത്തനവും ആരംഭിച്ചു.

ഈ സമയത്താണ് നെതർലണ്ടിൽ നിന്നും ഒരു മദാമ്മ ജീവകാരുണ്യ പ്രവർത്തനത്തിനായി കൊച്ചിയിലെത്തുന്നത് മാക് മേരി എന്ന ഈ നെതർലൻറുകാരി കൊച്ചിയിൽ ഒരു ബോയ്സ് ഹോം തുടങ്ങാൻ സാമ്പത്തിക സഹായം നൽകാമെന്നേറ്റു. ഇടവകയിലെ ചില പുരോഹിതർ ബിഷപ്പറിയാതെ കരുക്കൾ നീക്കി ബ്രദർ ആന്റണിയെ മുന്നിൽ നിർത്തിക്കൊണ്ടായിരുന്നു കളി.

അന്ന് രൂപതയുടെ പണപ്പെട്ടിയുടെ താക്കോൽ സൂക്ഷിപ്പുകാരനായിരുന്നത് ബുൾഗാൻ താടി വെച്ച ഒരു പുരോഹിതനായിരുന്നു. തമിഴ്നാട്ടിൽ ഒരു മുന്തിരി തോട്ടം പിന്നീട് സ്വന്തമാക്കിയ പുരോഹിതൻ.. ഇദ്ദേഹവും മഴ നർത്തകനും, പിന്നെയൊരു ജീവകാരുണ്യ പുരോഹിതനും ‘ഒരു മുൻ അഡ്മിനിസ്ട്രേറ്ററുമടങ്ങിയ പുരോഹിതസംഘം ഒത്തുചേർന്ന് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി മദാമ്മയ്ക്ക് നൽകി. 32 കോടിയുടെ പ്രൊജക്റ്റാണ് സംഘം മദാമ്മയ്ക്ക് സമർപ്പിച്ചത്. കൃപാലയം എന്നാണ് ബോയ്സ് ഹോമിനു പേരു നൽകിയത്.’

ചെല്ലാനം പഞ്ചായത്തിലെ കുഗ്രാമമായ കുതിരക്കൂർ കരിയിൽ ഒരിംഗ്ലീഷ് മീഡിയം സ്ക്കുളും പദ്ധതിയിൽ ഉൾപ്പെടുത്തി ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്ക്കൂൾ. ഈ പ്രൊജക്റ്റ് മദാമ്മ അംഗീകരിച്ചു. കൃപാലയത്തിന് കുമ്പളങ്ങി പൂപ്പന കുന്നിലും സ്കുളിന് കരി പള്ളിക്കു സമീപവും സ്ഥലം കണ്ടെത്തി. ലിറ്റിൽ ഫ്ലവർ എന്ന പേരിൽ ഒരു ട്രസ്റ്റും രൂപവൽക്കരിച്ചു. കടലാസിൽ മാത്രമായിരുന്നു ട്രസ്റ്റിന്റെ പ്രവർത്തനം. ട്രസ്റ്റിന് വിദേശ പണം സ്വീകരിക്കാനുള്ള രജിസ്ട്രേഷനോ ബാങ്ക് അക്കൗണ്ടോ ഉണ്ടായിരുന്നില്ല. അതു കൊണ്ട് കൊച്ചി രൂപതയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് 32 കോടിയുടെ വിദേശ പണം എത്തിയത്. ഈ പണമെല്ലാം കൊച്ചി രൂപതയിലെ പൊക്യുറേറ്റർ ഉൾപ്പെട്ട മാഫിയ സംഘം പല ഘട്ടങ്ങളിലായി പിൻവലിച്ചു..

ഇതിൽ 15 കോടി ബ്രദർ ആൻറണിക്ക് കൈമാറി. ഈ തുക കൊണ്ട് ആന്റ്ണി ബ്രദർ കുമ്പളങ്ങ യിൽ കൃപാലയം എന്ന പേരിൽ ബോയ്സ് ഹോമും ലിറ്റിൽ ഫ്ലവർ എന്ന പേരിൽ കുതിരക്കൂർ കരിയിൽ ഒരു ലോവർ പ്രൈമറി ഇംഗീഷ് മീഡിയം സ്കൂളും നിർമ്മിച്ചു. ഇതോടെ ആന്റണി ബ്രദർ നെതർലന്റുകാരി മദാമ്മയുടെ പ്രീതിയും നേടി. രണ്ടു സംരംഭങ്ങളുടെയും ഉദ്ഘാടനത്തിന് മദാമ്മ നെതർലന്റിൽ നിന്നുമെത്തി. കൊമ്പി ബിഷപ്പ് തട്ടുങ്കലും ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു. മാഫിയാ സംഘത്തിൽ പെട്ട അച്ചൻമാരെല്ലാം ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിന്നു. എന്നാൽ രൂപതയുടെ അക്കൗണ്ട് വഴി എത്തിയതുകൊണ്ട് നിർമ്മിച്ച സ്ഥാപനങ്ങളാണ് താൻ ഉദ്ഘാടനം ചെയ്തതെന്ന് പാവം ബിഷപ്പിനറിയില്ലായിരുന്നു.

ബോയ്സ് ഹോം പ്രവർത്തനം തുടങ്ങി രണ്ടു കൊല്ലത്തിനുള്ളിൽ കുട്ടികളെ ലൈംഗിക പീ‍‍ഡനത്തിനിരയാക്കി എന്ന പരാതിയിൽ ബ്രദർ ആന്റണിയെ പോലീസ് അറസ്റ്റു ചെയ്തു. കേസിൽപെട്ടതോടെ ആൻറണിയുടെ പ്രവർത്തനങ്ങൾക്ക് എല്ലാ പിന്തുണയും നൽകിയിരുന്ന പുരോഹിത മാഫിയ ആൻറണിയെ തള്ളിപ്പറഞ്ഞ് കൈകഴുകി.

കൊല്ലത്തുള്ള ഒരു വനിതാ അഡ്വക്കേറ്റിന്റെ നേതൃത്വത്തിലുള്ള സംഘടനയുടെ പരാതിയെ തുടർന്നാണ് ബ്രദറിനെതിരെ പോലീസ് കേസെടുത്തത് എറണാകുളം വടുതലയിൽ നിന്നും കൊല്ലത്തു നിന്നും എത്തിയ ബോയ്സ് ഹോമിലെ അന്തേവാസികളായ കുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി എന്നായിരുന്നു കേസ് 45 ദിവസം സബ് ജയിലിലായ ബ്രദർ ജാമ്യം നേടി പുറത്തിറങ്ങിയതിനു ശേഷം വടുതലയിലെ കുട്ടിയുടെ മാതാപിതാക്കളെ പണം കൊടുത്ത് സ്വാധീനിച്ച് ഇത് കെട്ടിച്ചമച്ച പരാതിയാണെന്ന് പറഞ്ഞു കൊണ്ട് പ്രസ് ക്ലബ്ബിൽ പത്ര സമ്മേളനം സംഘടിപ്പിച്ചു.

അതോടെ കേസ് ദുർബലമായി. എന്നാൽ കൊല്ലത്തെ കുട്ടികൾ തങ്ങളുടെ മൊഴിയിൽ ഉറച്ചു നിന്നതോടെ കേസ് കോടതിയിലെത്തി. പീഡന വിവരമറിഞ്ഞ് കൊച്ചിയിൽ എത്തിയ മാക് മേരി ബ്രദർ ആൻറണിക്കെതിരെ വിശ്വാസ വഞ്ചനയ്ക്ക് കൊടുത്ത കേസ് ഇപ്പോൾ ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഈ പണമിടപാട് കാര്യങ്ങളാണ് ബിഷപ്പിന്റെ ദത്തുപുത്രിയായി വന്ന സോണിയ വെളിപ്പെടുത്തിയത്‌. പണം തിരിമറി നടത്തി മുന്തിരി തോട്ടം വരെ സ്വന്തമാക്കിയ ഈ അച്ചൻമാർ നടത്തിയ ഗൂഢാലോചനയിലാണ് ബിഷപ്പ് തട്ടുങ്കൽ പെട്ടു പോയത് 32 കോടിയുടെ കണക്കു ചോദിച്ചതോടെയാണ് ഇവർ ബിഷപ്പിനെതിരെ തിരിഞ്ഞത്. ബിഷപ്പ് അരമനയിൽ ഒരു പെണ്ണിനെ വെപ്പാട്ടിയായി വെച്ചു കൊണ്ടിരിക്കുകയാണെന്നും കത്തോലിക്ക വിശ്വാസത്തിനു നിരക്കാത്ത പ്രവൃത്തിയാണ് ബിഷപ്പ് ചെയ്യുന്നതെന്ന് ഈ പുരോഹിതരുടെ സിൽബന്ധികൾ വിശ്വാസികൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിച്ചു.

സംഭവം കാട്ടുതീ പോലെ രൂപതയിൽ ആളിപ്പടർന്നു. ബിഷപ്പിനെ വിചാരണ ചെയ്യണമെന്ന് ഒരു സംഘം പുരോഹിതരും അൽമായ നേതൃത്വവും ഒരു പോലെ ആവശ്യപ്പെട്ടു. രുപതാന്തരീക്ഷം കലുഷിതമായി. ഈ വിവാദങ്ങൾക്കിടയിൽ 32 കോടി എന്തു ചെയ്തുവെന്ന ബിഷപ്പിന്റെ ചോദ്യം മുങ്ങിപ്പോയി. ഇതോടെ കൊച്ചി ബിഷപ്പിന്റെ ജീവിതം തന്നെ പ്രതിസന്ധിയിലായി. 32 കോടിയുടെ കണക്കു ചോദിച്ചതിനും പുരോഹിതൻമാരുടെ അസൻമാർഗ്ഗീക ജീവിതത്തെ നിയന്ത്രിക്കാൻ ശ്രമിച്ചതിനും ബലിയാടക്കപ്പെട്ട് നാടുകടത്തപ്പെടുകയായിരുന്നു ബിഷപ്പ് ജോൺ തട്ടുങ്കല്‍.

തുടരും..

മുന്‍ അധ്യായങ്ങള്‍ ——

എവിടെ ജോണ്‍? ::  കൊച്ചിയില്‍ എത്തിയ നല്ല ഇടയന്‍ (1) 

എവിടെ ജോണ്‍?? മഴനൃത്തത്തിന്റെ കരിനിഴലില്‍ (2)

എവിടെ ജോണ്‍? അശനിപാതമായി കറുത്ത പെണ്ണ് (3)

എവിടെ ജോണ്‍? രക്താഭിഷേകം എന്ന ചോരക്കളി (4)

എവിടെ ജോണ്‍? പള്ളിലച്ചന്‍ പപ്പ  (5)

എവിടെ ജോൺ ? അവിഹിതം ഒതുക്കാന്‍ അഞ്ച് ലക്ഷം പള്ളിവക (6)