ദാവൂദ് ഇബ്രാഹിമിനെ രണ്ട് തവണ കണ്ടുമുട്ടിയെന്ന്: ഋഷി കപൂര്‍

മുംബയ്: ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചവരില്‍ പ്രധാനിയായ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹീമിനെ ദുബയില്‍ വെച്ച് രണ്ട് തവണ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം ചായ കുടിച്ചിട്ടുണ്ടെന്നും നടന്‍ ഋഷി കപൂര്‍. തന്റെ ആത്മകഥയായ ഖുലം ഖുലയിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. 1988ലാണ് ആദ്യം കണ്ടത്. അന്ന് ദുബയിലെ ദാവൂദിന്റെ വസതിയിലേക്ക് താരത്തെ ക്ഷണിച്ചു. 1993ലെ മുംബയ് കലാപം നടക്കുന്നതിന് മുമ്പായിരുന്നു അത്. അന്ന് ദാവൂദ് ഇന്ത്യയുടെ ശത്രുവായിരുന്നില്ല. അതിനാല്‍ അദ്ദേഹത്തെ കണ്ടതില്‍ തെറ്റില്ലെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു.

തിരിച്ചറിയാനാകാത്ത സ്ഥലത്തായിരുന്നു ദാവൂദിന്റെ വീട്. ഏകദേശം നാല് മണിക്കൂറോളം ദാവൂദുമായി സംസാരിച്ചു. താന്‍ മദ്യപിക്കില്ലെന്നും മദ്യ സല്‍ക്കാരം നടത്താറില്ലെന്നും അധോലോക രാജാവ് പറഞ്ഞതും താരം ഓര്‍മിക്കുന്നു. താന്‍ കുറേ മോഷണങ്ങള്‍ നടത്തി, അതിനിടെ കുറച്ച് പേരെ കൊന്നു. എന്നാല്‍ ആരെയും തന്റെ കൈ കൊണ്ട് കൊന്നിട്ടില്ലെന്നും ദാവൂദ് പറഞ്ഞിരുന്നു. ആശാബോസ് ലേ- ആര്‍ഡി ബര്‍മന്‍ സ്‌റ്റോജ് ഷോയ്ക്ക് വേണ്ടി സുഹൃത്ത് ബിട്ടു ആനന്ദിനൊപ്പമാണ് ഋഷി കപൂര്‍ 1988ല്‍ ദുബായിക്ക് പോയത്. ദുബയ് വിമാനത്താവളത്തില്‍ ഏതൊക്കെ വി.ഐ.പികളാണ് വരുന്നതെന്ന് അറിയാന്‍ ദാവൂദിന് ആളുകളുണ്ട്. വിമാനത്താവളത്തില്‍ നിന്ന് ഹോട്ടലിലേക്ക് പോകാന്‍ തുടങ്ങുമ്പോള്‍ ഒരാള്‍ വന്ന് പറഞ്ഞു; ദാവൂദ് സാഹിബിന് നിങ്ങളോട് സംസാരിക്കണമെന്നുണ്ട്. എന്നിട്ട് ഫോണും നല്‍കി.

1989ലാണ് രണ്ടാമത് ദാവൂദിനെ കണ്ടുമുട്ടിയത്. ഭാര്യ നീതു സിങ്ങിനൊപ്പം ദുബയിലെത്തിയപ്പോള്‍ ഷൂസ് വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ഋഷി കപൂര്‍.  ഷോപ്പിലെത്തിയപ്പോള്‍ ഏകദേശം പത്തോളം അംഗരക്ഷകര്‍ക്കൊപ്പം ദാവൂദ് ഉണ്ടായിരുന്നു. എന്ത് വേണമെങ്കിലും വാങ്ങിക്കൊള്ളാന്‍ ദാവൂദ് പറഞ്ഞു. പക്ഷെ, സ്‌നേഹപൂര്‍വം നിരസിച്ചു. രണ്ട് തവണ കണ്ടപ്പോഴും എന്താവശ്യം ഉണ്ടെങ്കിലും പറയാന്‍ മടിക്കരുതെന്നും ദാവൂദ് പറഞ്ഞതായും പുസ്തകത്തില്‍ പറയുന്നു. എന്തായാലും പുറത്തിറങ്ങും മുമ്പ് പുസ്തകം വിവാദമായിരിക്കുകയാണ്. എന്നാല്‍ ദാവൂദുമായി ബോളിവുഡിലെ പലര്‍ക്കുമുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ നിയമനടപടികള്‍ ഉണ്ടാവുമോ എന്ന് കാത്തിരുന്ന് കാണാം.