മദ്യശാലകള്‍ മാറ്റി സ്ഥാപിക്കാന്‍ നീക്കം; എതിര്‍പ്പുകള്‍ ശക്തം

 

കുടിയന്‍മാരുടെ വെള്ളംകുടി മുട്ടിക്കാന്‍ നീക്കം

തിരുവനന്തപുരം: കേരളത്തിന്റെ നികുതി വരുമാനത്തിലധികവും നല്‍കുന്ന മദ്യപാനികളുടെ വെള്ളംകുടി മുട്ടിക്കാനുള്ള നീക്കം സംസ്ഥാനത്തുടനീളം നടക്കുന്നു. ദേശീയപാതയോരത്ത് നിന്ന് മദ്യശാലകള്‍ മാറ്റണമെന്ന സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് പല ബിവറേജസ് ഔട്ട്‌ലെറ്റുകളും ബിയര്‍പാര്‍ലറുകളും ഉള്‍പ്പെടെ മറ്റ് സ്ഥലങ്ങളിലേക്ക് നീക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും എതിര്‍പ്പുകള്‍ ശക്തം. പലയിടങ്ങളിലും സ്ത്രീകളും കുട്ടികളും അടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങുകയാണ്. തിരുവനന്തപുരം കല്ലമ്പലത്ത് ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റ് മാറ്റിസ്ഥാപിക്കാന്‍ പഞ്ചായത്ത് അനുമതി നല്‍കി. അധികൃതര്‍ കെട്ടിടവും കണ്ടെത്തി. എന്നാല്‍ ഇതറിഞ്ഞ നാട്ടുകാരും വിദ്യാര്‍ത്ഥികളും സമരവുമായി എത്തി. ഇതോടെ പഞ്ചായത്ത് അധികൃതര്‍ മറ്റ് മൂന്നിടങ്ങള്‍ കൂടി കണ്ടെത്തിയെങ്കിലും അവിടെയും എതിര്‍പ്പുകളാണുള്ളത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും ഇതേ സ്ഥിതിവിശേഷമാണുള്ളത്.

വിഴിഞ്ഞം പൂവാറില്‍ പൂട്ടിയ ബിയര്‍പാര്‍ലര്‍ തുടങ്ങാന്‍ പഞ്ചായത്ത് അനുമതി നല്‍കിയെങ്കിലും എം.എല്‍.എ എ. വിന്‍സെന്റിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. രാഷ്ട്രീയ , മതനേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി ബിയര്‍പാര്‍ലറിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ഉടമ ഹൈക്കോടതിയല്‍ പോയാണ് അനുകൂല വിധി സമ്പാദിച്ചത്. തുടര്‍ന്നാണ് പുതിയ ഭരണസമിതി അനുമതി നല്‍കിയത്. അതേസമയം ജനങ്ങളുടെ എതിര്‍പ്പ് കോടതിയെ അറിയിക്കുന്നതില്‍ സി.പി.എം നേതൃത്വം നല്‍കുന്ന ഭരണ സമിതി വീഴ്ചവരുത്തിയെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

ആലപ്പുഴ നഗരത്തില്‍ കല്ലുപാലത്തിനു കിഴക്കു ഭാഗത്ത് മുല്ലയ്ക്കല്‍ വാര്‍ഡില്‍ ബിവറേജസ് ഔട്ട്ലെറ്റ് നാല് ദിവസം മുമ്പ് രഹസ്യമായി തുറന്നതോടെ സ്ത്രീകള്‍ പ്രതിഷേധവുമായെത്തി.  പോലീസ് സഹായത്തോടെ അതീവ രഹസ്യമായാണ് നെരിയത്ത് ജോണി ന്റെ കെട്ടിടത്തില്‍ മദ്യമെത്തിച്ചത്.പിന്നീട് ഇരുമ്പുപാലത്തിലെ ബിവറേജ്സ് ഔട്ട് ലെറ്റില്‍ ക്യൂനിന്ന ആളുകളെ ഇവിടേക്ക് എത്തിച്ച് വില്‍പ്പനയും ആരംഭിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ റാണി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ സ്ത്രീകളടക്കമുള്ള നാട്ടുകാര്‍ പ്രതിഷേധവുമായെത്തിയെങ്കിലും പൊലീസിന്റെ കാവലില്‍ മദ്യവില്പന തുടര്‍ന്നു. വന്‍ പോലീസ് സംഘം സ്ഥലത്തുണ്ടായിരുന്നതിനാല്‍ നാട്ടുകാരുടെപ്രതിഷേധം വിലപ്പോയില്ല.

സമരം തുടര്‍ന്നാല്‍ അറസ്റ്റു ചെയ്യുമെന്നും ജാമ്യമില്ലാ വകുപ്പു പ്രകാരം ജയിലിലടക്കുമെന്നും പോലീസ് ഭീഷണിപ്പെടുത്തി. ഇതോടെ സമരക്കാര്‍ പിരിഞ്ഞു പോയി.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുള്ള സമരങ്ങള്‍ നടക്കുകയാണ്. 130 ഔട്ട്‌ലെറ്റുകളാണ് സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്ന് മാറ്റിസ്ഥാപിക്കേണ്ടത്. നാട്ടുകാരുടെ പ്രതിഷേധം ശക്തമായാല്‍ സര്‍ക്കാര്‍ എന്ത് ചെയ്യുമെന്ന് കാത്തിരുന്ന് കാണാം.