സ്ത്രീകള്‍ ആണുങ്ങള്‍ക്കു മുമ്പില്‍ പ്രസംഗിക്കുന്ന പതിവില്ല; കോഴിക്കോട് പൊതുവേദിയില്‍ വനിതാ നേതാവിനെ അപമാനിച്ച ലീഗ് നേതാവ് മായീന്‍ ഹാജി വിവാദത്തില്‍

കോഴിക്കോട്: സ്ത്രീകള്‍ ആണുങ്ങള്‍ക്കു മുമ്പില്‍ പ്രസംഗിക്കുന്ന പതിവില്ലെന്ന് പറഞ്ഞ് പൊതുവേദിയില്‍ വനിതാ നേതാവിനെ അപമാനിച്ച മുസ്ലിം ലീഗ് നേതാവ് വിവാദത്തില്‍. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന വേദിയില്‍ പ്രസംഗിക്കാനെഴുന്നേറ്റ വനിതാ ലീഗ് നേതാവ് ഖമറുന്നിസ അന്‍വറിനെ മായിന്‍ഹാജി വിലക്കുകയായിരുന്നു. വനിതാ നേതാവിനെ അപമാനിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം പ്രചരിച്ചു കഴിഞ്ഞു. യൂത്ത് ലീഗ് സംസ്ഥാന സമ്മേളനവേദിയില്‍ കെ.എം ഷാജി പ്രസംഗിക്കുന്നതിനിടെയായിരുന്നു സംഭവം. കെ.എം ഷാജി പ്രസംഗം അവസാനിപ്പിക്കവെ വേദിയില്‍ നിന്നും എഴുന്നേറ്റ ഖമറുന്നിസ അന്‍വറിനോട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം.സി മായിന്‍ ഹാജി എഴുന്നേറ്റ് നിന്ന് സംസാരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. നവംബര്‍ 10,11,12 തിയ്യതികളിലായി കോഴിക്കോടാണ് യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം നടന്നത്. വേദിയിലെ ഏക സ്ത്രീ സാന്നിധ്യമായിരുന്നു ഖമറുന്നിസ അന്‍വര്‍.

ഇത് ചരിത്രത്തിലില്ലാത്തതാണ്. സ്ത്രീകള്‍ ആണുങ്ങളോട് പ്രസംഗിക്കുന്നത്. മുജാഹിദ് പ്രസ്ഥാനം പോലും ചെയ്യില്ല’ എന്ന് പറയുന്നതും വ്യക്തമായി കേള്‍ക്കാം.ഇതുസംബന്ധിച്ച പ്രതികരണത്തിനായി ഡൂള്‍ന്യൂസ് ബന്ധപ്പെട്ടപ്പോള്‍ സംസാരിക്കാന്‍ അവസരം ലഭിച്ചില്ലെന്ന കാര്യം ഖമറുന്നിസ അന്‍വര്‍ സ്ഥിരീകരിച്ചു. അതേസമയം വിലക്കിനെക്കുറിച്ചു ആരാഞ്ഞപ്പോള്‍ തനിക്കു പരാതിയില്ലെന്നും വിവാദത്തിനില്ലെന്നും പറഞ്ഞു.’സംസാരിക്കാന്‍ അവസരം ലഭിച്ചിട്ടില്ല. മറ്റുള്ളവരെല്ലാം പ്രസംഗിക്കുമ്പോഴേക്കും സമയം കഴിഞ്ഞുപോയി. എനിക്കതില്‍ പരാതിയില്ല. വിവാദത്തിനുമില്ല.’ എന്നാണ് ഖമറുന്നിസ ഒരു ചാനലിനോട് പറഞ്ഞത്.

എന്നാല്‍, അന്നു ഖമറുന്നീസ അന്‍വര്‍ വേദിയില്‍ പോലും ഇല്ലായിരുന്നെന്നും സമ്മേളനത്തിന് ഇല്ലാത്ത ആള്‍ എങ്ങനെ സംസാരിക്കാന്‍ അവസരം ചോദിക്കും എന്നും ആദ്യം പ്രതികരിച്ച മായിന്‍ ഹാജി പിന്നീട് തനിക്ക് എല്ലാ കാര്യത്തിനും തന്റെതായ നിലപാട് ഉണ്ടെന്നാണ് പറഞ്ഞത്.