രാഹുലില്‍ നിന്ന് ഉമ്മന്‍ചാണ്ടിക്ക് കിട്ടിയത് കുറുപ്പിന്റെ ഉറപ്പോ?

ഉമ്മന്‍ ചാണ്ടിയെ തൃപ്തിപ്പെടുത്താന്‍ എ.ഐ.സി.സിയില്‍ പത്രംസമ്മേളനം നടത്തിച്ച് കേരള നേതാക്കള്‍

രാഹുലിനെ കണ്ടെങ്കിലും പ്രശ്‌നങ്ങള്‍  പരിഹരിക്കപ്പെടാത്തതിന്റെ നിരാശയില്‍ എ ഗ്രൂപ്പ്

-പി.എ. സക്കീര്‍ ഹുസൈന്‍-

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഉമ്മന്‍ ചാണ്ടി കൂടിക്കാഴ്ച നടത്തിയെങ്കിലും തങ്ങള്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ഉറപ്പ് ലഭിക്കാത്തതിന്റെ അസ്വസ്ഥതയില്‍ എ ഗ്രൂപ്പ് നേതൃത്വം. ഡി.സി.സി പുനസംഘടനയെത്തുടര്‍ന്നുണ്ടായ അതൃപ്തിയെ തുടര്‍ന്ന് പാര്‍ട്ടി പരിപാടികളില്‍നിന്ന് അകലം പാലിച്ചതോടെയാണ് ഡല്‍ഹിയിലുള്ള കേരളത്തിലെ നോതാക്കളും എ.കെ ആന്റണിയും ഇടപെട്ട് ഉമ്മന്‍ ചാണ്ടി- രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്.

എന്നാല്‍ കൂടിക്കാഴ്ചയില്‍ കാര്യമായ ഉറപ്പുകളോ പരിഗണനയോ കിട്ടാതെയാണ് ഉമ്മന്‍ ചാണ്ടി കേരളത്തിലേക്ക് മടങ്ങിയത്. കേരളത്തിലെ സംഘടനാ സംവിധാനം ദുര്‍ബലമാണെന്നും സര്‍ക്കാരിനെതിരായ പല പ്രക്ഷോഭ പരിപാടികളും വന്‍പരാജയമായിരുന്നെന്നുമുള്ള പരാതിയാണ് പ്രധാനമായും ഉമ്മന്‍ ചാണ്ടി രാഹുലിന് മുന്നില്‍ ഉന്നയിച്ചത്. സംഘടനാ തെരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ സംസ്ഥാനത്ത് പാര്‍ട്ടി ഉണ്ടാകില്ലെന്ന സൂചനയും അദ്ദേഹം നല്‍കി. എന്നാല്‍ സംഘടനാ തെരഞ്ഞെടുപ്പ് എന്ന് നടത്തുമെന്ന് വ്യക്തമാക്കാന്‍ എ.ഐ.സി.സി ഉപാധ്യക്ഷന്‍ തയാറായില്ല. അഞ്ച് മിനിട്ടോളം നീണ്ട കൂടിക്കാഴ്ചയില്‍ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കുമുണ്ടായിരുന്നു.

കൂടിക്കാഴ്ചയ്ക്ക് ശേഷം അസ്വസ്ഥനായി പുറത്തിറങ്ങിയ ഉമ്മന്‍ ചാണ്ടി കെ.വി തോമസ് ഉള്‍പ്പെടെയുള്ള നേതാക്കളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കേരളഹൗസിലെത്തി മാധ്യമപ്രവര്‍ത്തകരെ കണ്ടത്. യു.പി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് ശേഷം സംഘടനാ തെരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനയാണ് അദ്ദേഹം പത്രസമ്മേളനത്തില്‍ നല്‍കിയത്. മാധ്യമപ്രവര്‍ത്തകരുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാനും അദ്ദേഹം തയാറായില്ല.

താന്‍ ഉന്നയിച്ചപ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിലുള്ള അതൃപ്തി  കെ.വി തോമസ്, പി.സി ചാക്കോ എന്നിവരോട് ഉമ്മന്‍ ചാണ്ടി തുറന്നുപറുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ഉമ്മന്‍ ചാണ്ടി വിട്ടുനില്‍ക്കുന്നത് സംസ്ഥാനത്ത് കോണ്‍ഗ്രസ് പാര്‍ട്ടി ശിഥിലമാകുമെന്ന് വ്യക്തമായി അറിയാവുന്ന കേരള നേതാക്കള്‍ അദ്ദേഹത്തെ സാന്ത്വനിപ്പിക്കാനുള്ള തന്ത്രങ്ങളുമായി രംഗത്തിറങ്ങിയത്. ഇതിന്റെ ഭാഗമായാണ് ഇന്നലെ എ.ഐ.സി.സി ആ്സ്ഥാനത്ത് പ്ലാസ്റ്റിക് കറന്‍സി അച്ചടിയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ ആരോപണമുന്നയിച്ചുള്ള പത്രസമ്മേളനം നടത്താന്‍ ഉമ്മന്‍ ചാണ്ടിക്ക് അവസരമൊരുക്കിയതും.

കോണ്‍ഗ്രസ് ആസ്ഥാനത്ത് നടത്തിയ പത്രസമ്മേളനത്തിലൂടെ ഉമ്മന്‍ ചാണ്ടിയ കേന്ദ്ര നേതൃത്വം കൈവിട്ടിട്ടില്ലെന്നുള്ള സന്ദേശം കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലേക്ക് എത്തിക്കുകയെന്നതായിരുന്നു കേന്ദ്ര നേതാക്കളുടെ ലക്ഷ്യം. അതേസമയം എ.ഐ.സി.സി ആസ്ഥാനത്ത് പത്രസമ്മേളനം നടത്തിയെങ്കിലും കേരളത്തിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിന്റെ നിരാശയിലാണ് ഉമ്മന്‍ ചാണ്ടി ഡല്‍ഹിയില്‍നിന്ന് മടങ്ങിയത്. ഇതോടെ വരുംദിവസങ്ങളില്‍ എ ഗ്രൂപ്പും ഉമ്മന്‍ ചാണ്ടിയും നിലപാടുകള്‍ നിണായകമാകുമെന്ന് ഉറപ്പായിരിക്കുകയാണ്.