ഞങ്ങളെ കോൺഗ്രസിന് വേണ്ടെങ്കിൽ ഞങ്ങൾക്കും വേണ്ട: കെ.എം.മാണി

തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സി.പി.എം ധാരണയെ തുടർന്ന് നിലപാട് കടുപ്പിച്ച കോൺഗ്രസിന് മറുപടിയുമായി കേരളാ കോൺഗ്രസ് ചെയർമാൻ കെ.എം.മാണി രംഗത്ത്. കോൺഗ്രസിന് കേരള കോൺഗ്രസിനെ വേണ്ടെങ്കിൽ തങ്ങൾക്കും അതുപോലെ തന്നെയാണെന്ന് മാണി പറഞ്ഞു. കേരളാ കോൺഗ്രസ് ഒറ്റയ്ക്ക് നിൽക്കാൻ കെൽപുള്ള പാർട്ടിയാണെന്നും മുന്പും ഒറ്റയ്ക്ക് നിന്നിട്ടുണ്ടെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
യു.ഡി.എഫ് വിടാൻ തീരുമാനിച്ചത് പാർട്ടിയിൽ ആലോചിച്ചിട്ടാണ്. പ്രാദേശിക ധാരണ തുടരാനും തീരുമാനിച്ചിരുന്നു. എന്നാൽ, കോട്ടയം ഡി.സി.സി നടത്തിയ അധിക്ഷേപകരമായ പ്രസ്താവനകൾ തങ്ങളെ മുറിവേൽപിച്ചു. അതാണ് കോട്ടയത്ത് സി.പി.എമ്മുമായി ധാരണ ഉണ്ടാക്കാൻ ഇടയാക്കിയത്. അത് പ്രാദേശിക നീക്കുപോക്ക് മാത്രമാണ്. പാർട്ടി സംസ്ഥാന നേതൃത്വം അറിഞ്ഞെടുത്ത തീരുമാനമല്ല കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലുണ്ടായത്. ഇത് കോട്ടയം ഡി.സി.സി ക്ഷണിച്ചു വരുത്തിയ തിരിച്ചടിയാണ്. കേരള കോൺഗ്രസിനെ അധിക്ഷേപിച്ച് തുടർച്ചയായി രംഗത്തുവന്ന കോട്ടയം ഡി.സി.സിയോടുള്ള പ്രാദേശികമായ എതിർപ്പാണ് തിരഞ്ഞെടുപ്പിൽ കണ്ടത്. സംഭവം നിർഭാഗ്യകരമാണെങ്കിലും പാർട്ടി ജില്ലാ നേതൃത്വത്തെയും ജില്ലാ പഞ്ചായത്ത് അംഗങ്ങളെയും തള്ളിപ്പറയാൻ താൻ തയ്യാറല്ലെന്നും ചെയർമാനെന്ന നിലയിൽ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും മാണി വ്യക്തമാക്കി.

കോൺഗ്രസിന് കേരളാ കോൺഗ്രസിനെ വേണമായിരുന്നു. കേരളാ കോൺഗ്രസിനും അങ്ങനെ തന്നെ ആയിരുന്നു. ഇപ്പോൾ കോൺഗ്രസ് തങ്ങളെ വേണ്ടെന്ന വച്ച സ്ഥിതിക്ക് തങ്ങളും അതേ നിലപാട് തന്നെയാണ് സ്വീകരിക്കുക. പാർട്ടിക്കെതിരെ വലിയ വിമർശനങ്ങൾ മുന്പും ഉണ്ടായിട്ടുണ്ട്. അവയോടൊക്കെ മത്സരിച്ചു തന്നെയാണ് ഇവിടെ വരെയെത്തിയത്. ചോര വാർന്നൊഴുകിയിട്ടും കേരള കോൺഗ്രസ് തകർന്നില്ല. തീയിൽ കുരുത്ത പാർട്ടിയാണിത്. അത് വെയിലത്ത് വാടില്ല. പി.ജെ.ജോസഫ് അതൃപ്തി രേഖപ്പെടുത്തിയെങ്കിലും അത് സംബന്ധിച്ച് പാർട്ടിയിൽ ഭിന്നതയില്ല. തന്റെ നിലപാട് തന്നെയാണ് അദ്ദേഹത്തിന്റെ നിലപാടെന്നും മാണി വ്യക്തമാക്കി. കോൺഗ്രസുകാരുടെ അഹങ്കാരം കേരളാ കോൺഗ്രസിനോട് വേണ്ട. കോൺഗ്രസുകാർ പാർലമെന്റ് കണ്ടത് കേരളാ കോൺഗ്രസിന്റെ സഹായം കൊണ്ടാണെന്ന കാര്യം മറക്കരുത്. കേരളാ കോൺഗ്രസിന് ആരോടും അന്ധമായവിരോധമോ അസ്‌പൃശ്യതയോ ഇല്ല. കേരളാ കോൺഗ്രസ് എന്നും ശരിയുടെ പക്ഷത്ത് നിൽക്കും. ഇടതുപക്ഷത്തെ തൊടുന്നത് അപരാധമായി കാണുന്നില്ല. സി.പി.എമ്മുമായി കൂട്ടുകൂടാത്ത ഏത് പാർട്ടിയാണുള്ളതെന്നും മാണി ചോദിച്ചു.

കേരളാ കോൺഗ്രസ് എൽ.ഡി.എഫിൽ ചെന്നാൽ സി.പി.ഐയുടെ ഗ്രേഡ് കുറയും. അതാണ് അവരെ ആശങ്കപ്പെടുത്തുന്നതെന്നും മാണി പറഞ്ഞു. എൽ.ഡി.എഫിലേക്ക് പോകുന്നതിന്റെ മുന്നൊരുക്കമല്ല കോട്ടയത്ത് കണ്ടത്. യു.ഡി.എഫിന്റെ ഭാഗമല്ലാത്ത തങ്ങൾക്ക് സ്വതന്ത്രമായി നിലപാടെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അത് യു.ഡി.എഫിൽ ആലോചിക്കേണ്ട കാര്യമില്ല. ഇടത് മുന്നണിയുമായി കക്ഷിചേരണമെന്ന ഒരു തീരുമാനവും പാർട്ടി എടുത്തിട്ടില്ല.