ലക്ഷ്മിനായര്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്ന് ഉപസമിതി

പദവിയ്ക്ക് നിരക്കാത്ത പ്രവര്‍ത്തികളാണ് ലക്ഷ്മി നായര്‍ ചെയ്യുന്നതെന്ന് സിന്‍ഡിക്കേറ്റ് ഉപസമിതി. 

സ്വജനപക്ഷപാതവും രേഖകളില്‍ കൃത്രിമവും ലക്ഷ്മി നായര്‍ നടത്താറുണ്ട്. 

ലക്ഷ്മിനായരുടെ ഭാവി മരുമകള്‍ അനുരാധ അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് ഉപസമിതി

-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്ക്-

ലോ അക്കാദമി പ്രിന്‍സിപ്പള്‍ ലക്ഷ്മിനായരെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളുമായി സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട്. ലക്ഷ്മിനായരെ പരീക്ഷ ചുമതലകളില്‍ നിന്ന് വിലക്കുന്നതുള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കണമെന്നാണ് ശുപാര്‍ശയില്‍ പറയുന്നത്. അഞ്ചുവര്‍ഷത്തേക്ക് വിലക്കണമെന്നാണ് പ്രധാന ശുപാര്‍ശ.

നാലു പേജുള്ള ഉപസമിതി റിപ്പോര്‍ട്ട് ഇന്നു രാവിലെ വൈസ് ചാന്‍സലര്‍ക്ക് സമര്‍പ്പിച്ചു. ലക്ഷ്മിനായര്‍ സ്വജ്ജനപക്ഷപാതം കാട്ടിയെന്നും അധികാര ദുര്‍വിനിയോഗം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇഷ്ടമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടം പോലെ മാര്‍ക്കും നല്‍കിയിട്ടുണ്ടെന്നാണ് ഒരു കണ്ടെത്തല്‍. പലരുടെയും ഇന്റേണല്‍ മാര്‍ക്ക് പൂജ്യത്തില്‍ നിന്ന് പത്ത് വരെയായി. ലക്ഷ്മി നായരുടെ ഭാവി മരുമകള്‍ കുട്ടികളോട് അപമര്യാദയായി പെരുമാറാറുണ്ടെന്നും അവര്‍ക്കില്ലാത്ത ഹാജരും ഇന്റേണല്‍ മാര്‍ക്കും നല്‍കിയെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നു.

50 ശതമാനം പോലും ഹാജര്‍ ഇല്ലാതിരുന്നിട്ടും പരീക്ഷ എഴുതാന്‍ അനുമതി നല്‍കിയെന്നും റിപ്പോര്‍ട്ടിലുണ്ട്. അനുരാധയുടെ പരീക്ഷാഫലം റദ്ദ് ചെയ്യണമെന്നും ശുപാര്‍ശയില്‍ വ്യക്തമാക്കുന്നു. ലോ അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ വസ്തുതയുണ്ടെന്ന് ഉപസമിതി വിലയിരുത്തുന്നു. വിദ്യാര്‍ത്ഥികളുടെ സ്വകാര്യതയെ ഹനിക്കും വിധത്തിലാണ് സി.സിടി.വി ക്യാമറ വച്ചിരിക്കുന്നത്. കുട്ടികളെ കാന്റീന്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ജോലിക്ക് നിയോഗിച്ചെന്ന പരാതിയും വിശ്വസിക്കാവുന്നതാണെന്ന് കമ്മിറ്റി വിലയിരുത്തുന്നു. ഉപസമിതിയുടെ റിപ്പോര്‍ട്ട് സിന്‍ഡിക്കേറ്റ് യോഗം ഇന്നു തന്നെ പരിഗണിക്കും.

വിദ്യാര്‍ത്ഥി പ്രക്ഷോഭം ശക്തമായതോടെ പ്രിന്‍സിപ്പാലിന്റെ അധികാരം വെട്ടികുറയ്ക്കാമെന്ന ഒത്തുതീര്‍പ്പ് നിര്‍ദ്ദേശവുമായി ലോ അക്കാദമി ചെയര്‍മാന്‍ അയ്യപ്പന്‍പിള്ള രംഗത്തു വന്നു. എന്നാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ സ്വീകാര്യമല്ലെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്. ലക്ഷ്മിനായര്‍ കുട്ടികളെ പരിഹസിക്കുകയും ചീത്ത വിളിക്കുകയും ചെയ്യുന്നുണ്ടെന്ന പരാതിയില്‍ കഴമ്പുണ്ടെന്ന് ഉപസമിതി കണ്ടെത്തി.

kla1

kla2