പോണ്ടിച്ചേരിയില്‍ നിന്ന് ചെന്നൈയിലേക്ക് ആര്യ സൈക്കിള്‍ ചവിട്ടി

ചെന്നൈ: നടന്‍ ആര്യ പോണ്ടിച്ചേരിയില്‍ നിന്ന് ചെന്നൈ വരെ സൈക്കിള്‍ സവാരി നടത്തി. ആരംഭത്തിന്റെ ചിത്രീകരണ വേളയിലായിരുന്നു തന്റെ യാത്രയെന്ന് ഒരു തമിഴ് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇപ്പോള്‍ ചെന്നൈ നഗരത്തില്‍ ഷൂട്ട് ഉള്ളപ്പോള്‍ താരം സൈക്കിളിലാണ് ലൊക്കേഷനിലെത്തുന്നത്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ നാല് മണിക്കൂര്‍ സൈക്കിള്‍ സവാരി നടത്തും. ചില ദിവസങ്ങളില്‍ ജിമ്മില്‍ പോകാന്‍ കഴിയില്ല. അങ്ങനെ ഉള്ളപ്പോള്‍ സൈക്കിള്‍ സവാരിയാണ് ആശ്രയമെന്നും താരം പറഞ്ഞു.

പുതിയ സിനിമയുടെ ചിത്രീകരണത്തിനായി മണപ്പാട് എന്ന ചെറിയ ടൗണില്‍ പോയപ്പോള്‍ സൈക്കള്‍ സവാരി മാത്രമായിരുന്നു വ്യായാമത്തിന് ആശ്രയം. അവിടെ ജിമ്മില്ലായിരുന്നു. 40 ദിവസമായിരുന്നു ചിത്രീകരണം. ആസമയം കൊണ്ട് ശരീരം കൂടുതല്‍ നന്നാക്കാനായി. ശരീരത്തിന്റെ ഷേപ്പ് നിലനിര്‍ത്താന്‍ സൈക്ലിംഗ് പോലെ നല്ല വ്യായാമം മറ്റൊന്നില്ലെന്നും ആര്യ പറയുന്നു. പിന്നെ കാറില്‍ യാത്രചെയ്യുന്നതിനേക്കാള്‍ കാഴ്ചകള്‍ കാണാനും അനുഭവങ്ങള്‍ ലഭിക്കാനും സൈക്കിള്‍ സവാരിയാണ് നല്ലത്. വിദേശങ്ങളിലൊക്കെ ഇത് പ്രോല്‍സാഹിപ്പിക്കുന്നുണ്ട്.

സൈക്കിള്‍ സവാരിക്കിടെ നല്ല ആരാധകരെയും കാണാന്‍ കഴിയും. പലരും കൂടെ നിന്ന് ഫോട്ടോ എടുക്കുകയും ഓട്ടോഗ്രാഫ് വാങ്ങുകയും ചെയ്യും അല്ലാതെ ശല്യപ്പെടുത്തിയിട്ടില്ലെന്നും താരം പറഞ്ഞു. ഫൈവ് ഗിയറുള്ള സൈക്കിളാണ് വാങ്ങിയത്. ഇതിന് ഏകദേശം ഇരുപത്തയ്യായിരം രൂപയോളം വിലവരും.