അതിവേഗ റെയില്‍പ്പാതയ്ക്ക് വന്‍ ജനപിന്തുണ; സംസ്ഥാന വികസനത്തിന് വേഗംകൂട്ടുമെന്നും സി-ഫോര്‍ സര്‍വ്വേ

സംസ്ഥാനത്ത് അതിവേഗ റെയില്‍പാതയുടെ നിര്‍മ്മാണത്തിനു വേണ്ടി കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷങ്ങളായി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ വളരെ സജീവമായി നടന്നു വരികയാണ്. അതിവേഗ റെയില്‍പ്പാതയെക്കുറിച്ചുള്ള ജനവികാരം എന്തെന്നറിയാനാണ് കേരള ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ പൊതുജനങ്ങള്‍ക്കിടയില്‍ വിപുലമായ സര്‍വ്വേ നടത്തിയത്. ഇന്ത്യയിലെ ഏറ്റവും മികച്ച റിസര്‍ച്ച് ഏജന്‍സികളിലൊന്നായ സി-ഫോര്‍ ആണ് ഈ സര്‍വ്വേ നടത്തിയത്.

2016 നവംബര്‍ 23 മുതല്‍ 2017 ജനുവരി 14 വരെയാണ് സര്‍വ്വേ നടത്തിയത്. റെയില്‍പ്പാത കടന്നു പോകുന്ന 11 ജില്ലകളിലെ 110 നിയോജക മണ്ഡലങ്ങളിലായിട്ടാണ് സര്‍വ്വേ നടത്തിയത്. പ്രായപൂര്‍ത്തിയായ 13447 പേരില്‍ നിന്നാണ് വിവര ശേഖരണം നടത്തിയത്. ഈ സര്‍വ്വേ ഫലത്തില്‍ ‘മാര്‍ജിന്‍ ഓഫ് എറര്‍’ ഒരു ശതമാനം ഉണ്ടായേക്കാം.

ഒരു അസംബ്ലി നിയോജക മണ്ഡലത്തില്‍ നിന്ന് ശരാശരി 100-120 പേരില്‍ നിന്നാണ് വിവര ശേഖരണം നടത്തിയത്. വോട്ടേഴ്‌സ് ലിസ്റ്റില്‍ നിന്നാണ് ആള്‍ക്കാരെ തെരഞ്ഞെടുക്കുന്നത്. ഓരോ ജില്ലകളില്‍ നിന്ന് 1200 പേരെ നേരില്‍ക്കണ്ടാണ് അഭിപ്രായം ശേഖരിച്ചത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ 49 ശതമാനവും സ്ത്രീകളായിരുന്നു. 18 വയസ്സിന് മുകളിലുള്ളവരില്‍ നിന്നാണ് അഭിപ്രായ ശേഖരണം നടത്തിയത്.

അതിവേഗ റെയില്‍പ്പാതയ്ക്കനുകൂലമായി വന്‍ പിന്തുണയാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. ജാതി, മത, വര്‍ഗ്ഗ, വര്‍ണ്ണ വ്യത്യാസങ്ങള്‍ക്കതീതമായ പിന്തുണ ലഭിച്ചു എന്നത് എടുത്തു പറയേണ്ട കാര്യമാണ്. സര്‍വ്വേയില്‍ പങ്കെടുത്ത 73 ശതമാനം ജനങ്ങള്‍ അതിവേഗറെയില്‍പ്പാത പദ്ധതിയെക്കുറിച്ച് തികഞ്ഞ അറിവുള്ളവരാണ്. ഇവരില്‍ 88 ശതമാനം പേര്‍ പദ്ധതി നടപ്പാക്കണമെന്ന് അഭിപ്രായപ്പെട്ടു. പദ്ധതിയെക്കുറിച്ച് കേട്ടറിവില്ലാത്തവരോട് സര്‍വ്വേ നടത്തിയവര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ 82 ശതമാനം പേര്‍ ഈ പദ്ധതിയെ അനുകൂലിക്കാനും മുന്നോട്ടു വന്നത് പ്രത്യേകം എടുത്തു പറയേണ്ട കാര്യമാണ്.

സംസ്ഥാനത്തെ 86 ശതമാനം പേര്‍ അതിവേഗറെയില്‍പ്പാത പദ്ധതിയെ സമ്പൂര്‍ണ്ണമായി പിന്തുണക്കുന്നുവെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. മൊത്തത്തില്‍ വിലയിരുത്തുമ്പോള്‍ സര്‍വ്വേ നടത്തിയ 11 ജില്ലകളിലെ ശരാശരി 80 ശതമാനം പേര്‍ ഈ പദ്ധതിയെ പിന്തുണച്ചതായിട്ടാണ് കണക്കാക്കുന്നത്. അതിവേഗ റെയില്‍പ്പാത വരുന്നതു കൊണ്ടുള്ള പ്രധാന നേട്ടമായി സര്‍വ്വേയില്‍ പങ്കെടുത്ത എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞ പ്രധാന കാര്യം യാത്രാസമയം ഗണ്യമായി കുറയ്ക്കാനാവുമെന്നതാണ്.

ഈ പദ്ധതി സംസ്ഥാനത്തിന്റെ വികസനത്തിന് വലിയൊരു നാഴികകല്ലായി മാറുമെന്ന് സര്‍വ്വേയില്‍ പങ്കെടുത്തവര്‍ വിലയിരുത്തുന്നുണ്ട്. അതിവേഗ റെയില്‍പ്പാത വരുന്നതോടെ വന്‍ തോതിലുള്ള അന്തരീക്ഷ-ശബ്ദ മലിനീകരണം കുറയ്ക്കാനാവുമെന്ന പ്രതീക്ഷയും സര്‍വ്വേയില്‍ പങ്കെടുത്തവര്‍ പങ്കുവെയ്ക്കുന്നുണ്ട്. പദ്ധതി നടപ്പിലായാല്‍ ദീര്‍ഘദൂര യാത്രയ്ക്ക് ഉപയോഗിക്കുന്ന സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം ഗണ്യമായി കുറയുമെന്നാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കേണ്ടി വരുമ്പോള്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഉത്കണ്ഠയുള്ളവരാണ് ഈ പദ്ധതിയെ പ്രധാനമായും എതിര്‍ത്തതെന്ന് സര്‍വ്വേയില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.