പൂനെ പ്രത്യേക തീവണ്ടി പൊള്ളാച്ചിക്കടുത്ത് പാളം തെറ്റി; ആര്‍ക്കും പരിക്കില്ല

representatvie image

തിരുനെൽവേലി വഴി പൂനെയിലേക്ക് പോയ പ്രത്യേക തീവണ്ടി പൊള്ളാച്ചിക്കടുത്ത് വച്ച് പാളം തെറ്റി. തീവണ്ടിയുടെ ഏഴ് ബോഗികൾ പാളം തെറ്റിയതായാണ് വിവരം. എന്നാൽ ആർക്കും കാര്യമായി പരിക്കേറ്റിട്ടില്ല. രാത്രി പത്ത് മണിയോടെയാണ് സംഭവം നടന്നത്.

പാളത്തിൽ മരം കടപുഴകി വീണതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. മരത്തെ ഇടിച്ച് തെറിപ്പിച്ച് മുന്നോട്ട് പോയ തീവണ്ടിയുടെ എഞ്ചിനും ആദ്യത്തെ ഏഴ് കംപാർട്ട്മെന്റുകളും പിന്നീട് പാളം തെറ്റുകയായിരുന്നു. ഈ സമയത്ത് വണ്ടിക്ക് വേഗം കുറവായതിനാലാണ് യാത്രക്കാർ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം.

പൊള്ളാച്ചി-മീനാക്ഷിപുരം പാതയിൽ വാളക്കൊമ്പിൽ എന്ന സ്ഥലത്താണ് അപകടം നടന്നത്. ഗതാഗതം പുന:സ്ഥാപിക്കുന്നതിനുള്ള ജോലികൾ രാത്രി തന്നെ ആരംഭിച്ചിരുന്നു. ഇന്ന് ഉച്ചയോടെ ഇത് വീണ്ടും തുടരാനാകുമെന്നാണ് റിപ്പോർട്ട്. അതേസമയം ഈ റൂട്ടിൽ പോകുന്ന തീവണ്ടികൾ റദ്ദാക്കിയിട്ടുണ്ട്.

അപകടത്തെ കുറിച്ചുള്ള വിവരങ്ങൾ അറിയാൻ പാലക്കാട് ഡിവിഷൻ ആസ്ഥാനത്ത് പ്രത്യേക സഹായ കേന്ദ്രം ആരംഭിച്ചു. 0491-2555231, 2556198