ലോ അക്കാദമി സമരം പിന്‍വലിച്ചു: ലക്ഷമി നായരെ നീക്കി, വിദ്യാഭ്യാസ മന്ത്രിയും കരാറില്‍ ഒപ്പിട്ടു

ലോ അക്കാദമിയില്‍  29 ദിവസം നീണ്ട വിദ്യാര്‍ഥി സമരം അവസാനിച്ചു.  വിദ്യാര്‍ഥി  പ്രതിനിധികളുമായി വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌നത്തിന് പരിഹാരമായത്. യുജിസി മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ പ്രിന്‍സിപ്പലിനെ നിയമിച്ചാല്‍ സമരം അവസാനിപ്പിക്കാമെന്ന വിദ്യാര്‍ഥികളുടെ നിര്‍ദ്ദേശം കോളേജ് ഡയറക്ടര്‍ നാരായണന്‍ നായര്‍ അംഗീകരിച്ചു. ഇതോടെയാണ് സമരം അവസാനിപ്പിക്കാന്‍  വിദ്യാര്‍ഥി സംഘടനകളുടെ സംയുക്ത സമിതി തീരുമാനിച്ചത്. ……

ലക്ഷ്മി നായരെ പ്രിന്ർസിപ്പല്‍ സ്ഥാനത്ത് നിന്ന് എന്തുകൊണ്ട് മാറ്റുന്നു എന്ന കാര്യം യോഗത്തിന്റെ മിനിട്‌സില്‍ ഉള്‍പ്പെടുത്തണമെന്ന വിദ്യാര്‍ഥികളുടെ ആവശ്യവും അംഗീകരിച്ചു. വിദ്യാഭ്യാസമന്ത്രിയും പുതിയ കാരറില്‍ ഒപ്പുവെച്ചിട്ടുണ്ട്. കരാറിലെ ധാരണയനുസരിച്ചുള്ള തീരുമാനങ്ങളില്‍നിന്ന് മാനേജ്മെന്റ് വ്യതിചലിച്ചാല്‍ സര്‍ക്കാര്‍ ഇടപെടും.

ഡോ. നാരായണന്‍ നായരടക്കമുള്ള ലോ അക്കാദമി മാനേജ്മെന്‍റ് അംഗങ്ങളും മന്ത്രി വി.എസ് സുനില്‍ കുമാറും സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രനും  എഐഎസ്എഫ്, കെ.എസ്.യു, എംഎസ്എഫ്, എബിവിപി തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. മാനേജ്മെന്‍റുമായി നേരത്തെ കരാറുണ്ടാക്കി സമരം പിന്‍വലിച്ച എസ്എഫ്‌ഐ ഇന്നത്തെ ചര്‍ച്ചയില്‍ പങ്കെടുത്തു. പുതിയ കരാറില്‍ എസ്എഫ്ഐയും ഒപ്പുവച്ചിട്ടുണ്ട്.  മാനേജ്മെന്‍റിന്‍റെ അടുക്കളയില്‍ ഉണ്ടാക്കിയതല്ല പുതിയ കരാറെന്ന് സംയുക്ത വിദ്യാര്‍ഥി യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

ലോ അക്കാദമി പ്രവര്‍ത്തിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയായില്ല. വിദ്യാര്‍ഥികളുമായി നേരിട്ട് ബന്ധപ്പെടുന്ന വിഷയമല്ലാത്തതിനാലാണ് വിദ്യാര്‍ഥി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ഈ വിഷയം ഉള്‍പ്പെടുത്താതിരുന്നത്.

വിദ്യാർഥികൾ സമരം പിൻവലിച്ചതിനെ തുടർന്ന് കെ. മുരളീധരൻ എംഎൽഎയും ബിജെപി നേതാവ് വി.വി.രാജേഷും നിരാഹാര സമരം പിന്‍വലിച്ചിട്ടുണ്ട്.  ഭൂമി സംബന്ധിച്ച വിഷയങ്ങളിലും ദളിത് പീഡനങ്ങള്‍ സംബന്ധിച്ച വിഷയങ്ങളിലും സമരം തുടരുമെന്ന് കോണ്‍ഗ്രസും ബിജെപിയും അറിയിച്ചിട്ടുണ്ട്. സമരങ്ങള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച്ച മുതല്‍ ലോ അക്കാദമി ലോ കോളേജില്‍ ക്ലാസുകള്‍ ആരംഭിക്കും.