എസ്.എഫ്.ഐയെ രക്ഷിക്കാന്‍ മെക്‌സിക്കനും സഖാവും സി.ഐ.എയും

തിരുവനന്തപുരം: ലാ അക്കാദമി വിഷയത്തില്‍ മാനം കപ്പല്കയറിയ എസ്.എഫ്.ഐക്ക് ആശ്വാസമായി മൂന്ന് സിനിമകളെത്തുന്നു. എസ്.എഫ്.ഐയുടെ വിപ്ലവവീര്യവും പോരാട്ടവും നിറഞ്ഞ് നില്‍ക്കുന്ന സിനിമയാണ് മെക്‌സിക്കന്‍ അപാരത. ടൊവീനോയും നീരജ് മാധവും പ്രധാനവേഷത്തിലഭിനയിക്കുന്നു. മൂന്ന് സംവിധായകര്‍ ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകത മെക്‌സിക്കനുണ്ട്. ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രത്തിന് സംവിധായകന്‍ ജൂഡ് ആന്റണിയാണ് തിരക്കഥ എഴുതിയത്. നിര്‍മാതാവ് സംവിധായകന്‍ അനൂപ് കണ്ണനാണ്. സാധാരണ സിനിമകളില്‍ എസ്.എഫ്.ഐയുടെ പേരുകള്‍ വേറെ പേരിലാണ് ഉപയോഗിക്കുന്നതെങ്കില്‍ മെക്‌സിക്കന്‍ അപാരതയില്‍ അങ്ങനെയല്ല.
15241880_1118713164864958_1948964135021332264_n
നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന സഖാവും എസ്.എഫ്.ഐ ബന്ധമുള്ള സിനിമയാണ്. എം.ജി യൂണിവേഴ്‌സിറ്റിയില്‍ പഠിക്കുന്ന കാലത്ത് എസ്.എഫ്.ഐക്കാരനായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. ചുവപ്പിന്റെ ചുമരെഴുത്തില്‍ മുഷ്ടി ചുരുട്ടി സഖാവ് എന്നാണ് സഖാവിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലെ ക്യാപ്ഷന്‍. കോട്ടയം സി.എം.എസ് കോളജായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. നിവിന്‍ പോളി സഖാവായി അഭിനയിക്കുന്ന ആദ്യചിത്രമാണ്. എന്നാല്‍ ഇതൊരു മാസ് മസാല സിനിമയായിരിക്കില്ല.
11
അമല്‍നീരദിന്റെ കോംറേഡ് ഇന്‍ അമേരിക്കയില്‍ ദുല്‍ഖറും സഖാവായാണ് അഭിനയിക്കുന്നത്. എസ്.എഫ്.ഐക്കാരനും ദേശാഭിമാനി ഏജന്റുമായ സജി എന്ന കഥാപാത്രം അമേരിക്കയില്‍ പോകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ രത്‌നച്ചുരുക്കം. രണ്ടാം തവണയാണ് ദുല്‍ഖര്‍ എസ്.എഫ്.ഐക്കാരനായി വേഷമിടുന്നത്. നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയിലാണ് ആദ്യം എസ്.എഫ്.ഐക്കാരനായി അഭിനയിച്ചത്. മൂന്ന് ചിത്രങ്ങളും തിയേറ്ററുകളില്‍ ഓളം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.