ലോ അക്കാദമി സമരത്തിലെ ജാള്യത മറയ്ക്കാന്‍ സി.പി.എം രാഷ്ട്രീയ വിശദീകരണയോഗം

ലോ അക്കദമി വിഷയത്തിലെ തിരിച്ചടിയുടെ ജാള്യതമറക്കാന്‍ സിപിഎം ഇന്ന് രാഷ്ട്രീയ വിശദീകരണയോഗം സംഘടിപ്പിക്കുന്നു. ഫെബ്രുവരി 13ന് വൈകിട്ട് ആറിന് പേരൂര്‍ക്കട ജംഗ്ഷനിലാണ് സംസ്ഥാസെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ നേരിട്ട് പങ്കെടുക്കുന്ന വിശദീകരണ യോഗം. ഇതോടൊപ്പം റെഡ് വോളന്റിയര്‍ പരേഡ് കൂടി നടത്തി ശക്തികാണിക്കാനാണ് സിപിഎം ശ്രമം. ലോ അക്കാദമിവിഷയത്തില്‍ ഒറ്റപെട്ടുപോയ അണികളുടെ ആശങ്ക പരിഹരിക്കുകയാണ് ഇന്നത്തെ യോഗത്തിലൂടെ നേതൃത്വം ലക്ഷ്യമിടുക. സംസ്ഥാനത്തേയും ജില്ലയിലേയും പ്രമുഖ നേതാക്കളെ അണി നിരത്താനുള്ള ഒരുക്കത്തിലാണ് സിപിഎം. പേരൂര്‍ക്കട ഏര്യാകമ്മറ്റിക്ക് കീഴിലുള്ള എട്ട് ലോക്കല്‍ കമ്മറ്റികളില്‍ നിന്നായി മുഴുവന്‍ പ്രവര്‍ത്തകരേയും സംഘടിപ്പിക്കാനാണ് ശ്രമം.

ലോ അക്കാദമി സമരം സിപിഎമ്മിന് സമ്മാനിച്ചത് കടുത്ത ക്ഷീണമാണ്. വിദ്യാര്‍ത്ഥി സമരത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ ബിജെപിക്കും ഒരു പരിധി വരെ കോണ്‍ഗ്രസിനുമായെങ്കിലും സിപിഎം ഇവിടെ ഒറ്റപെട്ടു. സമരത്തിന്റെ തുടക്കം മുതല്‍ തന്നെ മാനേജ്‌മെന്റിനെ അമിതമായി സംരക്ഷിക്കുന്നുവെന്ന ആരോപണം സിപിഎമ്മിനെതിരെ ഉയര്‍ന്നിരുന്നു. മാനേജുമെന്റുമായി കരാര്‍ ഒപ്പിട്ട് എസ്എഫ്‌ഐ സമരം കൂടി അവസാനിപ്പിച്ചപ്പോള്‍ ആ ഒറ്റപെടല്‍ പൂര്‍ത്തിയായി. പ്രതിപക്ഷ കക്ഷികളില്‍ നിന്നും മുന്നണിക്കകത്തെ സിപിഐയില്‍ നിന്നും നേരിടേണ്ടി ഈ തിരിച്ചടിയെ മറികടക്കാനാണ് ഇന്നത്തെ രാഷ്ട്രീയ വിശദീകരണ യോഗവും ചുവപ്പ് വളണ്ടിയര്‍ മാര്‍ച്ചും.

ലോ അക്കാദമിയിലെ ഭൂമി വിഷയത്തില്‍ വി.എസ്.അച്യുതാനന്ദന്‍ ഉയര്‍ത്തുന്ന എതിര്‍ സ്വരവും നേതൃത്വത്തിന് തലവേദന തന്നെയാണ്. ഭൂമി വിഷയത്തില്‍ അന്വേഷണമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ തന്നെ എതിര്‍പ്പുമായി വിഎസ് രംഗത്തെത്തി. ഇതോടൊപ്പം തന്നെ മുഖ്യമന്ത്രിയെ തള്ളി കടുത്ത നടപടിയുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോകുന്നതും സിപിഎമ്മിനെ പ്രതിരോധത്തിലാക്കുകയാണ്. പൊതുജനമധ്യത്തില്‍ ഒന്നും പറയാനാകാതെ വിഷമിക്കുകയാണ് സിപിഎം ഇപ്പോള്‍. നാരായണന്‍ നായരുടേയും സംഘത്തിന്റെയും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി കുടപിടിക്കുകയാണെന്ന അഭിപ്രായം സിപിഎം അണികള്‍ക്കും പൊതുജനങ്ങള്‍ക്കുമുണ്ട്. ഇതിനെല്ലാം രാഷ്ട്രീയ വിശദീകരണ യോഗത്തിലൂടെ മറുപടി പറയുകയാണ് സിപിഎമ്മിന്റെ ലക്ഷ്യം.

ലോ അക്കാദമി സമരം ബിജെപിക്ക് നല്‍കിയ രാഷ്ട്രീയ നേട്ടം മറികടക്കുക എന്നത് സിപിഎമ്മിനു മുന്നില്‍ ഇപ്പോഴുള്ള വെല്ലുവിളിയാണ്. വിദ്യാര്‍ത്ഥി വിഷയങ്ങളെ കടന്ന് ഭൂമി വിഷയത്തിലേക്ക് സമരത്തിന്റെ ആവശ്യം വഴിമാറിയത് ബിജെപിയുടെ രംഗ പ്രവേശത്തോടെയാണ്. വി.എസ് കൂടി ആ വിഷയം ഉയര്‍ത്തിയപ്പോല്‍ പ്രതിരോധത്തിലായത് സിപിഎമ്മാണ്. ഒരേ മുന്നണിയാണെങ്കിലും സിപിഐയും സമരക്കാര്‍ക്കൊപ്പമായി. പാര്‍ട്ടിക്ക് യാതൊരു ലാഭവുമില്ലാതെ നാരയണന്‍നായരേയും ലക്ഷമിനായരേയും ചുമന്ന് നാറിയെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ക്കിടയിലെ അഭിപ്രായം.  രാഷ്ട്രീയ എതിരാളികള്‍ക്ക് മറുപടിയെന്നതിനൊപ്പം സ്വന്തം പ്രവര്‍ത്തകരുടെ നിരാശകൂടി മറികടക്കാനാണ് ഇന്നത്തെ യോഗത്തിലൂടെ സിപിഎം ശ്രമിക്കുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്ന് കാത്തിരുന്നു കാണാം.