പൃഥ്വിരാജിന്റെ വിമാനം തുടങ്ങി; വിനീതിന്റെ വിമാനം പറക്കുന്നു

തിരുവനന്തപുരം: പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന വിമാനത്തിന്റെ ചിത്രീകരണം കൊച്ചിയില്‍ തുടങ്ങി. ലിറ്റില്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ ഈമാസം 20ന് പൃഥ്വിരാജ് ജോയിന്‍ ചെയ്യും.

ഏതാണ്ട് രണ്ട് വര്‍ഷക്കാലത്തിലധികമായി പ്രദീപ് ഈ സിനിമയ്ക്ക് പിന്നിലായിരുന്നു. കഥയുമായി സാമ്യമുണ്ടെന്ന വാദത്തെ തുടര്‍ന്ന് വിനീത് ശ്രീനിവാസന്‍ നായകനാകുന്ന എബിയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രദീപ് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി ഈ ഹര്‍ജി തള്ളി.

17tvf-abyവിമാനത്തിന്റെ തിരക്കഥ കോടതി വായിക്കുകയും ചിത്രീകരണം പൂര്‍ത്തിയായ എബി എന്ന സിനിമ കാണുകയും ചെയ്തു. ഇതോടെ കഥയില്‍ സാമ്യമില്ലെന്ന് മനസിലാക്കിയ കോടതി പ്രദീപിന്റെ ഹര്‍ജി തള്ളുകയായിരുന്നു.

ഫെഫ്ക ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രശ്‌നത്തിലിടപെട്ടിട്ടും തീര്‍പ്പാകാത്തതിനെ തുടര്‍ന്നാണ് പ്രശ്‌നം കോടതി കയറിയത്. ചിത്രീകരണം പൂര്‍ത്തിയായിട്ടും കേസുള്ളതിനാല്‍ എബിയുടെ റിലീസിംഗ് വൈകുകയായിരുന്നു. തൊടുപുഴ സ്വദേശിയായ ഒരു യുവാവ് വിമാനം പറത്തിയ സംഭവവുമായി ബന്ധപ്പെട്ടാണ് വിമാനത്തിന്റെ തിരക്കഥ എഴുതിയത്. എന്നാല്‍  എബിക്ക് അതുമായി യാതൊരു ബന്ധവും ഇല്ലെന്ന് തിരക്കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം പറയുന്നു. കേസ് കോടതിയിലായതിനാല്‍ ചിത്രത്തിന് ഡേറ്റ് നല്‍കാന്‍ പൃഥ്വിരാജും മടിച്ചു. അന്തിമവിധി വന്ന ശേഷമാണ് ചിത്രീകരണം ആരംഭിക്കാമെന്ന് വാക്ക്‌കൊടുത്തത്.