മോഹന്‍ലാല്‍ 20 ദിവസം തലസ്ഥാനത്ത്

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം തലസ്ഥാനത്ത് രണ്ടാഴ്ചയിലധികം നീണ്ട് നില്‍ക്കുന്ന ഷൂട്ടിംഗിനായി മോഹന്‍ലാല്‍ എത്തുന്നു. മോഹന്‍ലാലിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തില്‍ അഭിനയിക്കാനാണ് താരം എത്തുന്നത്. ചിത്രാഞ്ജലി സ്റ്റുഡിയോയിലെ ഫ്‌ളോറിലാണ് ഷൂട്ട്. ഇതിനായുള്ള ക്രമീകരണങ്ങള്‍ തുടങ്ങി. ഒപ്പത്തിലെ ചില സ്റ്റണ്ട് സീനുകള്‍ വിഷ്വല്‍ എഫക്‌സ് ഉപയോഗിച്ച് ചിത്രാഞ്ജലിയില്‍ എടുത്തിരുന്നു. തിരുവല്ലത്തുള്ള ഫ്‌ളാറ്റിലാണ് താരം താമസിക്കുന്നത്. അമ്മയെ കൊച്ചിയിലെ വീട്ടിലേക്ക് കൊണ്ടുപോയ ശേഷം മുടവന്‍മുഗളിലെ കുടുംബവീട്ടില്‍ മോഹന്‍ലാല്‍ താമസിച്ചിട്ടില്ല.
2013ല്‍ പ്രിയദര്‍ശന്റെ ഗീതാഞ്ജലി എന്ന സിനിമയില്‍ അഭിനയിക്കാന്‍ രണ്ട് മാസത്തോളം മോഹന്‍ലാല്‍ തിരുവനന്തപുരത്ത് എത്തിയിരുന്നു.
അതിന് ശേഷം ദീര്‍ഘനാളത്തെ ചിത്രീകരണത്തിനെത്തുന്നത് ഇപ്പോഴാണ്. എണ്‍പതുകളുടെ പകുതിയിലും തൊണ്ണൂറുകളിലും നിരവധി മോഹന്‍ലാല്‍ സിനിമകള്‍ തിരുവനന്തപുരത്ത് ചിത്രീകരിച്ചിരുന്നു. അന്ന് കേരളത്തിലെ ഏറ്റവും നല്ല സ്റ്റുഡിയോ ചിത്രാഞ്ജലിയായിരുന്നു. പിന്നീടാണ് കൊച്ചിയിലും മറ്റും നല്ല സ്റ്റുഡിയോകള്‍ വന്നത്. അതോടെയാണ് പലരും കൊച്ചിയിലേക്ക് ചേക്കേറിയത്.