പുലിയെ തൊടാതെ മോഹന്‍ലാല്‍ പുലിമുരുകനായെന്ന് മന്ത്രി ജി.സുധാകരന്‍

 ആലപ്പുഴ: 100 കോടി ക്ലബില്‍ ഇടംനേടിയ ആദ്യ മലയാളസിനിമയായ പുലിമുരുകനില്‍ ഒരു സീനില്‍ പോലും മോഹന്‍ലാല്‍ പുലിയെ പിടിച്ചിട്ടില്ലെന്ന് മന്ത്രി ജി.സുധാകരന്‍. ഇക്കാര്യം തനിക്ക് വ്യക്തമായി അറിയാമെന്നും മന്ത്രി പറഞ്ഞു. ചെമ്മീന്‍ സിനിമയുടെ അന്‍പതാം വാര്‍ഷികത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമയുടെ നിര്‍മാണച്ചെലവ് നോക്കി നിലവാരം അളക്കരുത്. ജീവിതവുമായി ബന്ധപ്പെട്ട കഥകളാണ് സിനിമയാക്കേണ്ടത്. അത് രണ്ട് കോടിക്കെടുത്താലും മതി. എണ്ണത്തേക്കാളുപരി നല്ല സിനിമകളാണ് ഉണ്ടാവേണ്ടത്. കോടികള്‍ പ്രതിഫലം വാങ്ങുന്ന സൂപ്പര്‍ താരങ്ങള്‍ ചാര്‍ളി ചാപ്‌ളിന്റെ ആത്മകഥ വായിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വായിച്ചാല്‍ ലജ്ജിച്ച് തലതാഴ്ത്തുമെന്നും മന്ത്രി പറഞ്ഞു.
പുലിമുരുകനില്‍ വിഷ്വല്‍ എഫക്‌സിന്റെ സഹായത്തോടെയാണ് മോഹന്‍ലാലും പുലിയും തമ്മിലുള്ള സംഘട്ടനങ്ങള്‍ ചിത്രീകരിച്ചതെന്ന് നേരത്തെ സോഷ്യല്‍ മീഡിയയില്‍ പ്രചരണമുണ്ടായിരുന്നു. അത് ശരിവയ്ക്കുന്നതാണ് മന്ത്രിയുടെ പ്രസ്താവന. പുലിമുരുകന്റെ വിഷ്വല്‍എഫക്‌സിന് മാത്രം രണ്ട് കോടിയാണ് ചെലവഴിച്ചത്. പുലിയുടെ ഡെമ്മിയുണ്ടാക്കി സ്റ്റണ്ട് സീനുകള്‍ ചിത്രീകരിച്ച ശേഷം പുലിയുടെ മൂവ്‌മെന്‍സ് ചിത്രീകരിച്ചത് സാങ്കേതികവിദ്യ ഉപയോഗിച്ച് കോര്‍ത്തിണക്കുകയായിരുന്നെന്നും പ്രചരണമുണ്ടായിരുന്നു.