അപ്രിയ സത്യങ്ങള്‍ തുറന്ന് പറയാന്‍ ടിനിടോമിനും ഭയം

തിരുവനന്തപുരം: മലയാളസിനിമയില്‍ നടിമാര്‍ക്ക് മാത്രമല്ല, നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമൊക്കെ അപ്രിയസത്യങ്ങള്‍ തുറന്ന് പറയാന്‍ ഭയമാണ്. താരപ്രമാണിമാര്‍ക്കൊ അവരുടെ കോക്കസിലുള്ളവര്‍ക്കോ എതിരെ ശബ്ദിച്ചാല്‍ അവസരങ്ങള്‍ നഷ്ടപ്പെടുകയോ, അല്ലെങ്കില്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് തന്നെ തുടച്ച് നീക്കുകയോ ചെയ്യുമെന്ന് പേടിച്ചാണ് നടന്‍മാര്‍ പോലും ഒന്നും മിണ്ടാത്തത്.

മിമിക്രിയിലൂടെയാണ് ടിനിടോം ശ്രദ്ധേയനായതെങ്കിലും മമ്മൂട്ടിയുടെ ഡ്യൂപ്പായാണ് സിനിമയിലെത്തിയത്. സിനിമയുടെ ഉള്ളറയിലെ പലകാര്യങ്ങളെ കുറിച്ചും പറയണമെന്ന് ടിനിക്ക് ആഗ്രഹമുണ്ട്. പക്ഷെ, എവിടെയെങ്കിലും ആര്‍ക്കെങ്കിലും എതിരെ പറഞ്ഞാല്‍ പ്രശ്‌നമാകുമെന്ന് കരുതി ഒന്നും പറയാറില്ല. മമ്മൂട്ടിയുടെ പിന്തുണകൂടിഉള്ളത് കൊണ്ടാണ് ടിനിക്ക് ഈരംഗത്ത് പിടിച്ച് നില്‍ക്കാനാകുന്നത്.

ആരെയും പിണക്കാതെ ഒരുമിച്ച് കൊണ്ടുപോകാനുള്ള കഴിവാണ് ടിനിയുടെ വിജയം. ദേഷ്യം വന്നാല്‍ കണ്ണടച്ച് നില്‍ക്കും. ഏവനോടെങ്കിലും രണ്ടെണ്ണം പറയണമെന്നുണ്ടെങ്കില്‍ താന്‍ വായില്‍ വെള്ളമൊഴിച്ചുനില്‍ക്കും എന്നാണ് താരം പറയുന്നത്. അതുകൊണ്ട് അപ്രിയസത്യങ്ങള്‍ പറയാതെ, കണ്ടിട്ടും കാണാതെ പോവുകയാണ് താരം.

ഇത്‌കൊണ്ട് ഗുണമല്ലാതെ ദോഷം ഉണ്ടായിട്ടില്ല. എന്നിട്ടും ദഫേദാര്‍ പോലൊരു സിനിമയില്‍ നല്ല കഥാപാത്രത്തെ അവതരിപ്പിച്ചതോടെ ഒതുക്കാന്‍ ചിലര്‍ നീക്കം തുടങ്ങിയിട്ടുണ്ട്. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ എനിക്കറിയില്ല, ജോലിയില്‍ മാത്രമാണ് ശ്രദ്ധിക്കുന്നതെന്ന് താരം പറയുന്നു.