മമ്മൂട്ടിയെ കുള്ളനാക്കിയത് നാദിര്‍ഷയല്ല

തിരുവനന്തപുരം: പ്രോജക്ട് അനൗണ്‍സ് ചെയ്യുമ്പോഴേ ആരാധകരും മറ്റും സോഷ്യല്‍ മീഡിയയിലൂടെ അതിലെ കഥാപാത്രങ്ങളെ കുറിച്ചും അഭിനേതാക്കളെ കുറിച്ചും കഥകള്‍ പ്രതരിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. അത്തരത്തിലുള്ളൊരു പ്രചരണമാണ് മമ്മൂട്ടി കുളളനായി അഭിനയിക്കുന്നു എന്നത്. നാദിര്‍ഷയും ബെന്നി പി.നായരമ്പലവും മമ്മൂട്ടിയെ നായകനാക്കി ഒരു സിനിമ പ്ലാന്‍ ചെയ്യുന്നുണ്ട്. അത് എന്ന് നടക്കുമെന്നൊന്നും തീരുമാനിച്ചിട്ടില്ല. ദിലീപുമൊത്തുള്ള അമേരിക്കല്‍ ഷോയുടെ റിഹേഴ്‌സലിന്റെ തിരക്കിലാണ് നാദിര്‍ഷ. അപ്പോഴാണ് താന്‍ പോലും അറിയാതെ തന്റെ സിനിമയില്‍ മമ്മൂട്ടി കുള്ളനാകുന്നെന്ന വാര്‍ത്ത നാദിര്‍ഷ അറിയുന്നത്.

അമര്‍ അക്ബറും കട്ടപ്പനയിലെ ഋത്വിക് റോഷനും ഹിറ്റായതോടെ അടുത്ത സിനിമ അതിനും അപ്പുറമാവണമെന്ന വാശിയിലാണ് നാദിര്‍ഷ. ദിലീപിനെ നായകനാക്കി സിനിമ ചെയ്യുന്നുണ്ട്. കൂടാതെ കട്ടപ്പനയുടെ തമിഴ് പതിപ്പ്. ഇതില്‍ ഏത് ആദ്യം ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ല. അതൊക്കെ കഴിഞ്ഞേ മമ്മൂട്ടി സിനിമയുടെ കഥ ആലോചിക്കൂ എന്നും നാദിര്‍ഷ പറഞ്ഞു. മമ്മൂട്ടിയുടെ നാലാമത്തെ സിനിമയായ മേളയില്‍ അദ്ദേഹം ഒരുപാട് കുള്ളന്‍മാര്‍ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. കുള്ളന്‍മാരുടെ ജീവിതാവസ്ഥകള്‍ അന്നേ മനസിലാക്കിയ മമ്മൂട്ടിക്ക് കുള്ളനായി അഭിനയിക്കാന്‍ ബുദ്ധിമുട്ടുണ്ടാകില്ല എന്നത് വേറെ കാര്യം. എന്തായാലും സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത കണ്ട് ഇനി ഒരു കുള്ളന്റെ കഥ ബെന്നി എഴുതില്ലെന്നും പറയാനാവില്ല.