ഒളിഞ്ഞ് നോട്ടം നയന്‍സിന് ഇഷ്ടമല്ല

ചെന്നൈ: നയന്‍താരയെ പോലെ മാര്‍ക്കറ്റുള്ള മറ്റൊരു നടി ഇന്ന് തെന്നിന്ത്യയിലില്ല. മലയാളത്തില്‍ നല്ല കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരം തമിഴിലും തെലുങ്കിലും കന്നടയിലും ഗ്ലാമറായും അല്ലാതെയും തിളങ്ങുന്നു. നമ്പര്‍ വണ്‍ നയന്‍സ് തന്നെ. അധ്വാനം മാത്രമാണ് ഇതിന് പിന്നിലുള്ളത്. കൈനിറയെ പണവും വന്ന് ചേര്‍ന്നു. അച്ഛനും സഹോദരനും ഒന്നും ഇത്രയും ഈ ജന്‍മത്ത് സമ്പാദിക്കാനൊക്കില്ല. പണം പാഴാക്കാതെ ഫഌറ്റുകളും വില്ലകളും ആഭരണങ്ങളും വസ്തുക്കളും വാഹനങ്ങളും വാങ്ങിക്കൂട്ടി. എത്ര ഉയരത്തിലായാലും അഹങ്കരിക്കില്ലെന്ന് മാതാപിതാക്കള്‍ക്ക് നല്‍കിയ വാഗ്ദാനം താരം പാലിച്ച് പോരുന്നു.

താരത്തിന്റെ വിനയം ചിലര്‍ക്ക് പരിഹാസമായി. അതൊന്നും താരം ശ്രദ്ധിച്ചതേയില്ല. ജീവിതം ലളിതമാക്കി. സ്വകാര്യ ചടങ്ങുകളില്‍ വെള്ളവസ്ത്രം ധരിച്ചു. വെള്ളയോട് തനിക്ക് പ്രത്യേക ഇഷ്ടമാണെന്നും അത് സന്തോഷം പകരുന്നെന്നും താരം പറയുന്നു. ചെന്നൈയില്‍ പുതുതായി വാങ്ങിയ ആഢംബര ഭവനത്തിനും അതിലെ സാധനങ്ങള്‍ക്കും വെള്ള നിറമാണ്. കാമുകന്‍ വിഘ്‌നേഷിന് വാങ്ങിയ ഡ്രസുകളെല്ലാം വെള്ളയാണ്. കഴിഞ്ഞ ഓണത്തിന് ഇരുവരും തൂവെള്ള വസ്ത്രമണിഞ്ഞ് എടുത്ത ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വയറലായിരുന്നു. എന്നാല്‍ ചെന്നൈയിലെ പരദൂഷണക്കാരായ സിനിമാക്കാര്‍ക്ക് അത് ഇഷ്ടമായില്ല. മനസ് കറുത്തത് കൊണ്ടാണ് നയന്‍സ് വെള്ള വസ്ത്രം ധരിക്കുന്നതെന്ന് അവര്‍ പറഞ്ഞ് പരത്തി. താരം അതിനൊന്നും മറുപടിപറയാന്‍ മെനക്കെട്ടില്ല. സമയം വിലപ്പെട്ടതാണ്, അപഖ്യാതി പറയുന്നവര്‍ക്ക് വേണ്ടി പാഴാക്കാനുള്ളതല്ല താരം പറയുന്നു.

എനിക്ക് മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കേണ്ട കാര്യമില്ല. എന്നെ എനിക്കറിയാം. അതുകൊണ്ട് മറ്റുള്ളവരും എന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കരുതെന്നാണ് താരം പറയുന്നത്. ജോലിയില്ലാതെ ഇരിക്കുന്നവരാണ് ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തുന്നത്. തനിക്ക് ദിവസം 24 മണിക്കൂര്‍ ജോലി ചെയ്യാന്‍ തന്നെ തികയുന്നില്ലെന്നും താരം വ്യക്തമാക്കി.