പൊലീസ് സ്റ്റേഷനില്‍ പോകാം; പുസ്തകം വായിക്കാം

പൊലീസ് സ്റ്റേഷനില്‍ പോയി ഒരു പരാതി കൊടുത്തിട്ടു വരാം എന്ന പതിവു പല്ലവിക്കൊരു മാറ്റം. പുസ്തകം വായിക്കാന്‍ പൊലീസ് സ്റ്റേഷനില്‍ പോയി എന്നും പറയാം. പൊലീസ് സ്റ്റേഷനുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു മാറ്റം.

ഇതിന്റെ ഭാഗമായി പൊലീസ് സ്റ്റേഷനുകളില്‍ വായനാമുറിയും കൗണ്‍സലിംഗ് സെന്ററും മറ്റുമുണ്ടാകും. തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തില്‍ ലൈബ്രറി ഒരുക്കുന്നത്. വൈകാതെ എല്ലായിടത്തേക്കും വ്യാപിപ്പിക്കും.

‘ജനമൈത്രി’ പൊലീസ് ഏറെ മാറ്റങ്ങള്‍ കൊണ്ടുവന്നെങ്കിലും സ്റ്റേഷനിലെത്തിയാലുള്ള വല്ലായ്ക മാറിയിട്ടില്ലെന്ന ആവലാതിയാണ് ഇപ്പോഴും പൊതുവേയുള്ളത്. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തില്‍ ഈയിടെ ചേര്‍ന്ന പൊലീസ് മേഖലാതല യോഗങ്ങള്‍ക്കു പിറകേ സ്റ്റേഷനുകള്‍ ജനസൗഹൃദമാക്കി മാറ്റാനുള്ള തീരുമാനമുണ്ടായത്.

കണ്ണൂരില്‍ ഇതിനകം തന്നെ പുതിയ യജ്ഞത്തിന് തുടക്കമായി. പാനൂര്‍ പൊലീസ് സ്റ്റേഷന്‍, കണ്ണൂര്‍ വനിതാ സെല്‍ എന്നിവിടങ്ങളില്‍ ലൈബ്രറി സജീവമാണിപ്പോള്‍. പരാതിയുമായി എത്തുന്നവര്‍ക്കു മാത്രമല്ല, മറ്റുള്ളവര്‍ക്കും വായനാമുറിയില്‍ കയറാം. എത്ര സമയം വേണമെങ്കിലും ചെലവിടാം. വനിതാ സെല്ലില്‍ നേരത്തെ തന്നെ വായനാമുറി തുറന്നിരുന്നു. ദിവസവും നിരവധി വിദ്യാര്‍ത്ഥികള്‍ എത്തുന്നുണ്ട്. പി.എസ്.സി പരീക്ഷകള്‍ക്കും മറ്റും തയാറെടുക്കുന്നവര്‍ക്കുള്ള റഫറന്‍സ് പുസ്തകങ്ങളുമുണ്ട് ഇവിടെ.

പലരില്‍ നിന്നായി പുസ്തകങ്ങള്‍ ശേഖരിച്ചായിരുന്നു വായനശാലയുടെ തുടക്കം. ഗ്രാന്റ് ലഭിക്കാന്‍ തുടങ്ങിയതോടെ എല്ലാ വര്‍ഷവും പുസ്തകങ്ങള്‍ വാങ്ങുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വാങ്ങിയത് 13,500 രൂപയുടെ പുസ്തകങ്ങള്‍. ഇപ്പോള്‍ 3250 പുസ്തകങ്ങളുണ്ട് ലൈബ്രറിയില്‍. തൊട്ടടുത്തുള്ള താവക്കര എല്‍.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വായിക്കാന്‍ നല്‍കുന്നുണ്ട്. പുസ്തകത്തെക്കുറിച്ചുള്ള കുട്ടികളുടെ കുറിപ്പ് എഴുത്തുപെട്ടിയിലൂടെ ശേഖരിച്ച് മികച്ചതിനു സമ്മാനവും നല്‍കുന്നുണ്ട്.