ജൂനിയര്‍ ആര്‍ടിസ്റ്റ് ആക്കിയില്ല; ജയസൂര്യയെ സിദ്ധിഖ് നായകനാക്കി

 

2016 തനിക്ക് എല്ലാം കൊണ്ടും അനുഗ്രഹവും സന്തോഷവും തന്നെന്ന് ജയസൂര്യ. ദേശീയ അവാര്‍ഡ്, ഇടി പോലുള്ള ഒരു ആക്ഷന്‍ സിനിമയില്‍ അഭിനയിച്ചു, വി.പി സത്യന്റെ ജീവിതകഥ പറയുന്ന സിനിമയില്‍ നായകനാകാന്‍ കരാറൊപ്പിട്ടു, കുഞ്ഞുന്നാളിലേ സ്വപ്‌നം കണ്ടിരുന്ന, സിദ്ധിഖ് ചിത്രത്തില്‍ അഭിനയിച്ചു. അങ്ങനെ പോകുന്നു നേട്ടങ്ങള്‍. പുതുവര്‍ഷത്തിലും അത് തുടരാനാകണേ എന്ന പ്രാര്‍ത്ഥനയിലാണ് താരം. പ്രേക്ഷകരും സഹപ്രവര്‍ത്തകരും തനിക്കൊപ്പം ഉണ്ടാകുമെന്നും താരം വിശ്വസിക്കുന്നു.

വിയറ്റ്‌നാം കോളനിയുടെ ലൊക്കേഷനില്‍ ചെന്നിട്ടും ചാന്‍സ് കിട്ടിയില്ല

സിനിമ സ്വപ്‌നം കണ്ട് തുടങ്ങിയ കാലത്തേ സിദ്ധിഖ് ലാല്‍ സിനിമകളുടെ ലൊക്കേഷനില്‍ ജയസൂര്യ പോകുമായിരുന്നു. ഇന്‍ ഹരിഹര്‍ നഗര്‍, വിയറ്റ്‌നാം കോളനി, ഹിറ്റ്‌ലര്‍, കാബൂളിവാല അങ്ങനെ എത്ര ലൊക്കേഷനുകള്‍. വിയറ്റ്‌നാം കോളനിയുടെ ലൊക്കേഷനില്‍ കാത്ത് നിന്നിട്ടും കോളനിക്കാരില്‍ ഒരാളായിട്ട് പോലും ജയസൂര്യയെ പരിഗണിച്ചില്ല. ആലപ്പുഴയിലായിരുന്നു ചിത്രീകരണം അതുകൊണ്ട് അവിടുത്തുകാരെ മാത്രമേ ജൂനിയര്‍ ആര്‍ടിസ്റ്റായി അഭിനയിപ്പിച്ചുള്ളൂ. എന്നാല്‍ ഫുക്രിയില്‍ നായകനാകാന്‍ സിദ്ധിഖ് വിളിച്ചപ്പോള്‍ അന്ന് നടന്നതിന്റെ ഗുണം ഇന്നാണ് ലഭിച്ചതെന്ന് ഓര്‍ത്തു. ചിത്രത്തില്‍ ലാലും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

സിദ്ധിഖും ലാലും പിണങ്ങിയത്?

സിദ്ധിഖും ലാലും ഒരുമിച്ച് സംവിധാനം ചെയ്യുന്നത് നിര്‍ത്തിയെങ്കിലും രണ്ടും പേരും നല്ല സൗഹൃദത്തില്‍ തന്നെ. രണ്ട് പേരും പിരിയാന്‍ കാരണമെന്തെന്ന് ഒരിക്കല്‍ ആരോ ചോദിച്ചു. ഞങ്ങള് തമ്മില്‍ നല്ല സൗന്ദര്യപ്പിണക്കത്തിലായിരുന്നെന്ന് ലാല്‍ പറഞ്ഞു. രണ്ടു പേരില്‍ ആരാണ് സുന്ദരന്‍ എന്ന് തര്‍ക്കമുണ്ടായിരുന്നു. ലാലാണ് സുന്ദരനെങ്കിലും ഞാനത് അംഗീകരിക്കില്ലെന്ന് സിദ്ധിഖ് പറഞ്ഞു. ഇതാണ് അവരുടെ നര്‍മബോധം. എല്ലാ കാര്യങ്ങളെയും ചിരിച്ചുകൊണ്ടാണ് അവര്‍ സമീപിക്കുന്നത്. ഫുക്രിയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു ഗോഡ്ഫാദറിന്റെ 25ാം വാര്‍ഷികം ആഘോഷിച്ചത്. അതിലും തനിക്ക് വലിയ സന്തോഷം തോന്നിയെന്ന് ജയസൂര്യ പറഞ്ഞു.

ലുക്ക്മാന്‍ ഫുക്രി

ലുക്ക്മാന്‍ ഫുക്രി എന്ന കഥാപാത്രം സരസനായത് കൊണ്ട് തനിക്ക് അനായാസം ചെയ്യാനായെന്ന് ജയസൂര്യ പറഞ്ഞു. എന്നാല്‍ ഈ കഥാപാത്രം വലിയ വെല്ലുവിളിയാണ് താനും. എനിക്കും കോമഡി ഇഷ്ടമാണ്. പക്ഷെ, കഥാപാത്രത്തിന്റെ ഹ്യൂമര്‍ സെന്‍സും തന്റേതും കൂട്ടിക്കുഴച്ചിട്ടില്ലെന്നും താരം പറഞ്ഞു. നന്നായി കോമഡി പറയാനും എഴുതാനും അതിനേക്കാള്‍ മനോഹരമായി ചിത്രീകരിക്കാനും സിദ്ധിഖിന് അറിയാം.

അതാണ് അദ്ദേഹത്തിന് ദൈവം നല്‍കിയ സമ്മാനം. നൂറ് കോടി കളക്ട് ചെയ്ത ബോഡിഗാഡ് സംവിധാനം ചെയ്ത ശേഷം അദ്ദേഹം ഏതോ ചാനലിലെ കോമഡി പരിപാടിയുടെ ജഡ്ജായി പോയി. ചിലരതിനെ കുറ്റപ്പെടുത്തി. എന്നാല്‍ താന്‍ മിമിക്രിയില്‍ നിന്നാണ് വന്നതെന്നും അതിന്റെ ജഡ്ജായി പോകുന്നതില്‍ അഭിമാനമേ ഉള്ളൂ എന്നുമാണ് സിദ്ധിഖ് മറുപടി പറഞ്ഞത്. നല്ല മനസുള്ള ഒരാള്‍ക്കേ ഇങ്ങിനെ പറയാനാകൂ. സംവിധായകന്‍ എന്ന നിലയില്‍ ആര്‍ട്ടിസ്റ്റുകളുടെയും ടെക്‌നീഷ്യന്‍മാരുടെയും സംശയങ്ങള്‍ക്ക് അദ്ദേഹം കൃത്യമായി മറുപടി നല്‍കും. ബോളിവുഡിലൊക്കെ സിനിമ ചെയ്തത് കൊണ്ട് ടെക്‌നിക്കലി വളരെ പെര്‍ഫക്ടുമാണ്.