മമ്മൂട്ടി കോളജ് അധ്യാപകന്‍ ആകുന്നത് എഡ്ഡിയില്‍

മമ്മൂട്ടി കോളജ് ലക്ചറുടെ വേഷത്തിലെത്തുന്ന ചിത്രത്തിന് ‘എഡ്ഡി’ എന്നു പേരിട്ടെന്നു സൂചന. ചിത്ത്രിലെ കഥാപാത്രത്തിന്റെ പേര് എഡ്വാര്‍ഡ് ലിവിങ്സ്റ്റണ്‍ എന്നാണെന്നു നേരത്തേ സംവിധായകന്‍ തന്നെ വ്യക്തമാക്കിയിരുന്നു. ഇതില്‍ എഡ്വാര്‍ഡിന്റെ ചുരുക്കപ്പോരാണ് ‘എഡ്ഡി’യെന്നത്.

1986ല്‍ പുറത്തിറങ്ങിയ സ്നേഹമുള്ള സിംഹം, 1995ല്‍ പുറത്തിറങ്ങിയ മഴയെത്തുംമുമ്പേ എന്നീ സിനിമകളില്‍ കോളജ് അധ്യാപകന്റെ വേഷത്തിലാണ് എത്തിയത്. ഈ സിനിമകള്‍ രണ്ടും സൂപ്പര്‍ഹിറ്റുകളായിരുന്നു. മഴയെത്തും മുമ്പേയിലെ കഥാപാത്രത്തെ ജനങ്ങള്‍ സ്വീകരിച്ചു. ഇപ്പോള്‍ 22 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണു മമ്മൂട്ടി വീണ്ടും കോളജിലേക്ക് എത്തുന്നത്. അജയ് വാസുദേവനാണു ചിത്രത്തിന്റെ സംവിധാനം.
ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രം അല്‍പം കടുപ്പക്കാരനും നേരേവാ നേരേപോ സ്വഭാവക്കാരനുമാണ്. ഉണ്ണിമുകുന്ദന്‍, വരലക്ഷ്മി ശരത്കുമാര്‍ എന്നിവരും സന്തോഷ് പണ്ഡിറ്റും സിനിമയിലുണ്ട്. കൊല്ലത്തെ ഫാത്തിമ മാതാ കോളജില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.

പുലിമുരുകനെന്ന മോഹന്‍ലാല്‍ ചിത്രത്തിനുശേഷം ഉദയ്കൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം കൂടിയാണിത്. മമ്മൂട്ടിയുടെ സൂപ്പര്‍സ്റ്റാര്‍ ഇമേജിനെ ആവോളം പ്രോത്സാഹിപ്പിക്കാന്‍ കഴിയുന്ന വേഷമാണിതെന്നും അദ്ദേഹത്തിന്റെ ശൈലിയെ ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പുലിമുരുകന്റെ സംവിധായകന്‍ വൈശാഖുമായിച്ചേര്‍ന്ന് ഉദയ്കൃഷ്ണ മറ്റൊരു സിനിമയുടെ പണിപ്പുരയിലാണെന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാലിതു ശരിയല്ലെന്ന് തിരക്കഥാകൃത്തുതന്നെ ചൂണ്ടിക്കാട്ടി. നേരത്തെ മമ്മൂട്ടിയുമായി ഒരു സിനിമയുടെ സെറ്റില്‍വച്ച് ഇതേക്കുറിച്ചു സംസാരിച്ചെങ്കിലും അജയുമായുള്ള സിനിമയ്ക്കാണു കരാറൊപ്പിട്ടിരിക്കുന്നതെന്ന് ഉദയ്കൃഷ്ണ പറയുന്നു. തിരക്കഥാ രചന തുടങ്ങിയിട്ടില്ലെന്നും ഇദ്ദേഹം പറഞ്ഞു.