ഐ.ടി ഉദ്യോഗസ്ഥയെ ക്രൂരമായി പീഡിപ്പിച്ചുകൊന്ന കേസ്: മൂന്ന് പ്രതികള്‍ക്കും വധശിക്ഷ

സോഫ്റ്റുവെയര്‍ എന്‍ജിനീയറായിരുന്ന നയന പൂജാരി(28)യെ തട്ടിക്കൊണ്ടുപോയി അതിക്രൂരമായി ബലാത്സംഗംചെയ്ത് കൊന്ന കേസില്‍ മൂന്ന് പ്രതികള്‍ക്ക് അഡീഷണല്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു.

പുണെയിലെ ഖേഡ് താലൂക്ക് സ്വദേശി യോഗേഷ് അശോക് റൗത്ത് (31), മഹേഷ് ബാലാസാഹേബ് ഠാക്കൂര്‍ (31), സതാര ജില്ലയിലെ കടവ് താലൂക്ക് സ്വദേശി വിശ്വാസ് ഹിന്ത്റാവു കദം (30) എന്നിവരെയാണ് തൂക്കിലേറ്റാന്‍ ഉത്തരവിട്ടത്. പ്രതികള്‍ ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ലെന്നും വധശിക്ഷ അനിവാര്യമാണെന്നും ജഡ്ജി എല്‍.എല്‍. എന്‍കര്‍ വിധിപ്രഖ്യാപനത്തില്‍ പറഞ്ഞു. കേസിലെ നാലാംപ്രതിയും നയന പൂജാരി ജോലിചെയ്യുന്ന സ്ഥാപനത്തിലെ സുരക്ഷാജീവനക്കാരനുമായ രാജേഷ് ചൗധരിയെ കൊലപാതകത്തില്‍ നേരിട്ട് പങ്കില്ലെന്നുകണ്ടെത്തി മാപ്പുസാക്ഷിയാക്കി.

2009 ഒക്ടോബര്‍ ഏഴിനാണ് പുണെയെ നടുക്കിയ സംഭവം. ഐ.ടി. കേന്ദ്രമായ കാരാടിയിലെ സ്ഥാപനത്തില്‍നിന്ന് രാത്രി ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുംവഴി, കമ്പനി സ്ഥിരമായി വാടകയ്ക്കെടുത്തിരുന്ന ടാക്സിയില്‍ കയറ്റി കൂട്ടബലാത്സംഗം നടത്തിയെന്നാണ് കേസ്. കാര്‍ഡ്രൈവര്‍ യോഗേഷ് അശോക് റൗത്തും കൂട്ടാളികളായ മഹേഷ് ബാലാസാഹേബ് ഠാക്കൂര്‍, വിശ്വാസ് കദം എന്നിവരും ചേര്‍ന്ന് നയനയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റുകയായിരുന്നു. വാഗോളി ഗ്രാമത്തിലെ തുറന്നസ്ഥലത്ത് കാര്‍ പാര്‍ക്ക്ചെയ്തശേഷമാണ് പീഡിപ്പിച്ച് കൊന്നത്.

നയനയുടെ പണവും ആഭരണങ്ങളും ഫോണും കവര്‍ന്നശേഷം പേഴ്സ് ഇന്ദ്രയാണി നദിയിലേക്ക് എറിഞ്ഞു. മൃതദേഹത്തിന്റെ മുഖം വികൃതമാക്കിയശേഷം വനത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിനുശേഷം നയനയുടെ എ.ടി.എം. കാര്‍ഡ് ഉപയോഗിച്ച് 45,000 രൂപയോളം പ്രതികള്‍ എടുത്തതായും അന്വേഷണസംഘം കണ്ടെത്തിയിരുന്നു.

നാലാംപ്രതിയും കേസില്‍ മാപ്പുസാക്ഷിയുമായ രാജേഷ് ചൗധരിയെ ഇവര്‍ സംഭവസ്ഥലത്തേക്ക് ഫോണില്‍ വിളിച്ചുവരുത്തുകയായിരുന്നു. പ്രതിയായ യോഗേഷ് റൗത്തിന്റെ കാര്‍ സംഭവസ്ഥലത്ത് നിര്‍ത്തിയിട്ടിരുന്നതുകണ്ട സുഹൃത്തുക്കളായ നാലുപേരാണ് പ്രതികള്‍ക്കെതിരെ മൊഴിനല്‍കിയത്.