ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: റിനീഷ് കുറ്റം സമ്മതിച്ചു

    പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ചൂരക്കാട് ബിജു വെട്ടേറ്റുമരിച്ച സംഭവത്തില്‍ പൊലീസ് പിടിയിലായ മുഖ്യപ്രതി റിനീഷ് കുറ്റം സമ്മതിച്ചു. സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ കൊലപാതകത്തിന് പ്രതികാരമായാണ് ബിജുവിനെ വധിച്ചതെന്ന് റിനീഷ് പൊലീസ് മൊഴി നല്‍കി. റിനീഷിനൊപ്പം വാഹനം വാടകക്ക് എടുത്ത് ജ്യോതിഷും പൊലീസ് കസ്റ്റഡിയിലുണ്ട്.

    ബിജുവിനെ കൊലപ്പെടുത്താന്‍ മുമ്പും ശ്രമം നടത്തിയിരുന്നതായി പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. ബിജുവിനെ കൊലപ്പെടുത്താനെത്തിയ ഇന്നോവ കാര്‍ ഒരു മാസം മുമ്പാണ് വാടകയ്ക്കെടുത്തതെന്നും ഇവര്‍ മൊഴി നല്‍കി. ഇന്നോവ കാര്‍ കഴിഞ്ഞദിവസം പൊലീസ് കണ്ടെത്തിയിരുന്നു.

    ഇന്ന് പുലര്‍ച്ചെ പയ്യന്നൂരില്‍ രാമന്തള്ളിയില്‍ വെച്ചാണ് കേസിലെ മുഖ്യപ്രതി റനീഷിനെ പൊലീസ് പിടികൂടുന്നത്. പയ്യന്നൂരില്‍ കൊല്ലപ്പെട്ട സിപിഐഎം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ സുഹൃത്തും ലോറി ഡ്രൈവറുമാണ് റിനീഷ്.  പിടിയിലായ റിനീഷ് സിപിഐഎം അനുഭാവികൂടിയാണ്. റിനീഷിനെയും, ജ്യോതിഷിനെയും, പയ്യന്നൂര്‍ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. റിനീഷ് പത്തോളം കേസിലെ പ്രതിയാണ്.

    തളിപറമ്പ് ഡിവൈഎസ്പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ കസ്‌ററഡിയിലെടുത്തിരിക്കുന്നത്.  കേസിലാകെ ഏഴ് പ്രതികളാണുള്ളത്. ഇനി അഞ്ച് പ്രതികള്‍ കൂടി പിടിയിലാകാനുണ്ട്. ഇവര്‍ ഉടന്‍തന്നെ പിടിയിലാകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.

    വെള്ളിയാഴ്ച വൈകീട്ടാണ് ആര്‍എസ്എസ് കാര്യവാഹക് ആയ കക്കംപാറ സ്വദേശി ചുരക്കാട് ബിജു കൊല്ലപ്പെട്ടത്. പയ്യന്നൂരിനടുത്തു പാലക്കോട് പാലത്തിനു മുകളിൽ വച്ച്,  വാഹനത്തിലെത്തിയ അക്രമി സംഘം ബോംബെറിഞ്ഞ ശേഷം ബിജുവിനെ വെട്ടുകയായിരുന്നു. കഴുത്തിന് വെട്ടേറ്റ ബിജുവിനെ പരിയാരം ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

    ബിജുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ബിജു സഞ്ചരിച്ച ബൈക്ക് ഓടിച്ചിരുന്ന രാജേഷിന്റെ പരാതിയിലാണ് കേസെടുത്തത്.