ബൈക്ക് വാങ്ങിനല്‍കിയില്ല; മകന്‍ പിതാവിന്റെ കൈയും കാലും തല്ലിയൊടിച്ചു

കോതമംഗലം നേര്യമംഗലത്ത് ബൈക്ക് വാങ്ങാൻ പണം നൽകാത്തതിന് പിതാവിന്റെ കയ്യും കാലും മകൻ തല്ലിയൊടിച്ചു. സംഭവത്തിൽ മണിയന്‍പാറ ജോളിയുടെ മകന്‍ അഭിജിത്തിനെ (19) പോലീസ് അറസ്റ്റ് ചെയ്തു. കയ്യുംകാലും ഒടിയുകയും തലയ്ക്ക് പരിക്കേൽക്കുകയും ചെയ്തതിനെ തുടർന്നു ജോളിയെ (56) എറണാകുളം ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂത്ത മകളുടെ വിവാഹത്തിന് വേണ്ടി പുരയിടത്തിലെ പ്ലാവ് മുറിച്ചുവിറ്റുകിട്ടിയ 50000 രൂപ തനിക്കു ബൈക്ക് വാങ്ങാൻ നൽകണമെന്ന മകന്റെ ആവശ്യത്തെ തുടർന്നുണ്ടായ വഴക്കാണ് ആക്രമത്തിൽ കലാശിച്ചത്. ലഹരിക്ക് അടിമയായ അഭിജിത്ത്, പല ക്രിമിനൽ കേസുകളിലും പ്രതിയാണെന്നു പോലീസ് അറിയിച്ചു. പ്രതിയെ റിമാൻഡ് ചെയ്തു.