വനിതാകൂട്ടായ്മയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിവാക്കിയെന്ന് ഭാഗ്യലക്ഷ്മി

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയ്‌ക്കെതിരെ ചലച്ചിത്രപ്രവർത്തക ഭാഗ്യലക്ഷ്മി. കൂട്ടായ്മ രൂപീകരിച്ചപ്പോൾ തന്നെ മനപൂർവ്വം ഒഴിവാക്കിയെന്നാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം. എന്നാൽ ഭാഗ്യലക്ഷ്മിയെ ഒഴിവാക്കിയത് മനപൂർവ്വമല്ലെന്ന് ബീന പോൾ പ്രതികരിച്ചു.

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമാ കളക്ടീവിൻറെ രൂപീകരണ വേളയിലും മുഖ്യമന്ത്രിയെ സന്ദർശിച്ചപ്പോഴും തന്നെ മനപൂർവ്വം ഒഴിവാക്കിയെന്നാണ് ഭാഗ്യലക്ഷ്മിയുടെ ആരോപണം

സംഘടനയുടെ രൂപീകരണവുമായി ബന്ധപ്പെട്ട പ്രാഥമിക ചർച്ചകളിൽ താൻ ഉണ്ടായിരുന്നുവെന്നും എന്നാൽ മുഖ്യമന്ത്രിയെ കാണാൻപോയപ്പോൾ മനപൂർവ്വം ഒഴിവാക്കിയെന്നും ഭാഗ്യലക്ഷ്മി ആരോപിച്ചു. സംഘടനയുടെ നേതൃത്വത്തിലേക്ക് ഒരാളുടയെും പേര് പറഞ്ഞു കേൾക്കുന്നില്ല.
ഫെഫ്ക മാക്ട തുടങ്ങിയ സംഘടനകളുമായി കൂടിയാലോചിച്ചായിരുന്നു വനിത സംഘടന രൂപീകരിക്കേണ്ടിയിരുന്നതെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. എന്നാൽ ഭാഗ്യലക്ഷ്മിയെ മനപൂർവ്വം ഒഴിവാക്കിയതല്ലെന്ന് വനിത സംഘടന ഭാരവാഹികളിൽ ഒരാളായ ബീന പോൾ പറഞ്ഞു.

ഭാഗ്യലക്ഷ്മിയെ ക്ഷണിച്ചിരുന്നില്ലെന്നും ബീനപോൾ കൂട്ടിച്ചേർത്തു. സംഘടനയുടെ നേതൃനിരയിൽ ആരൊക്കെയാണ് തുടങ്ങിയ കാര്യങ്ങൾ തനിക്കറിയില്ലെന്നും ഭാഗ്യലക്ഷ്മിയുമായി വിഷയം സംസാരിച്ച് പരിഹരിക്കുമെന്നും ബീന പോൾ പറഞ്ഞു.