വിമാനത്താവളത്തില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ ഫോണും ടോയിലറ്റും ഉപയോഗിക്കുന്നത് നിരോധിച്ചു

ന്യൂഡല്‍ഹി: വിമാനത്താവളത്തിലെ അതി സുരക്ഷാമേഖലയിലേക്ക് സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥര്‍ യുണിഫോമിലല്ലാതെ പ്രവേശിക്കുന്നതും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതും ടോയ്‌ലറ്റ് ഉപയോഗിക്കുന്നതും നിരോധിച്ചു.

മയക്കുമരുന്ന്- സ്വര്‍ണ്ണക്കടത്തുമായി ചില സി.ഐ.എസ്.എഫുകാര്‍ക്ക് ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് തീരുമാനം. രാജ്യത്തെ 59 വിമാനത്താവളങ്ങളിലെ സുരക്ഷാ ജീവനക്കാരായ ജവാന്‍മാര്‍ക്കായി സി.ഐ.എസ്.എഫ് പുറത്തിറക്കിയ മാര്‍ഗ നിര്‍ദേശ രേഖയിലാണ് പുതിയ നിയമങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിമാനത്താവള സുരക്ഷാ ഡ്യൂട്ടിയിലുള്ള സി.ഐ.എസ്.എഫ് ജവാന്‍മാര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതില്‍ വിലക്കുണ്ട്. സുരക്ഷ വീണ്ടും ശക്തമാക്കുകയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് സി.ഐ.എസ്.എഫ് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. പുതിയ നിയമ പ്രകാരം ഡ്യൂട്ടിയിലില്ലാത്ത സി.ഐ.എസ്.എഫുകാര്‍ക്ക് ബോര്‍ഡിങ്ങ് ഏരിയയിലേക്ക് പ്രവേശനമില്ല.

വിമാനത്താവളത്തില്‍ ഡ്യൂട്ടിയിലുള്ള ജവാന്‍മാരെ നിരീക്ഷിക്കുന്നതിന് ഒരു പ്രത്യേക അന്വേഷണ സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. നേരത്തെ, കള്ളക്കടത്തു സംഘങ്ങളെ സഹായിച്ചതിന്റെ പേരില്‍ ബംഗളൂരു, ചെന്നൈ വിമാനത്താവളങ്ങളില്‍ നിന്ന് രണ്ട് സി.ഐ.എസ്.എഫ് ജവാന്‍മാരെ സസ്പന്റെ് ചെയ്തിരുന്നു.