ഐ.പി.എൽ: പൂനെയെ തകർത്ത് മുംബയ്‌ക്ക് മൂന്നാം കിരീടം

അവസാന പന്ത് വരെ ആവേശം നിറഞ്ഞ് നിന്ന ഫൈനലിൽ അയൽക്കാരായ റൈസിംഗ് പൂനെ സൂപ്പർ ജയിന്റിനെ 1 റൺസിന് കീഴക്കി മുംബയ് ഇന്ത്യൻസ് ഐ.പി.എൽ സീസൺ പത്തിലെ ചാമ്പ്യൻമാരായി.
ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ മുംബയ് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 129 റൺസെടുത്തു. മറുപടിക്കിറങ്ങിയ പൂനെയ്ക്ക് 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 128 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ. ചെറിയ വിജയ ലക്ഷ്യമായിട്ടും പതാറാതെ പന്തെറിഞ്ഞ ബൗളർമാരാണ് ഫൈനലിൽ മുംബയ്ക്ക് ജയം ഒരുക്കിയത്. ബാറ്രിംഗ് നിര തകർന്നപ്പോൾ ഒരിക്കൽക്കൂടി രക്ഷകവേഷം അണിഞ്ഞ ക്രുനാൽ പാണ്ഡ്യയും (38 പന്തിൽ 47)മുംബയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചു.

മിച്ചൽ ജോൺസൺ എറിഞ്ഞ അവസാന ഓവറിൽ പൂനെയ്‌ക്ക് ജയിക്കാൻ 11റൺസായിരുന്നു വേണ്ടിയിരുന്നത്. ഓഫ് സ്റ്റമ്പിന് പുറത്തേക്ക് പോയ പന്ത് സ്‌ക്വയർ ലെഗ്ഗിലൂടെ ബൗണ്ടറിയിലേക്ക് പായിച്ച് മനോജ് തിവാരി പൂനെയുടെ വിജയ ലക്ഷ്യം 5 പന്തിൽ 7 റൺസാക്കി. എന്നാൽ അടുത്ത പന്തിലും കൂറ്റനടിക്ക് ശ്രമിച്ച തിവാരിയെ ലോംഗ് ഓണിൽ കീറോൺ പൊള്ളാഡ് കൈയിലൊതുക്കി. മൂന്നാം പന്തിൽ ജോൺസണെ എക്സ്ട്രാക്കവറിനു മുകളിലൂടെ ബൗണ്ടറിയിലേക്ക് പറത്താൻ ശ്രമിച്ച പൂനെ നായകൻ സ്റ്റീവ് സ്‌മിത്തിന്റെ ക്യാച്ച് ബൗണ്ടറിക്കരികെ അവിശ്വസനീയമായി കൈപ്പിടിയിലൊതുക്കി അമ്പാട്ടി റായ്ഡു മുംബയ്ക്ക് ജീവശ്വാസം നൽകി. നാലാം പന്തിൽ വാഷിംഗ്ടൺ സുന്ദർ ബൈയിലൂടെ ഒരു റൺസ് നേടി. അഞ്ചാം പന്തിൽ ഡാൻ ക്രിസ്റ്റിയൻ നൽകിയ അൽപം ശ്രമകരമായ ക്യാച്ച് ഹാർദ്ദിക് പാണ്ഡ്യ വിട്ടുകളഞ്ഞു. ക്രിസ്റ്റിയനും വാഷിംഗ്ടണും രണ്ട് റൺസ് ഓടിയെടുത്തു. അവസാന പന്തിൽ പൂനെയ്ക്ക് ജയിക്കാൻ നാല് റൺസ്. എന്നാൽ ആപന്തിൽ ക്രിസ്റ്റ്യന് രണ്ട് റൺസേ നേടാനേ ആയുള്ളൂ. മൂന്നാം റൺസിനായുള്ള ശ്രമം റണ്ണൗട്ടിൽ കലാശിച്ചതോടെ മുംബയ് മൂന്നാം തവണ ഐ.പി.എൽ കിരീടത്തിൽ മുത്ത മിടുകയായിരുന്നു.

50 പന്തിൽ 51 റൺസ് നേടിയ സ്റ്റീവ് സ്മിത്തും 38 പന്തിൽ 44 റൺസ് നേടിയ അജിങ്ക്യ രഹാനെയുമാണ് പൂനെ നിരയിൽ ബാറ്റുകൊണ്ട് പൊരുതി നോക്കിയത്. രാഹുൽ ത്രിപതി (3), എം.എസ്. ധോണി (10), മനോജ് തിവാരി (7) എന്നിവർ നിരാശപ്പെടുത്തി. ക്രിസ്റ്റ്യനും (4), സുന്ദറും പുറത്താകാതെ നിന്നു. മുംബയ്ക്കായി മിച്ചൽ ജോൺസൺ മൂന്നും ബുംര രണ്ടും വിക്കറ്റ് വീഴ്‌ത്തി.

നേരത്തേ ഒരു ഘട്ടത്തിൽ 100 പോലും കടക്കില്ലെന്ന് തോന്നിച്ച മുംബയെ കുനാൽ പാണ്ഡ്യ ചുമലിലേറ്റുകയായിരുന്നു. 38 പന്തിൽ 3 ഫോറും 2 സിക്സും ഉൾപ്പെടെ ക്രുനാൽ പൊരുതി നേടിയ 47 റൺസാണ് അവരെ 129 ൽ എത്തിച്ചത്. ക്യാപ്ടൻ രോഹിത് ശർമ്മ 22 പന്തിൽ 24 റൺസ് നേടി.

അമിത ശ്രദ്ധയിലൂന്നി ബാറ്റിംഗിനിറങ്ങിയ മുംബയ്ക്ക് തുടക്കത്തിലേ തകർച്ച തുടങ്ങി. ഓപ്പണർമാരായ പാർത്ഥിവ് പട്ടേലിനെയും (4), ലെൻഡൽ സിമ്മോൺസിനെയും മൂന്നാംഓവറിൽ ജയദേവ് ഉനദ്കദ് പറഞ്ഞുവിടുമ്പോൾ മുംബയ് സ്‌കോർ 8 ൽ എത്തിയതേ ഉണ്ടായിരുന്നുള്ളൂ. പാർത്ഥിവിനെ താക്കൂർ പിടികൂടിയപ്പോൾ സിമോൺസിനെ ഉനദ്കദ് തന്നെ മനോഹരമായി കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. 12 റൺസെടുത്ത അമ്പാട്ടി റായ്ഡു റണ്ണൗട്ടായി. വമ്പനടിക്ക് ശ്രമിച്ച രോഹിത് ശർമ്മ സാംപയുടെ പന്തിൽ ബൗണ്ടറിയിൽ ഷർദുൽ താക്കൂർ പിടിച്ചുപുറത്തായി.

നേരിട്ട ആദ്യ പന്തുതന്നെ സിക്സടിച്ച് തുടങ്ങിയെങ്കിലും കൂറ്റനടിക്കാരൻ കീറോൺ പൊള്ളാസ് (7) അധികം വൈകാതെ സാംപയുടെ പന്തിൽ തിവാരിയുടെ കൈയിൽ എത്തി. ഹാർദിക് പാണ്ഡ്യയെ (10) ക്രിസ്റ്റിൻ എൽ.ബിയിൽ കുരുക്കിയപ്പോൾ കരൺശർമ്മ (1) റണ്ണൗട്ടായി. മിച്ചൽ ജോൺസൺ 19 പന്തിൽ 13 റൺസുമായി പുറത്താകാതെ നിന്നു. ഉനദ്കദ്, സാംപ, ക്രിസ്റ്റിൻ എന്നിവർ പൂനെയ്ക്കായി രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.