തോക്കുചൂണ്ടി വിവാഹം: ഇന്ത്യൻ യുവതി വാഗ അതിർത്തി വഴി തിരിച്ചെത്തി

പാക്കിസ്ഥാനിൽവച്ച് തോക്കു ചൂണ്ടി മാനഭംഗപ്പെടുത്തിയശേഷം വിവാഹത്തിനു നിർബന്ധിതയാക്കി എന്നാരോപിച്ച യുവതിയെ ഇന്ത്യയിലെത്തിച്ചു.  25 ദിവസത്തെ പാകിസ്താന്‍ ജീവിതത്തിന് ശേഷമാണ് വാഗാ അതിര്‍ത്തി വഴി ഉസ്മ തിരിച്ചെത്തിയത്.

ഇന്ത്യയുടെ പുത്രിയായ ഉസ്മയെ മാതൃരാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായും അവര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളില്‍ ഖേദമുണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.

ഇരുപതുകാരിയായ ഉസ്മയും പാകിസ്താന്‍ സ്വേദേശിയായ താഹിര്‍ അലിയും മലേഷ്യയില്‍ വച്ച് പ്രണയത്തിലായ ശേഷം ഇന്ത്യയിലെത്തി മെയ് ഒന്നിന് വാഗാ അതിര്‍ത്തി വഴി പാകിസ്താനിലേക്ക് പോവുകയായിരുന്നു.

uzma-returning-indiaപാകിസ്താനിലെത്തിയ ശേഷം താഹിര്‍ വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന്  ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഓഫീസില്‍ അഭയം തേടുകയായിരുന്നു.

തിരിച്ച് ഇന്ത്യയിലേക്ക് പോരാന്‍ ശ്രമിച്ചെങ്കിലും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്യുകയായിരുന്നെന്നും തന്നെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കണമെന്നുമായിരുന്നു അവരുടെ ആവശ്യം.

തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ഇടപെടുകയും ഉസ്മയെ തിരിച്ചെത്തിക്കുകയുമായിരുന്നു. സംഭവത്തില്‍ താഹിറിനെതിരെ ഇസ്ലാമാബാദിലെ കോടതിയില്‍ ഉസ്മ പരാതി നല്‍കുകയും തുടര്‍ന്ന് മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.