സാധരണക്കാരുടെ ആവശ്യം നടപ്പിലാക്കാന്‍ കാലതാമസമുണ്ടാകരുത്; ജീവനക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി

ജീവനക്കാർക്ക് വീണ്ടും മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണക്കാരുടെ ആവശ്യങ്ങൾക്ക് തീർപ്പു കൽപ്പിക്കുന്നതിൽ കാലതാമസമുണ്ടാകരുതെന്ന് മുഖ്യമന്ത്രി. അഴിമതി ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ലെന്നും പിണറായി പറഞ്ഞു. കേരളാ മുൻസിപ്പൽ -കോർപ്പറേഷൻ സ്റ്റാഫ് യൂണിയൻ സുവർണ ജൂബിലി സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരള മുൻസിപ്പൽ- കോർപ്പറേഷൻ സ്റ്റാഫ് യൂണിയന്റെ സുവർണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യവേയാണ് മുഖ്യമന്ത്രി സർക്കാർ ജീവനക്കാർ അവരുടെ ഉത്തരവാദിത്വം നിറവേറ്റേണ്ടതിന്റെ ആവശ്യകത വീണ്ടും ചൂണ്ടിക്കാട്ടിയത്. ശുചീകരണ പ്രവർത്തനങ്ങളിൽ ചില നഗരസഭകളെങ്കിലും അമാന്തം കാട്ടുന്നുണ്ടെന്നും ഇത്തരം നടപടികൾ സർക്കാരിന് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാധാരണക്കാരുടെ ആവശ്യങ്ങളിൽ തീരുമാനമെടുക്കുന്നതിൽ അനാവശ്യകാലതാമസമുണ്ടാകരുത്.

അഴിമതി ഒരു കാരണവശാലും വച്ചുപൊറുപ്പിക്കില്ല. അഴിമതിക്കാരെ തിരുത്താൻ മറ്റ് ജീവനക്കാർ തയ്യാറാകണം. സ്വയംനവീകരണത്തിന് അത്തരക്കാർക്ക് അവസരം നൽകണം. അഴിമതിരഹിതവും ജനോപകാരപ്രദവുമായ സിവിൽസർവ്വീസ് എന്ന സർക്കാരിന്റെ പ്രഖ്യാപിതനയം വിജയിപ്പിക്കാൻ ജീവനക്കാർ നിലകൊള്ളണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.