നരേന്ദ്ര മോദീ, നിങ്ങള്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പുകഴ്ത്തുന്നത് ഞങ്ങളെ തളര്‍ത്തുന്നു -വീഡിയോ

രാംനാഥ് ഗോയങ്കെയുടെ പേരിലുള്ള മാധ്യമ അവാര്‍ഡ് ദാന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തനം പഠിപ്പിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ്  ചീഫ് എഡിറ്റര്‍ രാജ് കമല്‍ ധാ. ചടങ്ങില്‍ അടിയന്തരാവസ്ഥക്കാലത്ത് ഭരണകൂടത്തിനെതിരെ ശബ്ദിച്ച രാംനാഥ് ഗോയങ്കെയെ പുകഴ്ത്തിയ മോദിയെ കാത്തിരുന്നത് അഞ്ച് വാചകങ്ങളില്‍ കുറിക്കുകൊള്ളുന്ന രീതിയിലുള്ള മറുപടി.

മൊത്തത്തില്‍ വിവാദങ്ങളുടെ പടുകുഴിയിലായിരുന്നു ഈ വര്‍ഷത്തെ അവാര്‍ഡ് ദാന ചടങ്ങ്. അതിലൊന്ന് ചടങ്ങില്‍ മോദിയെ ക്ഷണിച്ചതു കാരണം മുതിര്‍ന്ന പത്രപ്രവര്‍ത്തകരില്‍ ചിലര്‍ അസ്വസ്ഥരായിരുന്നു എന്നതാണ്. മറ്റൊന്ന് ഗോയങ്കെ അവാര്‍ഡ് ജേതാവായ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ അക്ഷയ് മുകുള്‍ മോദിയുടെ കൈയ്യില്‍ നിന്നും അവാര്‍ഡ് വാങ്ങാന്‍ വിസമ്മതിച്ചതാണ്. ‘അവാര്‍ഡ് വാങ്ങുന്നതല്ല, ക്യാമറയെ നോക്കി പുഞ്ചിരിക്കുന്ന മോദിയുടെ കൈയ്യില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്ന ചിത്രം ഒരു ഫ്രെയിമില്‍ വരുന്നതുതന്നെ ആലോചിക്കാന്‍ വയ്യ’ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ചടങ്ങില്‍ ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തനത്തിന്റെ സംഭാവനകളെ പറ്റി സംസാരിച്ച മോദി രാംനാഥ് ഗോയങ്കെയെ വാനോളം പുകഴ്ത്തി. തങ്ങള്‍ക്ക് ഇഷ്ടപ്പെടാത്ത രീതിയില്‍ പത്താന്‍കോട്ട് ആക്രമണം സംബന്ധിച്ച് വാര്‍ത്ത നല്‍കിയ എന്‍.ഡി ടിവി ഒരു ദിവസം അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ കല്‍പ്പിച്ചതിന്റെ അതേ ദിവസമായിരുന്നു മോദിയുടെ ഈ പുകഴ്ത്തല്‍. ഒപ്പം, മാധ്യമപ്രവര്‍ത്തകര്‍ ശരിയായ വിവരങ്ങളല്ല നല്‍കുന്നതെന്നും വാര്‍ത്തകളെ വളച്ചൊടിക്കുകയാണെന്നതടക്കമുള്ള വിമര്‍ശനങ്ങള്‍ ഉന്നയിക്കാനും മോദി മറന്നില്ല.

മോദിയുടെ പ്രസംഗം കഴിഞ്ഞ് മൈക്കിനു മുന്നിലെത്തിയ രാജ് കമല്‍ ധാ അദ്ദേഹത്തെ വേദിയിലിരുത്തി മാധ്യമപ്രവര്‍ത്തനത്തെ പറ്റി ഒരുഗ്രന്‍ ക്ലാസെടുത്തുകൊടുത്തു. വെറും അഞ്ചു വാചകങ്ങള്‍.

1. ‘നരേന്ദ്ര മോദീ, നിങ്ങള്‍ ഞങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ പുകഴ്ത്തുന്നത് ഞങ്ങളെ തളര്‍ത്തുന്നു. ‘ആപ്ക്കാ റിപോര്‍ട്ടര്‍ ബഹുത്ത് അച്ചാ കാം കര്‍ത്താ ഹെ’ എന്നൊരു മുഖ്യമന്ത്രി ഇന്ത്യന്‍ എസ്പ്രസിന്റെ ഒരു മാധ്യമപ്രവര്‍ത്തകനെ പുകഴ്ത്തിയപ്പോള്‍ അക്കാരണത്താല്‍ അയാളെ ജോലിയില്‍ നിന്ന് പുറത്താക്കിയ ആളാണ് രാംനാഥ് ഗോയങ്കെ.’

2. ‘ഈ സെല്‍ഫി ജേണലിസത്തിന്റെ കാലത്ത് നിങ്ങളുടെ കൈയ്യില്‍ വിവരങ്ങളില്ലെങ്കില്‍ അതൊരു പ്രശ്‌നമേയല്ല. കാരണം ഫ്രൈമില്‍ ഒരു ദേശീയപതാക കൊണ്ടുവന്ന് അതിനു പിന്നില്‍ ഒളിച്ചിരുന്നാല്‍ മതിയാവും.’

3. ‘നല്ല മാധ്യമപ്രവര്‍ത്തനമെന്നാല്‍ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും തങ്ങള്‍ ചെയ്യേണ്ട ജോലി നല്ല രീതിയില്‍ ചെയ്യുന്നതാണ്, അല്ലാതെ സെൽഫി ജേണലിസമല്ല.’

4. ‘ഭരണകൂടം വിമര്‍ശിക്കുന്നതാണ് ഒരു മാധ്യമപ്രവര്‍ത്തകന് ലഭിക്കുന്ന ഏറ്റവും വലിയ ബഹുമതി’.

5. ‘നല്ല മാധ്യമപ്രവര്‍ത്തനം മരിക്കുന്നില്ല, ചീത്ത മാധ്യമപ്രവര്‍ത്തനത്തിന്റെ ശബ്ദ കോലാഹലത്തില്‍ അത് മുങ്ങിപ്പോവുകയാണ് ചെയ്യുന്നത്’.

ഇതോടെ ചടങ്ങ് അവസാനിക്കുംവരെ മോദി അസ്വസ്ഥനായിരിക്കുന്നത് കാണാമായിരുന്നു.

വീഡിയോ