മദ്യവില്‍പനയില്‍ വന്‍ ഇടിവ്, ആറുദിവസംകൊണ്ട് വരുമാനത്തില്‍ 13 കോടിയുടെ കുറവ്

തിരുവനന്തപുരം: നോട്ട് അസാധുവാക്കല്‍ തീരുമാനത്തെ തുടര്‍ന്ന് ബവ്‌റിജസ് കോര്‍പറേഷന്റെ വരുമാനത്തില്‍ വന്‍ ഇടിവ്. ആറുദിവസം കൊണ്ട് ബെവ്‌കോയുടെ വരുമാനം 13 കോടിയോളം രൂപ കുറഞ്ഞു. ഈ മാസം വരുമാനത്തില്‍ 200 കോടിയോളം രൂപ കുറയാന്‍ സാധ്യതയുണ്ടെന്നാണ് കണക്കുകൂട്ടല്‍.

നോട്ട് അസാധുവാക്കാന്‍ തീരുമാനിച്ച അന്ന് ബവ്‌റിജസ് കോര്‍പറേഷന്റെ 270 ഷോപ്പുകളില്‍ നിന്നുമുള്ള ആകെ വിറ്റുവരവ് 28 കോടിരൂപ ആയിരുന്നു. എന്നാല്‍ പിറ്റേദിവസം ഇത് 18 കോടിരൂപയായി കുത്തനെ താഴ്ന്നു. ഒറ്റദിവസം കൊണ്ട് കുറഞ്ഞത് 10 കോടിരൂപ. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്ഥിതി അല്‍പം മെച്ചപ്പെട്ടു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 9 മുതല്‍ 14 വരെയുള്ള ദിവസങ്ങളില്‍ വിറ്റത് 153 കോടിരൂപയുടെ മദ്യമായിരുന്നു. ഇക്കൊല്ലം ഇത് 140 കോടിരൂപയായി കുറഞ്ഞു. കറന്‍സി വിനിമയം പഴയ രീതിയിലേക്ക് എത്തിയില്ലെങ്കില്‍ സംസ്ഥാന സര്‍ക്കാരിന് ഏറ്റവും നികുതിവരുമാനം നല്‍കുന്ന സ്ഥാപനങ്ങളിലൊന്നായ ബെവ്‌കോയുടെ സ്ഥിതി മോശമാകും.

കാര്‍ഡ് ഉപയോഗിക്കാനാവില്ലെങ്കിലും വിലകൂടിയ മദ്യം മാത്രമുള്ള പ്രീമിയം ഔട്ട്്‌ലെറ്റുകളിലെ വില്‍പന വലിയതോതില്‍ കുറഞ്ഞിട്ടില്ല. അബ്കാരി നിയമമനുസരിച്ച് പണം വാങ്ങി മാത്രമേ മദ്യം വില്‍ക്കാനാകൂ എന്നതിനാല്‍ ഔട്ട്്ലെറ്റുകളില്‍ കാര്‍ഡ് ഉപയോഗിക്കാനാവില്ല. ഇതില്‍ മാറ്റം വരുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്.