ഹര്‍ജിക്കാരന്‍ മരിച്ചാലും വിവാഹമോചനക്കേസ് നിലനില്‍ക്കുമെന്ന് ഹൈക്കോടതി

Family problem
സ്വത്തവകാശത്തര്‍ക്കം ഉള്‍പ്പെട്ട വിവാഹമോചനക്കേസുകളില്‍ ദമ്പതികളിലൊരാള്‍ മരിച്ചാല്‍ ബന്ധുക്കള്‍ക്ക് കേസ് തുടര്‍ന്നു നടത്താമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
സഹോദരന്റെ വിവാഹമോചനക്കേസില്‍ കക്ഷിചേരാനുള്ള അപേക്ഷ കുടുംബക്കോടതി തള്ളിയതിനെതിരെ പള്ളുരുത്തി സ്വദേശി കെ.വി. വര്‍ഗീസ് ഉള്‍പ്പെടെ നാലു സഹോദരങ്ങള്‍ നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
2012 ഓഗസ്റ്റിലാണ് ഹര്‍ജിക്കാരുടെ സഹോദരന്‍ കെ.വി ആന്റണി ഫോര്‍ട്ട് കൊച്ചി സ്വദേശിനിയെ വിവാഹം കഴിച്ചത്. എന്നാല്‍ പെണ്‍കുട്ടിക്ക് മാനസികരോഗമുണ്ടെന്ന് കണ്ടതിനാല്‍ വിവാഹമോചനത്തിന് ഹര്‍ജി നല്‍കി. കേസ് നിലനില്‍ക്കുന്നതിനിടെ 2013 ജൂലായ് 28 ന് ആന്റണി ആത്മഹത്യ ചെയ്തു. തുടര്‍ന്ന് കേസില്‍ കക്ഷിചേരാന്‍ സഹോദരങ്ങള്‍ ഹര്‍ജി നല്‍കിയെങ്കിലും കുടുംബക്കോടതി തള്ളി. ഇതിനെതിരെയാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.
വഞ്ചനയിലൂടെ നടത്തിയ വിവാഹം ഒഴിയാന്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാകുന്നതിനു മുമ്പ് ഹര്‍ജിക്കാരന്‍ മരിച്ചാലും കേസ് നിലനില്‍ക്കുമെന്നും ഭാര്യയെ വിധവയായോ സ്വത്തുക്കളുടെ അവകാശിയായോ കാണാനാവില്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. ഇതംഗീകരിച്ച ഹൈക്കോടതി ദമ്പതികളിലൊരാള്‍ മരിച്ചാലും സ്വത്തവകാശ തര്‍ക്കമുണ്ടെങ്കില്‍ ബന്ധുക്കള്‍ക്ക് കേസ് തുടരാനാവുമെന്ന് വ്യക്തമാക്കി.