അമേരിക്കന്‍ സ്വാതന്ത്ര്യദിന പരേഡില്‍ ഗ്ലെന്‍വ്യൂ മലയാളികളും

ജൂലൈ നാലിനു ഗ്ലെന്‍വ്യൂവില്‍ (ഇല്ലിനോയിസ്) നടക്കുന്ന പ്രൗഢഗംഭീരമായ അമേരിക്കന്‍ സ്വാതന്ത്ര്യദിന ബഹുജന ഘോഷയാത്രയില്‍ ഇദംപ്രഥമമായി മലയാളി സമൂഹം പങ്കെടുക്കുന്നു. അമേരിക്കയില്‍ തന്നെ ഏറ്റവും കൂടുതല്‍ മലയാളികള്‍ താമസിക്കുന്ന ഒരു ടൗണായ ഗ്ലെന്‍വ്യൂവില്‍ തങ്ങളുടെ സാന്നിധ്യം അറിയിക്കാനുള്ള ആവേശത്തിലാണ് ഇവിടുത്തെ മലയാളി സമൂഹം. വിദ്യാഭ്യാസ- സാമ്പത്തിക- തൊഴില്‍ രംഗങ്ങളില്‍ തങ്ങളുടെ തങ്ങളുടെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള മലയാളി പ്രവാസികള്‍ തങ്ങളുടെ രാഷ്ട്രീയ -സാമൂഹിക- സാംസ്കാരിക സംഭാവനകള്‍ കൂടുതലായി ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്കായി ഉപയോഗിച്ചു തുടങ്ങാനുള്ള ഒരു അവസരമായിരിക്കും ഇതെന്ന് ജൂണ്‍ മൂന്നാം തീയതി നടന്ന യോഗത്തില്‍ ഏകകണ്ഠമായി അഭിപ്രായപ്പെട്ടു.

സ്കറിയാക്കുട്ടി തോമസ് കൊച്ചുവീട്ടില്‍ നേതൃത്വം കൊടുത്ത യോഗത്തില്‍ ഗ്ലെന്‍വ്യൂവില്‍ താമസിക്കുന്ന 25 കുടുംബങ്ങള്‍ പങ്കെടുത്തു. ജൂലൈ 4th ഘോഷയാത്രയില്‍ മുന്നൂറോളം വരുന്ന മലയാളി കുടുംബങ്ങള്‍ പങ്കെടുക്കുമെന്നു യോഗം വിലയിരുത്തി. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 125 ആളുകള്‍ക്ക് ഘോഷയാത്രയ്‌ക്കൊപ്പം നടന്നു നീങ്ങുവാനുള്ള അവസരം ലഭിക്കും.

ഭാരതീയ സാംസ്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങളും ചെണ്ടമേളവും മുത്തുക്കുടകളും കൊണ്ട് വര്‍ണ്ണവൈവിധ്യമാര്‍ന്ന ഒരു പ്രകടനത്തിന് യോഗം യോഗം തീരുമാനമെടുത്തു. ഇതിന്റെ സുഗമമായ നടത്തിപ്പിനായി 10 ഭാരവാഹികളെ യോഗം തെരഞ്ഞെടുത്തു. സ്കറിയാക്കുട്ടി തോമസ് (ചീഫ് കോര്‍ഡിനേറ്റര്‍), രഞ്ജന്‍ ഏബ്രഹാം, ജോണ്‍ പാട്ടപ്പതി (കോ-കോര്‍ഡിനേറ്റര്‍), ആന്‍ഡ്രൂസ് തോമസ് (പരേഡ് കോര്‍ഡിനേറ്റര്‍), ജിനോ മഠത്തില്‍, ലീല ജോസഫ് (പരേഡ് കോ- കോര്‍ഡിനേറ്റേഴ്‌സ്), സഞ്ജു മാത്യു (ഫിനാന്‍സ് കോര്‍ഡിനേറ്റര്‍), ജോണി വടക്കുംചേരി (ഫുഡ് കോര്‍ഡിനേറ്റര്‍), ബീന തോമസ് (വിമന്‍സ് കോര്‍ഡിനേറ്റര്‍, ജിതേഷ് ചുങ്കത്ത് (സെക്രട്ടറി).

പരേഡിന്റെ നടത്തിപ്പിനായി സംഭാവനകള്‍ സ്‌പോണ്‍സര്‍ ചെയ്ത എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും മലയാളീസ് ഓഫ് ഗ്ലെന്‍വ്യൂ കൃതജ്ഞത രേഖപ്പെടുത്തി. അടുത്ത യോഗം ജൂണ്‍ 24-ന് ഉച്ചയ്ക്ക് 11 മണിക്ക് നടത്തുന്നതായിരിക്കും. ( 830 Unit 9 , East Rand Rd , Mount Prospect)