മുൻ അമേരിക്കൻ അംബാസിഡർ ടി പി ശ്രീനിവാസന്റെ കരണത്തടിച്ചയാൾ എസ് എഫ് ഐ തിരുവനതപുരം ജില്ലാ വൈസ് പ്രസിഡന്റ്

തിരുവനന്തപുരം :മുൻ അമേരിക്കൻ അംബാസിഡർ ടി പി ശ്രീനിവാസന്റെ കരണത്തടിച്ചയാൾ എസ് എഫ് ഐ തിരുവനതപുരം ജില്ലാ വൈസ് പ്രസിഡന്റ് .എസ് എഫ് ഐയുടെ തിരുവനന്തപുരം ജില്ലാസമ്മേളനം വർക്കലയിൽ സമാപിച്ചു.മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഏറെ തർക്കങ്ങൾക്കും ആരോപണങ്ങൾക്കും ഒടുവിൽ പല നേതാക്കളേയും തിരുവനതപുരം ജില്ലാക്കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുകയും മറ്റുപലരേയും കൂട്ടിച്ചേർക്കുകയും ചെയ്തതായാണു ആരോപണങ്ങൾ.പുതിയ ജില്ലാ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട വിനീഷ് , ജില്ലാ വൈസ് പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ട ജെ എസ് ശരത് ഉന്നത വിദ്യാഭ്യാസ കൌൺസിൽ മുൻ വൈസ് ചെയർമാനും വിദേശകാര്യവിദഗ്ദ്ധനുമായിരുന്ന ടിപി ശ്രീനിവാസനെ കരണത്തടിച്ച കേസിലെ പ്രതിയായിരുന്നു. ജില്ലാസമ്മേളനത്തിൽ, യൂണിവേഴ്സിറ്റി കോളജിൽ ഈയടുത്തകാലത്തുനടന്ന സദാചാരപോലീസിംഗ് സംഭവങ്ങളെ വിമർശിക്കുന്ന ചർച്ചകളെ മുഖവിലയെക്കെടുത്തില്ലെന്നും ആരോപണമുണ്ട്.ഇവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ തുടരാൻ വിമുഖത പ്രകടിപ്പിച്ച സംസ്ഥാനക്കമ്മിറ്റിയംഗങ്ങളടക്കമുള്ളവരെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു. ഒഴിവാക്കപ്പെട്ടവരിൽ ഒരാളായ ശിവപ്രസാദ് സി പി എമ്മിന്റെ രക്തസാക്ഷിയായ നാരായണൻ നായരുടെ മകനാണു. 2014 നവംബർ അഞ്ചിനാണു ആർ എസ് എസ് പ്രവർത്തകരുടെ വെട്ടേറ്റ് ശിവപ്രസാദിന്റെ അച്ഛൻ നാരായണൻ നായർ മരിക്കുന്നത്. ഇദ്ദേഹം തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിലെ ജീവനക്കാരനും കെ.സി.എസ്.യു. (സി.ഐ.ടി.യു.) സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്നു. ബൈക്കുകളിൽ ഹെൽമറ്റും മുഖംമൂടിയും ധരിച്ചെത്തിയ 15 ഓളം പേർ ഉൾപ്പെട്ട സംഘം, എസ്.എഫ്.ഐ വെള്ളറട ഏരിയാ കമ്മിറ്റി സെക്രട്ടറി ശിവപ്രസാദിനെയും ,ഡി.വൈ.എഫ്.ഐ. ഏരിയാ കമ്മിറ്റിയംഗമായിരുന്ന ഗോപകുമാറിനേയും വീട്ടിൽ നിന്നും വിളിച്ചിറക്കി ആക്രമിക്കുകയായിരുന്നു. അക്രമികളുടെ വാളുകൊണ്ടുള്ള ആക്രമണത്തിൽ നിന്ന് മക്കളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയിലാണ് നാരായണൻ നായർക്ക് വെട്ടേറ്റത്. ആക്രമണത്തിൽ ശിവപ്രസാദിനും ജ്യേഷ്ഠനായ ഗോപകുമാറിനും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ജില്ലയിലെ സംഘടനാ പ്രവർത്തനങ്ങളിലും സമരങ്ങളിലും സജീവസാന്നിദ്ധ്യമായ ശിവപ്രസാദിനെ ഒഴിവാക്കിയത് പ്രവർത്തകർക്കിടയിൽ വലിയ പ്രതിഷേധം സൃഷ്ടിക്കാൻ കാരണമായിട്ടുണ്ട്. ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയും പക്ഷപാതിത്വവും സൃഷ്ടിച്ച പിളർപ്പ് സംഘടനയുടെ ജില്ലയിലെ പ്രവരത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണു ലഭിക്കുന്ന വിവരം.