നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷ് എം.എല്‍.എയുടെ പങ്കും അന്വേഷിക്കണമെന്ന് ബി.ജെ.പി

തിരുവനന്തപുരം: നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷ് എം.എല്‍.എയുടെ പങ്കും അന്വേഷിക്കണമെന്ന് ബി.ജെ.പി. നടിയുമായി മുകേഷിന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് വാര്‍ത്തകളുണ്ട്. മാത്രമല്ല കേസിലെ പ്രതിയായ പള്‍സര്‍ സുനി മുന്‍പ് മുകേഷിന്റെ ഡ്രൈവറുമായിരുന്നു. ഇക്കാര്യങ്ങള്‍ മാത്രം മതി മുകേഷിന് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കാനെന്നും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് പറഞ്ഞു.

കൊച്ചി കേന്ദ്രീകരിച്ചുള്ള റിയല്‍ എസ്റ്റേറ്റ് മാഫിയകളുമായി സിനിമാ താരങ്ങള്‍ക്കുള്ള ബന്ധവും അന്വേഷിക്കണം. ദിലീപിനെ ചോദ്യം ചെയ്യുന്നത് ഇടക്കുവച്ച് അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടിട്ടുണ്ട്. സംഭവമുണ്ടായി 24 മണിക്കൂറിനുള്ളില്‍ ഇതില്‍ ഗൂഡാലോചനയില്ലെന്നു പറഞ്ഞ് അന്വേഷണത്തെ സ്വാധീനിക്കാന്‍ മുഖ്യമന്ത്രി തന്നെ ഇടപെട്ടു. ഇതെല്ലാം കേസില്‍ ഇടതു ജനപ്രതിനിധികളായ ചിലര്‍ക്കുള്ള പങ്ക് മറയ്ക്കാനാണെന്നും രമേശ് തിരുവനന്തപുരത്തു പറഞ്ഞു.