അപ്പുണ്ണിയും നാദിര്‍ഷയും നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധം; തെളിവുകള്‍ നശിപ്പിച്ചതിന് നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന

നടിയെ കാറില്‍ ആക്രമിച്ച സംഭവത്തില്‍ സംവിധായകന്‍ നാദിര്‍ഷയെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചന. അപ്പുണ്ണിയും നാദിര്‍ഷയും നല്‍കിയ മൊഴികള്‍ പരസ്പരവിരുദ്ധമായിരുന്നു. നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്‌തേക്കും. തെളിവ് നശിപ്പിച്ചതിലടക്കം നാദിര്‍ഷയ്ക്ക് പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഇതിനിടെ ദിലീപിനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നിരന്തരം ഫോണില്‍ ശല്യം ചെയ്തു കൊണ്ടിരുന്ന യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

അതേസമയം നടിയെ അക്രമിച്ചതുമായി ബന്ധപ്പെട്ട് കേസില്‍ ക്വട്ടേഷന്‍ നല്‍കിയത് ഒരു സ്ത്രീയാണെന്ന് പള്‍സര്‍ സുനി പറഞ്ഞത് ദിലീപിനെ രക്ഷിക്കാനെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷനു പിന്നില്‍ സ്ത്രീ ഇല്ല എന്ന കാര്യം പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.

ആക്രമണ സമയത്ത് സ്ത്രീയാണ് ക്വട്ടേഷന്‍ നല്‍കിയതെന്ന് സുനി പറഞ്ഞിരുന്നു. നടിയോടാണ് ആക്രമണ സമയത്ത് ക്വട്ടേഷന്‍ നല്‍കിയത് സ്ത്രീയാണെന്ന് സുനി പറഞ്ഞത്. ഇക്കാര്യം ആദ്യമൊഴിയില്‍ത്തന്നെ നടി പൊലീസിനോട് പറഞ്ഞിരുന്നു. പൊലീസിന് നല്‍കിയ മൊഴിയില്‍ ഒരു മാഡത്തെക്കുറിച്ചും സുനി പരാമര്‍ശിച്ചിരുന്നു. പൊലീസ് അന്വേഷണം ദിലീപിലേയ്ക്ക് എത്തിച്ചേരാതിരിക്കാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് പൊലീസ് പറയുന്നത്.

ദിലീപിന്റെ വിശ്വസ്തനായിരുന്ന പള്‍സര്‍ സുനിയെന്നും ജയിലില്‍നിന്നയച്ച കത്തില്‍ ഇക്കാര്യം വ്യക്തമാകുമെന്നും പൊലീസ് പറയുന്നു. ദിലീപിലേയ്ക്ക് അന്വേഷണം പോകാതിരിക്കാന്‍ അന്വേഷണത്തിന്റെ തുടക്കത്തില്‍ സുനി പരമാവധി ശ്രമിച്ചിരുന്നു. ജയിലിലായാലും ദിലീപ് തന്നെ സാമ്പത്തികമായി സഹായിക്കുമെന്ന് സുനിക്ക് ഉറപ്പുണ്ടായിരുന്നു. ബോധപൂര്‍വ്വം വഴിതെറ്റിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ആദ്യം ഇത്തരം മൊഴി നല്‍കിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ചോദ്യംചെയ്തുകൊണ്ടിരിക്കുകയാണ്. പലരെയും അങ്ങോട്ടുചെന്ന് കണ്ടാണ് ചോദ്യംചെയ്യുന്നത്. മറ്റുചിലരെ രഹസ്യമായി കണ്ടും ഫോണിലും ചോദ്യംചെയ്യുന്നുണ്ട്. ദിലീപിന്റെ സുഹൃത്തുക്കള്‍, ബന്ധുക്കള്‍, സിനിമ രംഗത്തെ പ്രമുഖര്‍ തുടങ്ങിയവരെയാണ് ചോദ്യംചെയ്യുന്നത്. കേസുമായി ബന്ധപ്പെട്ട് തെളിവുകളുടെ ശേഖരണമാണ് ഇതിലൂടെ പോലീസ് നടത്തുന്നത്.

നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ഡിജിപി ലോക്‌നാഥ് ബഹ്‌റയെ നിരന്തരം ഫോണില്‍ ശല്യം ചെയ്തു കൊണ്ടിരുന്ന യുവാവ് ആലുവയില്‍ പിടിയിലായി. ചെങ്ങമനാട് കപ്രശേരി സ്വദേശിയായ യുവാവിനെ കഴിഞ്ഞ രാത്രിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്ക് മാനസികാസ്വസ്ഥ്യം ഉള്ളതായി സംശയം തോന്നിയതിനാല്‍ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഡിജിപിയെ നിരന്തരം ഫോണില്‍ വിളിച്ച് ദിലീപിന് അനുകൂലമായി സംസാരിക്കുന്നതായിരുന്നു ഇയാളുടെ പതിവ്. പലകുറി താക്കീത് ചെയ്തിട്ടും ശല്യം തുടര്‍ന്നതിനാല്‍ ഡിജിപി അന്വേഷിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തുകയായിരുന്നു.