കരിപുരണ്ട്‌ ഉമ്മന്‍ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം

ഉമ്മന്‍ചാണ്ടിയുടെ പതീറ്റാണ്ടുകള്‍ നീണ്ട രാഷ്ട്രീയ ജീവിതത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെളിയില്‍ മുക്കിക്കൊണ്ടാണ് സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. ആറ് പതീറ്റാണ്ടോളം നീണ്ട ആ രാഷ്ട്രീയ ജീവിതത്തില്‍ ഇത്രമാത്രം വെല്ലുവിളി നിറഞ്ഞ ഒരു സംഭവമുണ്ടായിട്ടില്ല.

ഇതിനുമുമ്പും ഒട്ടേറെ രാഷ്ട്രീയ ആരോപണങ്ങള്‍ ഉമ്മന്‍ചാണ്ടിയ്‌ക്കെതിരെ ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ അതിനെയൊക്കെ വിജയകരമായി മറികടന്ന തന്ത്രശാലിയും ഊര്‍ജസ്വലനുമായ അദ്ദേഹം സോളാര്‍ വിഷയത്തിയില്‍ ദയനീയമായി അന്തിച്ചുനില്‍ക്കുകയാണ്. പ്രത്യേകിച്ചും മകളുടെ മാത്രം പ്രായം വരുന്ന ഒരു സ്ത്രീയുടെ ലൈംഗിക ആരോപണങ്ങളില്‍. ഉമ്മന്‍ചാണ്ടിയെന്ന അനിതര സാധാരണ നേതാവ് ഒരിക്കലും ചെന്നുചാടില്ലെന്ന് ഇന്നലെ വരെ പൊതുസമൂഹം കരുതിയിരുന്ന കുരുക്കുകളിലും കെണികളിലുമാണ് അദ്ദേഹം ചെന്നുപെട്ടിരിക്കുന്നത്. ഇതില്‍ നിന്ന് ഊരിവരിക എന്നത് കഠിനമാണ്. അതിന് എന്തെങ്കിലും സാധ്യതയുണ്ടെങ്കില്‍ അത് നിയമപോരാട്ടത്തിലൂടെ മാത്രമാണ്. വര്‍ഷങ്ങള്‍ നീളാന്‍ എല്ലാ സാധ്യതയുമുള്ള ആ പോരാട്ടം അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് തീര്‍ച്ചയായും തിരിച്ചടിയാണ്. ധാര്‍മികതയുടെ രാഷ്ട്രീയം വെച്ച് നോക്കിയാല്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും അദ്ദേഹത്തിന് വലിയ ഇടവേളയുണ്ടാകുമെന്ന് അര്‍ത്ഥം. അങ്ങിനെ വന്നാല്‍ മുഖ്യധാരയില്‍ അദ്ദേഹത്തിന്റെ സ്ഥാനം എന്തായിരിക്കുമെന്ന് സംശയകരമാണ്. പ്രത്യേകിച്ചും കോണ്‍ഗ്രസ് പോലൊരു വലതുപക്ഷ പാര്‍ട്ടിയുടെ നാളിതുവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തന ശൈലി കൂടി വെച്ച് നോക്കുമ്പോള്‍. അവസരം കാത്ത് ഒട്ടേറെ പേരാണ് തയ്യാറായിനില്‍ക്കുന്നത്. ഒരു വീഴ്ച മതി, അയാളെ ചവിട്ടിപുറത്താക്കാന്‍. കോണ്‍ഗ്രസില്‍ അതിന് ഒട്ടേറെ മുന്‍ ഉദാഹരണങ്ങളുണ്ട്. ഉമ്മന്‍ചാണ്ടി തന്നെ ഒരുകാലത്ത് കെ.കരുണാകരനെന്ന മഹാമേരുവിനെ വെട്ടിയൊതുക്കിയത് മാത്രം ഓര്‍ത്താല്‍ മതി. എ.കെ.ആന്റണിയ്ക്ക് ഡല്‍ഹിയില്‍ അഭയാര്‍ത്ഥിയാകേണ്ടി വന്നതും ഇതിനോടൊപ്പം ചേര്‍ത്തുവായിക്കാം. ഇപ്പോള്‍ 74 വയസാണ് ഉമ്മന്‍ചാണ്ടിയുടെ പ്രായം എന്നതും കണക്കിലെടുക്കണം. ഇനിയൊരു തിരിച്ചുവരവിനുള്ള ബാല്യം അദ്ദേഹത്തിനുണ്ടോ എന്നതാണ് ചോദ്യം.

സമാനമായ സാഹചര്യത്തിലൂടെ കടന്നുവന്നയാളാണ് ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍. ലാവ്‌ലിന്‍ കേസില്‍ ഉള്‍പ്പെട്ടതോടെ അദ്ദേഹത്തിന്റെ പാര്‍ലമെന്ററി രാഷ്ട്രീയത്തിന് വലിയ ഇടവേള സംഭവിച്ചിരുന്നു. എങ്കിലും അദ്ദേഹം അപ്പോഴും പാര്‍ട്ടിയില്‍ ശക്തനായിരുന്നു. ഒരു ദശകത്തിലധികം അദ്ദേഹം പാര്‍ട്ടി സെക്രട്ടറിയായി വിരാജിക്കുകയും പാര്‍ട്ടിയുടെ സംസ്ഥാനത്തെ സര്‍വസൈനാധിപനായി എല്ലാവരെയും അടക്കിഭരിച്ചും നിലക്കുനിര്‍ത്തിയും മുഖ്യാധാരാ രാഷ്ട്രീയത്തില്‍ ശക്തനായിത്തന്നെ തുടര്‍ന്നിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയുടെ അവസ്ഥ അതല്ല. ഇപ്പോള്‍ പാര്‍ട്ടിയില്‍ അദ്ദേഹം ഒന്നുമല്ല. പാര്‍ലമെന്ററി രാഷ്ട്രീയത്തിലാകട്ടെ വെറും നിയമസഭാംഗമായി മാത്രം തുടരുന്നു. പാര്‍ട്ടിയിലും അധികാര രാഷ്ട്രീയത്തിലും ഒന്നുമല്ലാതെ ഉഴലുന്ന അദ്ദേഹം എത്രകാലം പിടിച്ചുനില്‍ക്കുമെന്നതിനെക്കുറിച്ച് സംശയങ്ങളുണ്ട്. സിപിഎമ്മില്‍ വി.എസ്.അച്യുതാനന്ദന്‍ പിണറായിക്കെതിരെ പൊരുതിനോക്കിയെങ്കിലും ദയനീയമായി നിലംപതിച്ചിരുന്നു. കഴിഞ്ഞ രണ്ട് ദശകത്തിനിടയില്‍ ഒരുകാലത്തും വി.എസിന്റെ പാര്‍ട്ടിയിലെ സ്വാധീനം ഒരുപരിധിയ്ക്ക് മുകളില്‍ പോയിട്ടില്ല. മാത്രമല്ല അത് ക്രമേണ ശോഷിച്ചുവരികയാണുണ്ടായത്. അക്കാലമത്രയും പിണറായി പാര്‍ട്ടിയിലെ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു. എന്നാല്‍ ഉമ്മന്‍ചാണ്ടിയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തി പാര്‍ട്ടിയിലും പാര്‍ലമെന്ററി രാഷ്ട്രീയത്തിലും രമേശ് ചെന്നിത്തല പിടിമുറുക്കിക്കഴിഞ്ഞു.

കോണ്‍ഗ്രസ് ഒരു പാര്‍ട്ടി എന്ന നിലയില്‍ ദയനീയമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. വീഴ്ചകളില്‍ നിന്ന് വീഴ്ചകളിലേയ്ക്കാണ് ആ പാര്‍ട്ടിയുടെ യാത്ര. സോളാര്‍ പ്രശ്‌നം അത്രമാത്രം അവരുടെ മുഖം വികൃതമാക്കിയിരിക്കുന്നു. സരിതയുടെ ആരോപണമുനയേല്‍ക്കാത്ത നേതാക്കള്‍, അത് വയോധികരായാലും ശരി ചെറുപ്പക്കാരായാലും ശരി, വളരെക്കുറച്ച് മാത്രമെ കോണ്‍ഗ്രസിലുള്ളൂ. അധികാരത്തിന്റെ മറവില്‍ ഒരു സ്ത്രീയെ ഏതൊക്കെ തരത്തില്‍ ചൂഷണം ചെയ്യാമോ അതെല്ലാം അവര്‍ ചെയ്തു. നിയമസഭയില്‍ സോളാര്‍ റിപ്പോര്‍ട്ട് വെച്ചപ്പോള്‍ പോലും അവരുടെ ദുര്‍ബലമായ പ്രതിരോധം പ്രത്യക്ഷത്തില്‍ തന്നെ കാണാമായിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ അവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറമാണ് ഇത്. ഈ വിഷയത്തില്‍ ഹൈക്കമാന്റിന്റെ ഒരു സഹായഹസ്തവും പ്രതീക്ഷിക്കേണ്ടെന്നുമാത്രമല്ല, സംസ്ഥാനത്തെ പാര്‍ട്ടിയിലെ അന്ത:ഛിദ്രം മൂര്‍ച്ഛിക്കാന്‍ മാത്രമെ ഇടയുള്ളൂ.

എന്തായാലും ആസന്ന ഭാവിയില്‍ത്തന്നെ ഒരു സമ്പൂര്‍ണ വെട്ടിനിരത്തല്‍ ഉറപ്പാണ്. വി.ഡി.സതീശനെപ്പോലെ, ചെന്നിത്തലയെപ്പോലെ പൊതുസമൂഹത്തിന് മുന്നില്‍ അല്പമെങ്കിലും പ്രതിച്ഛായ ബാക്കിയുള്ളവര്‍ മാത്രം പിടിച്ചുനില്‍ക്കാനും പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുമാണ് സാധ്യത. എത്രത്തോളം ശക്തിയുള്ള പാര്‍ട്ടിയെ എന്നതുമാത്രമാണ് അവശേഷിക്കുന്ന ഏക ചോദ്യം.