കൂണ്‍ തോരന്‍

ഈ കൂണ്‍ തോരന്‍ ആ ബട്ടണ്‍ മഷ്റൂം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്.. ഇത് എന്റെ നാട്ടില്‍ മഴക്കാലത്ത് ഉണ്ടാവുന്ന അരിക്കൂണ്‍ കൊണ്ടാണ്‌ ഉണ്ടാക്കിയിരിക്കുന്നത്. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് ഈ കൂണ്‍ ഉണ്ടാവുക. പറമ്പില്‍ പലയിടങ്ങളിലായി ചെറുതും വലുതുമായ പുറ്റുകളില്‍ ഇവ പൊടി പൊടിയായി മൊട്ടിടുന്നു. ഒരു ദിവസം കൊണ്ട് മൂപ്പെത്തുകയും ചെയ്യും. അപ്പോള്‍ തന്നെ ഇത് പറിക്കണം. അല്ലെങ്കില്‍ അടുത്ത മഴയില്‍ ഇവയുടെ ആയുസ്സ്‌ തീരും. ഇനി ഈ കൂണ്‍ ഇല്ലെങ്കിലും ഏതു കൂണ്‍ വച്ചും ഇത് ട്രൈ ചെയ്യാം കേട്ടോ…

ചേരുവകള്‍

കൂണ്‍ – അര കിലോ
തേങ്ങാ – ഒരു മുറി
മഞ്ഞള്‍പ്പൊടി – അര ടീസ്പൂണ്‍
കാന്താരി മുളക് – 12 എണ്ണം അല്ലെങ്കില്‍ പച്ചമുളക് 4-5 എണ്ണം
ചെറിയ ഉള്ളി – 6 എണ്ണം
വെളുത്തുള്ളി – 3 അല്ലി
കറിവേപ്പില – 2 തണ്ട്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

കൂണ്‍ മണ്ണ് കളഞ്ഞു നന്നായി കഴുകി പിഴിഞ്ഞ് എടുക്കുക. ഇതിലേക്ക് മഞ്ഞള്‍പ്പൊടി, ഉപ്പ്, കറിവേപ്പില എന്നിവ ചേര്‍ത്ത് ഇളക്കി ഒരു ചട്ടിയില്‍ ചെറുതീയില്‍ വേവിക്കുക. വെള്ളം ചേര്‍ക്കരുത്. തേങ്ങാ, കാന്താരി മുളക്, ചെറിയ ഉള്ളി, വെളുത്തുള്ളി എന്നിവ ഒതുക്കി എടുക്കുക. ഇത് വെന്ത കൂണിലേക്ക് ചേര്‍ത്ത് ഇളക്കി വെള്ളം വറ്റുന്നത് വരെ ചെറുതീയില്‍ വേവിച്ച്‌ എടുക്കുക. വെള്ളം വറ്റി കഴിയുമ്പോള്‍ വാങ്ങുക. കൂണ്‍ തോരന്‍ തയ്യാര്‍.

– ലിജി അരുണ്‍