പ്രഷര്‍കുക്കര്‍ ബിരിയാണി

ചേരുവകള്‍

ബിരിയാണി അരി : 2 ഗ്ലാസ്‌ (ജീരകശാലയാണ് ബെസ്റ്റ്‌)
ചിക്കന്‍ : അര കിലോ
ഗരം മസാല : ഒരു ടീസ്പൂണ്‍
മഞ്ഞള്‍ പൊടി : ഒരു ടീസ്പൂണ്‍.
മുളക്പൊടി : ഒരു ടേബിള്‍സ്പൂണ്‍
കുരുമുളക് പൊടി : അര ടീസ്പൂണ്‍
സവാള : 2 എണ്ണം (വലുത്)
തക്കാളി : വലുത് ഒരെണ്ണം
പച്ചമുളക് : 2 എണ്ണം നെടുകെ പിളര്‍ന്ന്
ഇഞ്ചി : ചെറിയ കഷ്ണം.
വെളുത്തുള്ളി : 4 അല്ലി.
മല്ലിയില : ചെറുതായി അരിഞ്ഞത് അര കപ്പ്.
ഏലയ്ക്ക:നാല്
ഗ്രാമ്പൂ ;നാല്
കറുവാപട്ട.: ചെറിയ കഷ്ണം
നെയ്യ്‌ : 2 ടേബിള്‍സ്പൂണ്‍
എണ്ണ : 2 ടേബിള്‍സ്പൂണ്‍
അണ്ടിപ്പരിപ്പ് : 5-6 എണ്ണം
ഉപ്പ് :പാകത്തിന്
വെള്ളം :3 ഗ്ലാസ്‌ തിളപ്പിച്ചത്

തയ്യാറാക്കുന്ന വിധം

അരി കഴുകി വാലാന്‍ വയ്ക്കുക. ചിക്കന്‍ വൃത്തിയാക്കി മഞ്ഞള്‍ പൊടി, മുളക്പൊടി, കുരുമുളക് പൊടി എന്നിവ അര ടീസ്പൂണ്‍ വീതവും, മുളക് പോടി ഒരു ടേബിള്‍സ്പൂണും ഉപ്പും ചേര്‍ത്ത് നന്നായി യോജിപ്പിച്ചു വെയ്ക്കുക. ഇത് ഏകദേശം ഒരു മണിക്കൂര്‍ ഇരിക്കട്ടെ.

സവാള, തക്കാളി എന്നിവ നേര്‍മ്മയായി അരിഞ്ഞു എടുക്കുക. ഇഞ്ചി വെളുത്തുള്ളി ചതച്ചു എടുക്കുക. കുറഞ്ഞത് 3.5 ലിറ്റര്‍ ഉള്ള പ്രഷര്‍ കുക്കര്‍ ഗ്യാസില്‍ വച്ച് ചൂടാക്കുക. ഇതിലേക്ക് എണ്ണയും നെയ്യും ഒഴിക്കുക. ഏലയ്ക്ക, ഗ്രാമ്പു, കറുവാപ്പട്ട, എന്നിവ പൊട്ടിക്കുക. ഇതിലേക്ക് സവാളയും പച്ചമുളകും ചേര്‍ത്ത് വഴറ്റുക. അല്‍പ്പം ബ്രൌണ്‍ നിറം ആകുമ്പോള്‍ ഇഞ്ചിയും വെളുത്തുള്ളിയും ചേര്‍ത്ത് വഴറ്റുക. നല്ല ബ്രൌണ്‍ നിറം ആകുമ്പോള്‍ തക്കാളി ചേര്‍ത്ത് ഉടയ്ക്കുക. ഇതിലേക്ക് ബാക്കിയുള്ള മുളക് പൊടി, മഞ്ഞള്‍പ്പൊടി,ഗരംമസാലപ്പൊടി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. മസാല പുരട്ടി വച്ചിരിക്കുന്ന ചിക്കന്‍ ഇതിലേക്ക് ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. 5-6 മിനുറ്റ് നന്നായി ഇളക്കി കൊണ്ടിരിക്കുക. ചിക്കന്‍ ഉടയരുത്. ചെറുതായി ഒന്ന് ഫ്രൈ ആയി കിട്ടിയാല്‍ മതി. അടിയില്‍ പിടിക്കാതെ സൂക്ഷിക്കുക. എന്നാല്‍ വെള്ളം ചേര്‍ക്കുകയും അരുത്.

കഴുകി വാരി വച്ചിരിക്കുന്ന അരി ഇതിലേക്ക് ചേര്‍ത്ത് ഇളക്കുക. ആവശ്യത്തിന് ഉപ്പും മല്ലിയിലയും ചേര്‍ത്ത് യോജിപ്പിക്കുക. 3 ഗ്ലാസ്‌ വെള്ളം തിളപ്പിച്ച്‌ നല്ല ചൂടോടു കൂടി ഇതിലേക്ക് ചേര്‍ക്കുക. കുക്കര്‍ അടയ്ക്കുക. ആവി വരുമ്പോള്‍ വിസില്‍ ഇടുക. വെയിറ്റ് ഇട്ടതിനു ശേഷം കൃത്യം 5 മിനുറ്റ് ഇടത്തരം തീയില്‍ പാകം ചെയ്യുക. വിസില്‍ ശ്രദ്ധിക്കേണ്ടതില്ല.  5 മിനുറ്റ് കഴിയുമ്പോള്‍ തീ ഓഫാക്കുക. ആവി പോകുന്നത് വരെ വെയിറ്റ് ചെയ്യുക. അതിനു ശേഷം മാത്രം കുക്കര്‍ തുറക്കുക. തുറക്കുമ്പോള്‍ തന്നെ ഒരു പരന്ന പാത്രത്തിലേക്ക് മാറ്റുക. ഒരു ഫോര്‍ക്ക് കൊണ്ട് ഇളക്കുക. വേണമെങ്കില്‍ സവാള വറുത്തതും കശുവണ്ടിയും കിസ്മിസും ഉപയോഗിച്ച് അലങ്കരിക്കാം. സാലഡ്‌, അച്ചാര്‍, പപ്പടം എന്നിവ ചേര്‍ത്ത് കഴിക്കാം.