36 C
Kochi
Sunday, April 28, 2024
മുംബൈയില്‍ വിജയക്കൊടി പാറിച്ച് കര്‍ഷകര്‍

മുംബൈയില്‍ വിജയക്കൊടി പാറിച്ച് കര്‍ഷകര്‍

മുംബൈ: സ്വാതന്ത്ര്യാനന്തര ഇന്ത്യ കണ്ട ഏറ്റും വലിയ കര്‍ഷക പ്രക്ഷോഭത്തിന് ശുഭാന്ത്യം. കര്‍ഷകര്‍ മുന്നോട്ടു വെച്ച എല്ലാ ആവശ്യങ്ങളും അംഗീകരിക്കാമെന്ന് എട്ടംഗ സമര പ്രതിനിധികളുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയില്‍ ഉറപ്പു നല്‍കിയതോടെ സമരം പിന്‍വലിക്കുകയായിരുന്നു. 200 കിലോമീറ്ററോളം നടന്നു ചെന്ന് കര്‍ഷകര്‍ തങ്ങളുടെ അവകാശം സര്‍ക്കാരില്‍ നിന്നും പിടിച്ചു വാങ്ങുകയായിരുന്നു. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ സമരം തുടരാനായിരുന്നു തീരുമാനം.

അഖിലേന്ത്യാ കിസാന്‍സഭയുടെ നേതൃത്വത്തില്‍ പതിനായിരക്കണക്കിനു കര്‍ഷകരാണ് സമരത്തില്‍ അണിനിരന്നത്. പാര്‍ട്ടി വ്യത്യാസം മറന്ന് ജനങ്ങള്‍ ജനങ്ങളായി മാറി സമരക്കാര്‍ക്ക് പിന്നില്‍ അണി നിരന്നതോടെ സര്‍ക്കാരിന് കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ നിവര്‍ത്തി ഇല്ലെന്നതായി. കടാശ്വാസം, വനാവകാശ നിയമം നടപ്പാക്കല്‍ തുടങ്ങി ഏട്ട് ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രധാനമായും കര്‍ഷകര്‍ സമരവുമായി മുന്നോട്ട് വന്നത്. കര്‍ഷകര്‍ ഉന്നയിച്ച ആവശ്യങ്ങളെ കുറിച്ച് പഠിക്കാനും നടപ്പാക്കുന്നതിനും ആറംഗ സമിതിയെയും സര്‍ക്കാര്‍ നിയോഗിച്ചു. വിധാന്‍ സഭയിലേക്കെത്തിയ കര്‍ഷകരുടെയും ഗോത്രവിഭാഗക്കാരുടെയും ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് ഫഡ്‌നാവിസ് അറിയിച്ചിരുന്നു. നിയമസഭയില്‍ തിങ്കളാഴ്ച രാവിലെ പ്രതിപക്ഷം പ്രശ്‌നം ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. നിയമസഭയില്‍ വിഷയം അവതരിപ്പിക്കുമെന്നു ശിവസേനയും അറിയിച്ചിരുന്നു.

ഇതോടെ മൂന്ന് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവില്‍സമരം വിജയത്തിലേക്കാണ് നീങ്ങുകയായിരുന്നു. കര്‍ഷകര്‍ ഉന്നയിച്ച എട്ട് ആവശ്യങ്ങളില്‍ ആറെണ്ണവും സര്‍ക്കാര്‍ അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. വനാവകശ നിയമം രണ്ട് മാസത്തിനുള്ളില്‍ നടപ്പിലാക്കാമെന്നും സര്‍ക്കാര്‍ വാക്കു നല്‍കിയിട്ടുണ്ട്. വിളകള്‍ക്ക് താങ്ങുവില ഒന്നര ഇരട്ടിയാക്കും. മന്ത്രിമാരും കര്‍ഷക സംഘടനാ പ്രതിനധികളും ഒരുമിച്ച് വാര്‍ത്താ സമ്മേളനവും അല്‍പ്പ സമയത്തിനുള്ളില്‍ നടത്തും. എല്ലാ കര്‍ഷകര്‍ക്കും റേഷന്‍ കാര്‍ഡ് വിതരണം ചെയ്യും.

കര്‍ഷക കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഓരോരുത്തര്‍ക്കും 1.5 ലക്ഷം രൂപയുടെ കടാശ്വാസം നല്‍കും. ആദിവാസി ഭൂമി സംബന്ധിച്ച തീരുമാനം രണ്ടു മാസത്തിനകം എടുക്കും. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിന്റെ സാന്നിധ്യത്തില്‍ മന്ത്രി ഗിരീഷ് മഹാജന്റെ നേതൃത്വത്തിലായിരുന്നു കര്‍ഷക നേതാക്കളുമായി ചര്‍ച്ച നടന്നത്.

കാര്‍ഷിക കടങ്ങള്‍ പൂര്‍ണമായും എഴുതിതള്ളണമെന്നാവശ്യപ്പെട്ടാണ് മഹാരാഷ്ട്രയിലെ കര്‍ഷകര്‍ പ്രക്ഷോഭം ആരംഭിച്ചത്. വനഭൂമി കൃഷിക്കായി വിട്ടുനല്‍കുക, സ്വാമിനാഥന്‍ കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കുക, വിളനാശം സംഭവിച്ച കര്‍ഷകര്‍ക്ക് ഏക്കറിന് 40,000 രൂപവീതം നല്‍കുക, മഹാരാഷ്ട്രയുടെ ജലം ഗുജറാത്തിന് വിട്ടുനല്‍കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ആദിവാസികള്‍ അടക്കമുള്ള കര്‍ഷകരുടെ പ്രക്ഷോഭം. ഏറെക്കാലമായുള്ള ഈ ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടാതെവന്നതോടെയാണ് സമരം ശക്തമാക്കാന്‍ കര്‍ഷകര്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി 30,000 കര്‍ഷകരുടെ ലോങ് മാര്‍ച്ച് ആറാം തീയതിയാണ് നാസിക്കിലെ സിബിഎസ് ചൗക്കില്‍നിന്ന് ആരംഭിച്ചത്. സിപിഐഎമ്മിന്റെ കര്‍ഷക സംഘടനയായ അഖില ഭാരതീയ കിസാന്‍ സഭയുടെ നേതൃത്വത്തിലായിരുന്നു മാര്‍ച്ച്. പ്രതിദിനം ശരാശരി 35 കിലോമീറ്റര്‍ വീതം സഞ്ചരിച്ചാണ് കര്‍ഷകര്‍ 180 കിലോമീറ്റര്‍ സഞ്ചരിച്ച് മുംബൈയില്‍ എത്തിച്ചേര്‍ന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ സെക്രട്ടറിയേറ്റ് വളയാനായിരുന്നു തീരുമാനം.
എന്നാല്‍ മാധ്യമങ്ങള്‍ പോലും നിസ്സാരമായി അവഗണിച്ചു കളഞ്ഞ സമരം നാസിക്കില്‍ നിന്നും പുറപ്പെട്ട് ദിവസങ്ങള്‍ കഴിഞ്ഞതോടെ പിന്തുണ കൂടി. നാസിക്കില്‍ നിന്നും തുടങ്ങിയ പ്രക്ഷോഭം മുംബൈയില്‍ എത്തിയതോടെ ഒരു ലക്ഷത്തോളം പേര്‍ അണി നിരന്നു. കര്‍ഷകര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി നഗരവാസികളും സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. ഇന്ത്യയുടെ പലഭാഗത്തു നിന്നും പിന്തുണയുമെത്തിയതോടെ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവീസ് കര്‍ഷകര്‍ക്ക് മുന്നില്‍ മുട്ടുമടക്കുക ആയിരുന്നു.

കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും ശിവസേനയും അടക്കം എല്ലാ പാര്‍ട്ടികളും വൈരം മറന്ന് ഇടതു മുന്നണി തുടങ്ങി വെച്ച ഈ പ്രക്ഷോഭത്തിന് ഒപ്പം നിന്നു. ഇതോടെ സമരത്തിന് ജന പിന്തുണയും ഏറി. വളരെ സമാധാനപരിമായി നടക്കുന്ന കര്‍ഷകരുടെ ജീവിതത്തിനു വേണ്ടിയുള്ള ഈ സമരം വളരെ ആവേശത്തോടെ തന്നെ മുംബൈ നഗരത്തിലെ ജനങ്ങളും എതിരേറ്റു.

മണ്ണിന്റെ മക്കള്‍ക്ക് ഭക്ഷണം വിളമ്പി മഹാനഗരം

ഏവരുടെയും കണ്ണ് നനയിക്കുന്ന കാഴ്ചയാണ് മുംബൈ നഗരവീധികളില്‍ കാണാനായത്. രാജ്യത്തെയൊട്ടാകെ അലയൊലികള്‍ സൃഷ്ടിച്ച കര്‍ഷകരുടെ മാര്‍ച്ചിന് വലിയ പിന്തുണയാണ് മുംബൈ നഗരത്തില്‍ നിന്നും ലഭിച്ചത്.

കര്‍ഷകമാര്‍ച്ച് മുംബൈയുടെ അതിര്‍ത്തികളില്‍ കയറിയതുമുതല്‍ വളരെ ആവേശത്തോടെയാണ് നഗരവാസികള്‍ അവരെ സ്വീകരിച്ചത്. റസിഡന്റ് അസോസിയേഷനുകളുടെയും രാഷ്ട്രീയ പാര്‍ട്ടികളുടെയും മറ്റ് സംഘടനകളുടെയും ഭക്ഷണ സ്റ്റാളുകളാണ് വഴിവക്കുകളില്‍ നിറഞ്ഞിരുന്നു. ഇന്നലെ മുതല്‍ അറുതിയില്‍ വറുത്തിരിക്കുന്ന കര്‍ഷകര്‍ക്ക് വെള്ളവും അന്നവുമേകാന്‍ ഒരു വലിയ ട്രക്ക് നിറയെ ഭക്ഷണമാണ് കൊണ്ടുവന്നിരിക്കുന്നത്. ഓള്‍ ഇന്ത്യാ കിസാന്‍ സഭയുടെ സ്റ്റേറ്റ് പ്രസിഡന്റ് കിസാന്‍ ഗുജര്‍ പറയുന്നു.

റഹ്മാനി ഗ്രൂപ്പിന്റെ നേതൃത്വത്തിലുള്ള സന്നദ്ധ പ്രവര്‍ത്തകര്‍ കര്‍ഷകര്‍ക്ക് അന്നമൊരുക്കുത്തുന്നതില്‍ സജീവസാന്നിധ്യമാണ്. തങ്ങളെ എന്നും മുടങ്ങാതെ ഊട്ടിയ കര്‍ഷകര്‍ക്ക് അവര്‍ക്കുവേണ്ടതെല്ലാം ചെയ്ത് നല്‍കുകയെന്നത് തങ്ങളുടെ കടമയാണെന്ന് മുദ്രാവാക്യമുയര്‍ത്തിയാണ് ഇവരുടെ പ്രവര്‍ത്തനങ്ങളെല്ലാം. അതേസമയം ഞങ്ങള്‍ ആരുടെയും സഹായം അഭ്യര്‍ത്ഥിച്ചിട്ടില്ലെന്നും സഹജീവികള്‍ നല്‍കുന്ന സഹായം സ്നേഹത്തോടെ സ്വീകരിക്കുകയാണെന്നും നിസ്സഹായരായ കര്‍ഷകജനങ്ങള്‍ പറയുന്നു